നിരുപമ എസ്
തിരുവനന്തപുരം: തൊഴിലിടങ്ങളില്‍ ലിംഗ നീതി ഉറപ്പാക്കുക എന്ന മുദ്രാവാക്യവുമായി, കലാരംഗത്ത് സജീവ സാന്നിദ്ധ്യമായ ‘ഊരാളി’ മ്യൂസിക് ബാന്‍ഡ് സംഘടിപ്പിച്ച ‘സോറി മാര്‍ച്ച്’ തിരുവനന്തപുരത്ത് സമാപിച്ചു. മലയാള സിനിമയിലെ ലിംഗ വിവേചനങ്ങളും അനീതികളും വെളിപ്പെടുത്തിയ ഹേമ കമ്മിറ്റി റിപ്പോര്‍ട്ട് ശുപാര്‍ശകള്‍ നടപ്പാക്കണെന്നാവശ്യപ്പെട്ടുള്ളതാണ് സോറി മാര്‍ച്ച്.
ഹേമ കമ്മിറ്റി റിപ്പോര്‍ട്ട് പുറത്തുവന്നിട്ടും കുറ്റാരോപിതര്‍ക്കും പ്രതികള്‍ക്കും എതിരെ നടപടിയെടുക്കാന്‍ വൈകുന്നതിനെതിരെ സപ്തംബര്‍ ആറിന് തൃശൂരില്‍ നിന്നാണ് സോറി മാര്‍ച്ചിൻ്റെ തുടക്കം. തൊഴിലിടങ്ങളില്‍ പൊതുവായി ലഭിക്കേണ്ട തുല്യനീതിയെന്ന ആവശ്യവും സോറി മാര്‍ച്ച് ഉന്നയിച്ചു.
”ഒരു സോറി പറഞ്ഞാല്‍ തീരുന്നതല്ല പല പ്രശ്‌നങ്ങളും. അനീതികള്‍ സംഭവിക്കുമ്പോള്‍ അതിനെതിരെ ശബ്ദമുയര്‍ത്തുക തന്നെ വേണം. കാലാകാലങ്ങളായി മോശം അനുഭവങ്ങള്‍ക്കിരയായവരോടും അതിജീവതകളോടും മാപ്പ് പറഞ്ഞുകൊണ്ട് മാറ്റത്തിന് തുടക്കമിടാന്‍ ശ്രമിക്കുകയാണ്, ശബ്ദമുയര്‍ത്തുകയാണ് ‘ ഊരാളി ബാന്‍ഡിലെ കലാകാരന്‍മാര്‍ പറഞ്ഞു.
കുറ്റാരോപിതരെ അധികാര സ്ഥാനങ്ങളില്‍ നിന്നു മാറ്റി നിര്‍ത്തി അന്വേഷണം നടത്തുക., പോക്‌സോ കേസില്‍ ഉള്‍പ്പെട്ടിട്ടുള്ളവരെ ഉടന്‍ അറസ്റ്റു ചെയ്യുക., കുറ്റവാളികളെ അനധികൃതമായി സംരക്ഷിക്കാന്‍ അധികാരദുരുപയോഗം നടത്തിയവര്‍ക്കെതിരെ കര്‍ശനമായ നിയമനടപടികള്‍ സ്വീകരിക്കുക., തുറന്നു പറഞ്ഞ അതിജീവിതര്‍ക്ക് നിയമ സഹായവും പരിരക്ഷയും ഉറപ്പു വരുത്തുക., തൊഴിലിടങ്ങളില്‍ തുല്യ നീതിയും വേതനവും സംരക്ഷണവും അടിസ്ഥാന സൗകര്യങ്ങളും ഉറപ്പു വരുത്തുക., തങ്ങള്‍ക്കു നേരിട്ട അക്രമങ്ങള്‍ തുറന്നു പറയുന്നവരെ ആക്ഷേപിച്ചും ആക്രമിച്ചും നിശബ്ദരാക്കാന്‍ തുനിയുന്നവര്‍ക്കെതിരെ നടപടിയെടുക്കുക., കേരളത്തിന്റെ കലാസാംസ്‌കാരിക നയം, പൊതുജനപങ്കാളിത്തത്തോടെ ജനാധിപത്യ മൂല്യങ്ങള്‍ക്കനുസൃതമായി കാലാകാലങ്ങളില്‍ പരിഷ്‌കരിക്കാന്‍ കഴിയുംവിധം രൂപപ്പെടുത്തുക. എന്നീ ആവശ്യങ്ങളാണ് സോറി മാര്‍ച്ച് മുന്നോട്ട് വയ്ക്കുന്നത്. ഇതോടൊപ്പം, പൊതുജനാഭിപ്രായങ്ങളും നിര്‍ദേശങ്ങളും ചേര്‍ത്ത നിവേദനം മുഖ്യമന്ത്രിക്ക് സമര്‍പ്പിച്ചു. വാര്‍ത്തകള്‍ക്കുമേല്‍ വാര്‍ത്തകള്‍ വന്നു നിറയുമ്പോള്‍ മറന്നു പോകേണ്ട ഒന്നല്ല ഹേമ കമ്മിറ്റി റിപ്പോര്‍ട്ട് എന്നും റിപ്പോര്‍ട്ടുകള്‍ മാത്രം പുറത്തു വന്നാല്‍ പോരാ കലാരംഗത്ത് തുല്യ നീതിയുറപ്പാക്കണം എന്നും സോറി മാര്‍ച്ചിലൂടെ ഓര്‍മിപ്പിക്കുകയാണ് ഊരാളികള്‍.