ന്യൂഡല്‍ഹി : ജനാധിപത്യ സംവിധാനത്തിൽ പ്രതിഷേധമാകാമെങ്കിലും ജനങ്ങൾക്ക് ബുദ്ധിമുട്ടുണ്ടാക്കരുതെന്ന് സുപ്രീംകോടതി. പഞ്ചാബിലെ ഹരിയാണ അതിർത്തിയിൽ നടക്കുന്ന കർഷകസമരവുമായി ബന്ധപ്പെട്ടാണ് ജസ്റ്റിസുമാരായ സൂര്യകാന്ത്, ഉജ്ജൽ ഭൂയൻ എന്നിവരുടെ ബെഞ്ചിന്റെ നിരീക്ഷണം. ഖനോരി അതിർത്തിയിൽ നിരാഹാരസമരം തുടങ്ങാനിരിക്കെ കർഷകനേതാവ് ജഗ്ജിത് സിങ് ദല്ലേവാളിനെ കഴിഞ്ഞ 26-ന് പോലീസ് ആശുപത്രിയിലാക്കിയതിനെതിരേ നൽകിയ ഹേബിയസ് കോർപസ് ഹർജി പരിഗണിക്കുകയായിരുന്നു കോടതി.
ദല്ലേവാളിനെ പോലീസ് മോചിപ്പിച്ചെന്നു ചൂണ്ടിക്കാട്ടിയ ബെഞ്ച് ഹർജി തള്ളി.
കർഷകസമരം ശരിയോ തെറ്റോ എന്നതിൽ അഭിപ്രായംപറയുന്നില്ലെന്ന് കോടതി പറഞ്ഞു. പഞ്ചാബിന് ഖനോരി അതിർത്തി പ്രധാനമാണെന്ന് എല്ലാവർക്കുമറിയാം. അതിർത്തിയിൽ നിയമംപാലിച്ച് ജനങ്ങൾക്ക് ബുദ്ധിമുട്ടുണ്ടാക്കാതെ സമരംചെയ്യാൻ പ്രതിഷേധക്കാരോടുപറയാൻ ദല്ലേവാളിനാകുമെന്നും കോടതി ചൂണ്ടിക്കാട്ടി. ഖനോരിയിൽ തിരിച്ചെത്തിയ ദല്ലേവാൾ വെള്ളിയാഴ്ചമുതൽ നിരാഹാരസമരത്തിലാണ്.