ജറുസലം : ഗാസയിൽ വിവിധ അഭയാർത്ഥി ക്യാംപുകൾ കേന്ദ്രീകരിച്ച് 24 മണിക്കൂറിൽ ഇസ്രയേൽ സൈന്യം നടത്തിയ ബോംബാക്രമണങ്ങളിൽ 5 കുട്ടികളടക്കം 77 പലസ്തീൻകാർ കൊല്ലപ്പെട്ടു. 174 പേർക്കു പരുക്കേറ്റു.
ഗാസയിൽ വംശഹത്യയാണു ഇസ്രയേൽ നടത്തുന്നതെന്നു വ്യക്തമാണെന്നു വൈദ്യസഹായ രംഗത്തെ രാജ്യാന്തര സന്നദ്ധസംഘടനയായ ‘ഡോക്ടേഴ്സ് വിതൗട്ട് ബോർഡേഴ്സ്’ പുതിയ റിപ്പോർട്ടിൽ പറയുന്നു. ഗാസയിൽ ഇസ്രയേൽ ആക്രമണങ്ങളിൽ ഇതുവരെ 45,206 പലസ്തീൻകാർ കൊല്ലപ്പെട്ടു. 1,07,512 പേർക്കു പരുക്കേറ്റു.
അതിനിടെ, യുഎൻ പലസ്തീൻ അഭയാർത്ഥി സംഘടനയായ യുഎൻആർഡബ്ല്യൂഎയുടെ പ്രവർത്തനം ഇസ്രയേൽ നിരോധിച്ച പശ്ചാത്തലത്തിൽ സ്വീഡൻ സഹായം നൽകുന്നതു നിർത്തി. ഗാസയ്ക്കുള്ള സഹായം മറ്റേതെങ്കിലും മാർഗത്തിലാകും ഇനി നൽകുക. യുഎൻ ഏജൻസിക്ക് ഹമാസ് ബന്ധമുണ്ടെന്നാരോപിച്ചാണ് ഇസ്രയേൽ വിലക്കേർപ്പെടുത്തിയത്. പലസ്തീൻ പ്രദേശങ്ങളിലെ ദുരിതാശ്വാസ, വിദ്യാഭ്യാസ പ്രവർത്തനങ്ങളിൽ നിർണായകപങ്കാണ് യുഎൻ ഏജൻസിക്കുള്ളത്.