തിരുവനന്തപുരം: അഡീഷണൽ ചീഫ് സെക്രട്ടറി ഡോ. എ. ജയതിലകിനെ അവഹേളിച്ചതിന് സസ്പെൻഷനിലായ ഐ.എ.എസ്. ഉദ്യോഗസ്ഥൻ എൻ. പ്രശാന്തിന് ചീഫ് സെക്രട്ടറി കുറ്റപത്രം നൽകി. ജയതിലകിനെ നിരന്തരം അവഹേളിച്ചതും ‘സൈക്കോപ്പാത്ത്’ എന്ന് വിശേഷിപ്പിച്ചതും സിവിൽസർവീസ് പെരുമാറ്റച്ചട്ടങ്ങളുടെ ലംഘനമാണെന്ന് കുറ്റപത്രത്തിൽ പറയുന്നു.
പ്രശാന്തിന്റെ പെരുമാറ്റം സിവിൽസർവീസിന് അപമാനകരമാണ്. പ്രശാന്ത് സാമൂഹികമാധ്യമങ്ങളിലിട്ട കുറിപ്പുകൾ ചീഫ് സെക്രട്ടറി ശേഖരിച്ചിരുന്നു. ഇവ ചൂണ്ടിക്കാട്ടിയാണ് വിശദീകരണം ചോദിച്ചത്. സസ്പെൻഷനുശേഷവും മാധ്യമങ്ങളിൽ പരസ്യപ്രതികരണം നടത്തിയതും കുറ്റകരമാണ്.
ഒരുമാസത്തിനകം വിശദീകരണം നൽകണം. ഇത് തൃപ്തികരമല്ലെങ്കിൽ അന്വേഷണം നടത്തി തുടർനടപടികളെടുക്കും. നവംബർ 11-നാണ് പ്രശാന്തിനെ സസ്പെൻഡ് ചെയ്തത്. സിവിൽ സർവീസ് ഉദ്യോഗസ്ഥരുടെ പെരുമാറ്റം സംബന്ധിച്ച എട്ട് ചട്ടങ്ങൾ പ്രശാന്ത് ലംഘിച്ചെന്നാണ് സസ്പെൻഷൻ ഉത്തരവിൽ ചീഫ്‌സെക്രട്ടറി ശാരദാ മുരളീധരൻ ചൂണ്ടിക്കാട്ടിയിട്ടുള്ളത്.