തിരുവനന്തപുരം : കൈക്കൂലി വാങ്ങുന്നതിനിടെ ഇന്ത്യൻ ഓയിൽ കോർപറേഷൻ ഡെപ്യൂട്ടി ജനറല്‍ മാനേജര്‍ (സെയിൽസ്) വിജിലൻസ് പിടിയിൽ. ഇന്ത്യൻ ഓയിൽ കോർപറേഷൻ പനമ്പള്ളി നഗർ ഓഫീസിലെ അലക്സ് മാത്യുവിനെയാണ് തിരുവനന്തപുരത്ത് വെച്ച് വിജിലൻസ് സ്പെഷ്യൽ യൂണിറ്റ് 1അറസ്റ്റ് ചെയ്തത്. കവടിയാർ സ്വദേശി മനോജ് നൽകിയ പരാതിയിലാണ് അറസ്റ്റ്.
ഏജൻസിയിലേക്ക് ഗ്യാസ് ലഭിക്കാനായി പണം നൽകണമെന്നായിരുന്നു ഉദ്യോഗസ്ഥൻ്റെ നിലപാട്. പലതവണ ഗ്യാസ് ഏജൻസി ഉടമയായ മനോജിനോട് ഇദ്ദേഹം പണം ആവശ്യപ്പെട്ട് ഭീഷണിപ്പെടുത്തി. പണം നൽകിയില്ലെങ്കിൽ മനോജിന്റെ കടയ്ക്കലിലെ ഏജൻസിയിൽ നിന്ന് ഉപഭോക്താക്കളെ മറ്റ് ഏജൻസികളിലേക്ക് മാറ്റുമെന്നും അല്ലെങ്കിൽ 10,00000 രൂപ നൽകണമെന്നും അലക്സ് ആവശ്യപ്പെട്ടു. 2 ലക്ഷം രൂപ ആദ്യ ഘഡു കൈക്കൂലി കൈപ്പറ്റാൻ മനോജിൻ്റെ കവടിയാറിലെ വീട്ടിലെത്തിയപ്പോഴാണ് വിജിലൻസ് പിടിയിലായത്. അലക്സ് മാത്യുവിന്റെ വാഹനത്തിൽ നിന്നും ഒരു ലക്ഷം രൂപ കൂടി കണ്ടെടുത്തു.
നേരത്തെ 10 ലക്ഷം രൂപ ചോദിച്ചിട്ട് നൽകാത്തതിന് സ്റ്റാഫുകളെ ഇയാൾ ട്രാൻഫർ ചെയ്തിരുന്നു. നിവർത്തികേടുകൊണ്ട് പരാതി നൽകിയതാണെന്നും. പല ഏജൻസികളിൽ നിന്ന് ഇയാൾ പണം വാങ്ങിയിട്ടുണ്ട്. ധൈര്യമില്ലാത്തതിനാൽ ആരും പരാതി നൽകാത്തതാണെന്നും ഗ്യാസ് ഏജൻസി ഉടമ മനോജ് പറഞ്ഞു. വർഷങ്ങളായി ഇയാൾ ഭീഷണിപ്പെടുത്തിയാണ് പണം വാങ്ങാറുള്ളതെന്നും കൃത്യമായ തെളിവുകൾ കൈയ്യിലുണ്ടെന്നും മനോജ് പറയുന്നു.
ഐഒസിക്ക് കീഴിൽ നിരവധി ഗ്യാസ് ഏജൻസികളുടെ ഉടമയാണ് മനോജ്. ആദ്യം കടയ്ക്കലിൽ ഒരു ഏജൻസി മാത്രമെ ഇയാൾക്ക് ഉണ്ടായിരുന്നുള്ളൂ. പിന്നീടാണ് 3 ഏജൻസികൾ കൂടി കടയ്ക്കലിൽ മനോജിന്റേതായി വന്നത്. അതേസമയം, അലക്സ് മാത്യുവിന്റെ പനമ്പള്ളിയിലെ വീട്ടിൽ റെയ്‌ഡ് നടക്കുകയാണ്. ഇയാളുടെ അറസ്റ്റ് രേഖപ്പെടുത്തി.