കോഴിക്കോട്: പെട്രോൾ പമ്പ് തുടങ്ങാൻ കണ്ണൂർ എ.ഡി.എമ്മായിരുന്ന നവീൻ ബാബുവിന് കൈക്കൂലി നൽകിയെന്ന ആരോപണത്തിൽ വിജിലൻസ് അന്വേഷണം ആരംഭിച്ചു. 98,500 രൂപ കൈക്കൂലിയായി നൽകിയെന്ന വെളിപ്പെടുത്തലിന്റെ അടിസ്ഥാനത്തിൽ ടി.വി. പ്രശാന്തിനെതിരെ കേസെടുക്കണമെന്ന് ആവശ്യപ്പെട്ട് വിജിലൻസിന് ലഭിച്ച പരാതിയിലാണ് അന്വേഷണം.
കോഴിക്കോട് വിജിലൻസ് സ്പെഷൽ സെൽ എസ്.പി കെ.പി. അബ്ദുൽ റസാഖിനാണ് അന്വേഷണ ചുമതല. നവീൻ ബാബു കൈക്കൂലി വാങ്ങിയെന്ന ആരോപണവും പരിശോധിക്കും. ചെങ്ങളായിയിൽ പെട്രോൾ പമ്പ് തുടങ്ങുന്നതിന് എൻ.ഒ.സി നൽകുന്നതുമായി ബന്ധപ്പെട്ട് കോഴ നൽകിയെന്ന പരാതി ഇ-മെയിലായി സർക്കാരിന് ലഭിച്ചിരുന്നു. തുടർന്നാണ് പരാതിയിൽ തീർപ്പ് കൽപിക്കാൻ വിജിലൻസ് ഡയറക്ടർ നിർദ്ദേശിച്ചത്.
നവീൻ ബാബുവിന് പണം നൽകിയെന്ന ആരോപണം വസ്തുതാപരമാണോ എന്നാണ് പ്രധാനമായി അന്വേഷിക്കുന്നത്. പെട്രോൾ പമ്പിന്റെ അനുമതിക്ക് പണം നൽകിയെന്നാണ് ടി.വി. പ്രശാന്ത് വെളിപ്പെടുത്തിയത്. അന്വേഷണത്തിന്റെ ഭാഗമായി വിജിലൻസ് എസ്.പി പ്രശാന്തിനെ നേരിൽ കണ്ട് മൊഴിയെടുത്തിരുന്നു.