കൽപ്പറ്റ: വയനാട് മുണ്ടക്കൈ, ചൂരൽമല ഉരുൾപൊട്ടലിനെ ദേശീയദുരന്തമായി പ്രഖ്യാപിക്കാത്തതിലും കേന്ദ്രസഹായം വൈകുന്നതിനെതിരെയും എൽ.ഡി.എഫും യു.ഡി.എഫും ആഹ്വാനം ചെയ്ത ഹർത്താൽ തുടങ്ങി.
വിവിധസംഘടനകളും ഹർത്താലിന് പിന്തുണ പ്രഖ്യാപിച്ചിട്ടുണ്ട്. രാവിലെ ആറുമുതൽ വൈകിട്ട് ആറുമണിവരെയാണ് ഹർത്താൽ. ഹർത്താലിനോട് വ്യാപാരി വ്യവസായി ഏകോപന സമിതി ഐക്യദാർഢ്യം പ്രഖ്യാപിച്ചിട്ടുള്ളതിനാൽ കട കമ്പോളങ്ങൾ അടഞ്ഞുകിടക്കുകയാണ്.
ജില്ലയിൽ കെ.എസ്.ആർ.ടി.സി ബസുകളുടെ സർവ്വീസ് മാത്രമാണുള്ളത്. മൂന്ന് ഡിപ്പോകളിൽ നിന്ന് പോലീസ് സംരക്ഷണത്തിൽ കെ.എസ്.ആർ.ടി.സി സർവ്വീസ് നടത്തുമെന്ന് അറിയിച്ചിട്ടുണ്ട്.
മറ്റ് ജില്ലകളിൽ നിന്നും സംസ്ഥാനങ്ങളിൽ നിന്നും വരുന്ന ചരക്ക് വാഹനങ്ങൾ ഇപ്പോൾ നിരത്തിലുണ്ട്. എന്നാൽ, വയനാട്ടിലെ ലക്കിടിയിൽ സമരാനുകൂലികൾ വാഹനങ്ങൾ തടയാനുള്ള ശ്രമം നടക്കുന്നുണ്ട്.