കൊച്ചി: വിഴിഞ്ഞത്ത് നിന്ന് കൊച്ചി തുറമുഖത്തേക്കുള്ള യാത്രാമദ്ധ്യേ ചരക്കുകപ്പല്‍ അപകടത്തില്‍പ്പെട്ടു. അപകടരമായ വസ്തുക്കൾ അടങ്ങിയ കണ്ടൈനറുകൾ കടലിൽ വീണതായി അറിയിപ്പുള്ളതിനാൽ ദുരന്തനിവാരണ അതോറിറ്റി ജാഗ്രതാനിര്‍ദ്ദേശം പുറപ്പെടുവിച്ചിട്ടുണ്ട്. ഈ കണ്ടെയ്നറുകൾ തീരത്ത് അടിഞ്ഞാൽ പൊതുജനം അടുത്ത് പോകുകയോ തൊടുകയോ ചെയ്യരുതെന്നാണ് നിർദ്ദേശം. ഇവ കണ്ടാൽ ഉടൻ 112 എന്ന നമ്പറിൽ വിവരം അറിയിക്കാനും നിർദ്ദേശമുണ്ട്. കടൽ തീരത്ത് എണ്ണപ്പാട ഉണ്ടാക്കാൻ സാദ്ധ്യതയുണ്ട്. കണ്ടെയ്‌നറുകൾ ഒഴുകി നടക്കുന്നത് സംബന്ധിച്ച വിവരം കോസ്റ്റ് ഗാർഡാണ് സംസ്ഥാന ദുരന്ത നിവാരണ വിഭാഗത്തിന് കൈമാറിയത്.
ലൈബീരിയന്‍ ഫ്‌ളാഗുള്ള എം.എസ്.സി എല്‍സ3 എന്ന കാര്‍ഗോ ഷിപ്പാണ് അപകടത്തില്‍പ്പെട്ടത്. ഇതിലുണ്ടായിരുന്ന 24 ജീവനക്കാരില്‍ ഒമ്പത് പേരെ രക്ഷപ്പെടുത്തിയിട്ടുണ്ട്. 15 പേര്‍ക്കായി രക്ഷാപ്രവർത്തനം നടക്കുന്നു. രക്ഷാപ്രവര്‍ത്തനത്തിനായി കോസ്റ്റ്ഗാര്‍ഡും നേവിയും രംഗത്തുണ്ട്
കൊച്ചിയിൽ നിന്നു 38 നോട്ടിക്കൽ മൈൽ അകലെയാണ് അപകടമുണ്ടായത്. മറൈൻ ഗ്യാസ് ഓയിൽ, സൾഫർ ഫ്യുവൽ ഓയിൽ എന്നിവയാണ് കണ്ടെയ്നറിൽ ഉണ്ടായിരുന്നത്. 84.4 മെട്രിക്ക് ടൺ മറൈൻ ഗ്യാസ് ഓയിലാണ് കടലിൽ പതിച്ചതെന്നും വിവരമുണ്ട്. കപ്പൽ ചരിഞ്ഞപ്പോൾ കണ്ടെയ്‌നർ വെള്ളത്തിൽ വീണുവെന്നും ഒപ്പം കപ്പലിലുണ്ടായിരുന്ന എണ്ണയും കടലിൽ വീണതായാണ് കോസ്റ്റ് ഗാർഡ് നൽകുന്ന വിവരം. കടലിൽ കണ്ടെയ്‌നറുകൾ കണ്ടെത്തിയ ഭാഗത്തേക്ക് കോസ്റ്റ് ഗാർഡ് തിരിച്ചിട്ടുണ്ട്. തീരദേശ പൊലീസിനും മലിനീകരണ നിയന്ത്രണ ബോർഡിനും വിവരം കൈമാറിയിട്ടുണ്ട്.