ചാമ്പ്യന്‍സ് ട്രോഫി : അഫ്ഗാന് മുന്നിൽ മുട്ടുമടക്കി ഇംഗ്ലണ്ട് ; സെമി കാണാതെ പുറത്ത്

Date:

ലാഹോര്‍: ചാമ്പ്യന്‍സ് ട്രോഫി ക്രിക്കറ്റില്‍ നിന്ന് സെമി കാണാതെ ഇംഗ്ലണ്ട് പുറത്ത്. ഗ്രൂപ്പ് ബി യിലെ മത്സരത്തില്‍ അഫ്ഗാനിസ്ഥാനോട് തോറ്റതോടെയാണ് ഇംഗ്ലണ്ട് പുറത്തായത്. എട്ട് റണ്‍സിനാണ് അഫ്ഗാന്റെ ജയം. അഫ്ഗാനിസ്താന്‍ ഉയര്‍ത്തിയ 326 റണ്‍സ് വിജയലക്ഷ്യത്തിലേക്ക് ബാറ്റേന്തിയ ഇംഗ്ലണ്ട് 317 റണ്‍സിന് പുറത്തായി. ജോ റൂട്ടിന്റെ സെഞ്ചുറി വിഫലമായി. ആദ്യ മത്സരത്തില്‍ ഓസീസിനോടാണ് ഇംഗ്ലണ്ട് തോറ്റത്. ജയത്തോടെ അഫ്ഗാന്‍ സെമി പ്രതീക്ഷ സജീവമാക്കി.

അഫ്ഗാനിസ്ഥാന്‍ ഉയര്‍ത്തിയ 326 റണ്‍സ് വിജയലക്ഷ്യവുമായി ബാറ്റിങ്ങിനിറങ്ങിയ ഇംഗ്ലണ്ടിന് തുടക്കത്തില്‍ തന്നെ ഓപ്പണര്‍ ഫിലിപ് സാള്‍ട്ടിനെ(12)നഷ്ടമായി. പിന്നീട് ക്രീസിലെത്തിയ ജേമി സ്മിത്തും(9) നിലയുറപ്പിക്കാനാകാതെ മടങ്ങിയതോടെ ഇംഗ്ലണ്ട്  പരുങ്ങലിലായി.  30-2 എന്ന നിലയിൽ നിന്ന് മൂന്നാം വിക്കറ്റില്‍ ബെന് ഡക്കറ്റും ജോ റൂട്ടും ചേര്‍ന്നാണ് പിന്നീട് രക്ഷാപ്രവര്‍ത്തനത്തിന് തുടക്കമിട്ടത്. ശ്രദ്ധയോടെ ബാറ്റേന്തിയ ഇരുവരും ചേര്‍ന്ന് സ്‌കോര്‍ നൂറിനടുത്തെത്തിച്ചു. 38 റണ്‍സെടുത്ത ഡക്കറ്റിനെ എല്‍.ബി.ഡബ്യുവില്‍ കുരുക്കി റാഷിദ് ഖാന്‍. അധികം വൈകാതെ ഹാരിസ് ബ്രൂക്കും(25) കൂടാരം കയറിയതോടെ ഇംഗ്ലണ്ട് 133-4 എന്ന നിലയിലായി.

റൂട്ടും ജോസ് ബട്ട്‌ലറും ചേര്‍ന്ന് അഞ്ചാം വിക്കറ്റില്‍ മികച്ച കൂട്ടുകെട്ട് പടുത്തുയര്‍ത്തിയതോടെ ഇംഗ്ലണ്ട് മത്സരത്തിലേക്ക് തിരിച്ചുവന്നു. ഇരുവരും ചേര്‍ന്ന് ടീം സ്‌കോര്‍ 200-കടത്തി. ഈ കൂട്ടുകെട്ട് ഇംഗ്ലണ്ടിനെ വിജയത്തിലെത്തിക്കുമെന്ന് തോന്നിച്ചെങ്കിലും അസ്മത്തുള്ളയിലൂടെ അഫ്ഗാന്‍ തിരിച്ചടിച്ചു. 38 റൺസെടുത്ത ബട്ട്‌ലറെ റഹ്‌മത് ഷായുടെ കൈകളിലൊതുങ്ങി. പിറകെ 10 റണ്‍സെടുത്ത് ലിയാം ലിവിങ്സ്റ്റണും മടങ്ങി.

അഫ്ഗാന്‍ ബൗളര്‍മാരെ കരുതലോടെ നേരിട്ട ജോ റൂട്ട് സെഞ്ചുറി തികച്ച് ടീമിന് ജയപ്രതീക്ഷ സമ്മാനിച്ചു. ഒപ്പം ജേമി ഒവര്‍ടണും പിന്തുണ നല്‍കി. അവസാനഓവറുകളിൽ ഇരുവരെയും പുറത്താക്കിയ അഫ്ഗാന്‍ ബൗളര്‍മാര്‍ ടീമിനെ ജയത്തിലെത്തിച്ചു. റൂട്ട് 120 റണ്‍സും ഒവര്‍ട്ടണ്‍ 32 റണ്‍സുമെടുത്തു. പിന്നീടിറങ്ങിയവർക്കൊന്നും ഇംഗ്ലണ്ടിനെ വിജയത്തിലെത്തിക്കാനായില്ല. 317 റൺസിന് ഓൾ ഔട്ട്!

