കൊച്ചി: വയനാടിനുള്ള ദുരന്ത സഹായത്തിൽ വ്യക്തത വരുത്താതെ കേന്ദ്ര സർക്കാർ വീണ്ടും ഹൈക്കോടതിയിൽ. നടപടികൾ പുരോഗമിക്കുകയാണെന്ന പഴയ പല്ലവി ആവർത്തിച്ച കേന്ദ്രം വ്യവസ്ഥകൾക്ക് വിധേയമായി 153 കോടി ദേശീയ ദുരന്ത നിവാരണ ഫണ്ടിൽ നിന്ന് അനുവദിച്ചെന്നുമാണ് ഹൈക്കോടതിയെ അറിയിച്ചത്.
വയനാട്ടിലെ ഉരുൾപൊട്ടൽ ദുരന്തത്തിൽ എല്ലാം നഷ്ടപ്പെട്ടവരെ പുനരധിവസിപ്പിക്കാൻ 2219 കോടിയുടെ കേന്ദ്ര സഹായം വേണമെന്ന് സംസ്ഥാന സർക്കാർ നിരന്തരം ആവശ്യപ്പെട്ടു കൊണ്ടിരിക്കുന്നതിനിടയിലാണ് വിഷയത്തിൽ കേന്ദ്ര സർക്കാരിന്‍റെ അലസമായ മറുപടി. മണ്ണും കിടപ്പാടവും നഷ്ടപ്പെട്ട നൂറുകണക്കിനാളുകളെ സാധാരണ ജീവിതത്തിലേക്ക് തിരികെ കൊണ്ടുവരാൻ സംസ്ഥാനത്തെക്കൊണ്ട് മാത്രം കഴിയില്ലെന്ന് കേരളം ഹൈക്കോടതിതന്നെ പലകുറി വ്യക്തമാക്കിയിട്ടും കേവലം നടപടിക്രമങ്ങളുടെ പേരിൽ ധനസഹായം വൈകിപ്പിക്കുന്ന സമീപനമാണ് കേന്ദ്ര സർക്കാർ തുടരുന്നത്. ഏറ്റവും പുതുതായി സമർപ്പിച്ച സത്യവാങ്മൂലത്തിലും വയനാടിനെ പുനരധിവസിപ്പിക്കാനുള്ള ഒരു പാക്കേജും കേന്ദ്രം വ്യക്തമാക്കുന്നില്ല. നടപടിക്രമങ്ങൾ പുരോഗമിക്കുന്നുവെന്ന ആവർത്തിച്ച വിശദീകരണം മാത്രം.
ദേശീയ ദുരന്ത നിവാരണ ഫണ്ടിൽ നിന്നും 153. 4 കോടി രൂപ കേരളത്തിന് അനുവദിക്കാൻ ഇക്കഴിഞ്ഞ നവംബർ 16ന് തീരുമാനിച്ചു എന്നാണ് അറിയിപ്പ്. ഒപ്പം, സംസ്ഥാന ദുരന്ത നിവാരണ അതോറിറ്റിയുടെ കൈവശമുളള അൻപത് ശതമാനം തുക ചെലവഴിച്ചെങ്കിൽ മാത്രമേ ഈ തുക കൈമാറൂ എന്ന വ്യവസ്ഥയും കേന്ദ്ര സർക്കാർ മുന്നോട്ടു വെച്ചിട്ടുണ്ടെന്നതാണ് കൗതുകം. ഇതിനിടെ വയനാട്ടിൽ കഴിഞ്ഞ ദിവസം യുഡിഎഫ് – എൽഡിഎഫ് ഹർത്താൽ നടത്തിയതിനെ ഹൈക്കോടതി രൂക്ഷമായി വിമർശിച്ചു. അതുകൊണ്ട് എന്ത് നേടിയെന്നും കോടതി ചോദിച്ചു. ഇത്തരം നിരുത്തരവാദപരമായ സമീപനം പാടില്ല. ഇക്കാര്യത്തിൽ കോടതിയുടെ അതൃപ്തി സർക്കാരിനെ അറിയിക്കണമെന്നും ഡിവിഷൻ ബെഞ്ച് നിർദ്ദേശിച്ചു