ന്യൂഡല്‍ഹി: ലോക്കോ പൈലറ്റുമാര്‍ ആല്‍ക്കഹോള്‍ ഇതര പാനീയങ്ങള്‍ കഴിക്കുന്നതില്‍ യാതൊരു നിയന്ത്രണവും ഇല്ലെന്ന് കേന്ദ്ര റെയില്‍ മന്ത്രി അശ്വിനി വൈഷ്ണവ്. രാജ്യസഭയില്‍ എഴുതി നല്‍കിയ മറുപടിയിലാണ് മന്ത്രി ഇക്കാര്യം വിശദീകരിച്ചത്.
ഡിഎംഡികെ എംപി വൈക്കോയും ഡിഎംകെ എംപി എം. ഷണ്‍മുഖനുമാണ് ഇത് സംബന്ധിച്ച ചോദ്യം ഉന്നയിച്ചത്. തീവണ്ടി ഓടിക്കുന്നവര്‍ ജോലിക്കെത്തും മുന്‍പോ ജോലിസമയത്തോ സോഫ്റ്റ് ഡ്രിങ്കുകള്‍, പഴങ്ങള്‍, കഫ് സിറപ്പ്, കരിക്കിന്‍വെള്ളം എന്നിവ കഴിക്കരുതെന്ന് ദക്ഷിണ റെയില്‍വേ ഏതെങ്കിലും സര്‍ക്കുലര് പുറപ്പെടുവിച്ചിട്ടുണ്ടോയെന്നായിരുന്നു ചോദ്യം. അങ്ങനെയുണ്ടെങ്കില്‍ ഈ ചൂടുകാലത്ത് അവരോട് കാണിക്കുന്ന അധാര്‍മ്മികവും മനുഷ്യത്വരഹിതവുമായ പ്രവർത്തിയാകുമിതെന്നും ഇവര്‍ ചൂണ്ടിക്കാണിച്ചു. ‘
നോണ്‍ ആല്‍ക്കഹോളിക് പാനീയങ്ങൾ ഉപയോഗിക്കുന്നതിന് ലോക്കോപൈലറ്റുമാര്‍ക്ക് യാതൊരു നിയന്ത്രണവും ഏര്‍പ്പെടുത്തിയിട്ടില്ല. ചില വസ്തുക്കളുടെ ഉപഭോഗം തടയുന്നതിനായി ദക്ഷിണ റെയില്‍വേ സ്വീകരിച്ച നടപടിയില്‍ ഇതിനകം തന്നെ തിരുത്തല്‍ വരുത്തിയിട്ടുണ്ടെന്നും മന്ത്രി വിശദീകരിച്ചു.
കരിക്കിന്‍വെള്ളം ഹോമിയോ മരുന്നുകള്‍, ചിലതരം വാഴപ്പഴങ്ങള്‍, ചുമ മരുന്നുകളില്‍പ്പെട്ട സിറപ്പുകള്‍, ലഘുപാനീയങ്ങള്‍, മൗത്ത് വാഷ് എന്നിവയും ഉപയോഗിക്കരുതെന്ന് നേരത്തെ ദക്ഷിണ റെയില്‍വേ ഉത്തരവിറക്കിയതായി ആരോപണമുയര്‍ന്നിരുന്നു.