നേരത്തേ നിശ്ചിത 50-ഓവറില്‍ ഏഴ് വിക്കറ്റ് നഷ്ടത്തില്‍ 325 റണ്‍സാണ് അഫ്ഗാനിസ്താനെടുത്തത്. ടോസ് നേടി ബാറ്റിങ് തിരഞ്ഞെടുത്ത അഫ്ഗാന് 15 റണ്‍സെടുക്കുന്നതിനിടെരണ്ടു വിക്കറ്റ് നഷ്ടമായി. ഓപ്പണര്‍ റഹ്‌മാനുള്ള ഗുര്‍ബാസ് ആറ് റണ്‍സ് മാത്രമെടുത്ത് പുറത്തായി. പിന്നാലെ സെദിഖുള്ള അതലിനെയും (4) കൂടാരം കയറ്റി ജൊഫ്ര ആര്‍ച്ചർ ഇംഗ്ലണ്ടിന് ഗംഭീര തുടക്കം സമ്മാനിച്ചു. റഹ്‌മത്തുള്ള ഷായ്ക്കും കാര്യമായൊന്നും ചെയ്യാനായില്ല. അതോടെ അഫ്ഗാന്‍ 37-3 എന്ന നിലയിലേക്ക് വീണു.

നാലാം വിക്കറ്റില്‍ ഒന്നിച്ച ഇബ്രാഹിം സദ്രാനും ഹഷ്മത്തുള്ള ഷാഹിദിയുമാണ് അഫ്ഗാൻ്റെ രക്ഷകരായത്. ക്രീസില്‍ നിലയുറപ്പിച്ച്  ഇരുവരും ടീം സ്‌കോര്‍ നൂറ് കടത്തി. സ്‌കോര്‍ 140-ല്‍ നില്‍ക്കേ ഹഷ്മത്തുള്ളയെ (40) നഷ്ടപ്പെട്ടുവെങ്കിലും  പിന്നീട് ക്രീസിലെത്തിയ അസ്മത്തുള്ള ഒമര്‍സായിയേയും കൂട്ടുപിടിച്ച് സദ്രാന്‍ അഫ്ഗാന്‍ സ്‌കോറുയര്‍ത്തി. വിക്കറ്റുകള്‍ വീഴുമ്പോഴും ഇംഗ്ലീഷ് ബൗളര്‍മാരെ ശ്രദ്ധയോടെ നേരിട്ട ഇബ്രാഹിം സദ്രാന്റെ സെഞ്ചുറി തികച്ച് മുന്നോട്ട് കുതിച്ചു. ഓമര്‍സായി (41) പുറത്തായതോടെ പിന്നീട് മുഹമ്മദ് നബിയുമൊത്ത് സദ്രാന്‍ അടിച്ചുകളിച്ചു. അതോടെ ടീം മുന്നൂറ് കടന്നു. 146 പന്തില്‍ നിന്ന് 12 ഫോറും ആറ് സിക്സുമടക്കം
177 റണ്‍സെടുത്താണ് സദ്രാന്‍ പുറത്തായത്. മുഹമ്മദ് നബി 40 റണ്‍സെടുത്തു. ഒടുവില്‍ ഏഴ് വിക്കറ്റ് നഷ്ടത്തില്‍ 325 റണ്‍സിന് അഫ്ഗാന്‍ ഇന്നിങ്‌സ് പൂർത്തിയാക്കി. ചാമ്പ്യൻസ് ട്രോഫിയിൽ ഏറ്റവും ഉയർന്ന വ്യക്തിഗത സ്കോർ എന്ന നേട്ടവും ഇതോടെ
ഇബ്രാഹിം സദ്രാന്റെ പേരിലായി

https://twitter.com/Ashsay_/status/1894798598774431829?t=ycaazZMh_W7llpb4lkVqHw&s=19

Share post:

Popular

More like this
Related

ഒരു താരവും അവിഭാജ്യ ഘടകമല്ല, ഞങ്ങൾക്ക് മറ്റു വഴികളുണ്ട്; നിർമ്മാതാക്കളുടെ സമരത്തിന് പിന്തുണയുമായി ഫിലിം ചേംബർ

കൊച്ചി : താരങ്ങൾ പ്രതിഫലം കുറയ്ക്കണമെന്നാവശ്യപ്പെട്ടുകൊണ്ട് നിർമ്മാതാക്കളുടെ സംഘടന നടത്തുന്ന സമരത്തിന്...

സംഘടനകള്‍ക്ക് വഴങ്ങി ആന്റണി പെരുമ്പാവൂർ ; സുരേഷ് കുമാറിനെതിരായ ഫേസ്ബുക്ക് പോസ്റ്റ് പിന്‍വലിച്ചു

കൊച്ചി : നിര്‍മ്മാതാവും പ്രൊഡ്യൂസേഴ്‌സ് അസോസിയേഷന്‍ വൈസ് പ്രസിഡന്റുമായ ജി. സുരേഷ്...