ചേലക്കര , പാലക്കാട് ഉപതിരഞ്ഞെടുക്കുകള്‍ :ആര്‍.എല്‍.വി.രാമകൃഷ്ണനും എ.വി.ഗോപിനാഥുംഎല്‍.ഡി.എഫ് സ്ഥാനാര്‍ത്ഥികളായേക്കും

Date:

സതീഷ് മേനോൻ

കൊച്ചി: ആലത്തൂര്‍, പാലക്കാട് നിയമസഭാ ഉപതിരഞ്ഞെടുപ്പുകളില്‍ എല്‍.ഡി.എഫിന് അപ്രതീക്ഷിത സ്ഥാനാര്‍ത്ഥികള്‍ വന്നേക്കാം . ലോക്‌സഭാ തിരഞ്ഞെടുപ്പിലെ പരാജയത്തിന്റെ പശ്ചാത്തലത്തില്‍ ആലത്തൂര്‍ നിലനിര്‍ത്തുകയും പാലക്കാട് പിടിച്ചെടുക്കുകയും ചെയ്ത് ക്ഷീണം മാറ്റാനാണ് സി.പി.എം ലെ ആലോചന. ഇരു സീറ്റുകളും സി.പി.എം മല്‍സരിച്ചവയാണ്. മന്ത്രി കെ.രാധാകൃഷ്ണന്‍ ആലത്തൂരിലും ഷാഫി പറമ്പില്‍ വടകരയിലും എം.പിമാരായി തിരഞ്ഞെടുക്കപ്പെട്ടതോടെയാണ് ഇരു സീറ്റുകളും ഒഴിവു വന്നത് . പട്ടിക ജാതി സംവരണ മണ്ഡലമായ ചേലക്കര സി.പി.എമ്മിന്റെ സുരക്ഷിത മണ്ഡലമാണെങ്കിലും ആലത്തൂരില്‍ പരായപ്പെട്ട രമ്യാ ഹരിദാസിനെ ചേലക്കരയില്‍ മത്സരിപ്പിക്കാനാണ് കോണ്‍ഗ്രസിലെ ആലോചന. ആലത്തൂര്‍ പാര്‍ലമെന്റ് മണ്ഡലത്തില്‍ പെടുന്ന നിയമസഭാ മണ്ഡലമാണ് ചേലക്കര . ലോക്‌സഭാ തിരഞ്ഞെടുപ്പില്‍ മന്ത്രി കെ രാധാകൃഷ്ണന്‍ ചേലക്കരയില്‍ അയ്യായിരത്തോളം വോട്ടിന്റെ ലീഡ് നേടിയെങ്കിലും രമ്യാഹരിദാസ് മത്സരിച്ചാല്‍ മണ്ഡലം പിടിച്ചെടുക്കാമെന്നാണ് യു.ഡി.എഫ് കണക്കുകൂട്ടല്‍. കഴിഞ്ഞ ലോക്‌സഭാ തിരഞ്ഞെടുപ്പില്‍ ആലപ്പുഴയില്‍ പരാജയപ്പെട്ട ഷാനിമോള്‍ ഉസ്മാനിലൂടെ ഉപതിരത്തെടുപ്പില്‍ അരൂര്‍ നിയമസഭാ മണ്ഡലം യു.ഡി.എഫ് പിടിച്ചെടുത്തത് ഉദാഹരണമായി കാട്ടുകയാണ് രമ്യാഹരിദാസിന് വേണ്ടി വാദിക്കുന്നവര്‍.

ഹാട്രിക് ജയമുറപ്പിച്ച പി.കെ.ബിജുവിനെ 1.58,968 ലക്ഷം വോട്ടിന് അട്ടിമറിച്ച രമ്യ ഹരിദാസ് 20,111 വോട്ടിന് ഇത്തവണ പരാജയപ്പെടുകയായിരുന്നു. കഴിഞ്ഞ നിയമസഭാ തിരഞ്ഞെടുപ്പില്‍ ചേലക്കരയില്‍ 39,400 വോട്ടിന്റെ ഭൂരിപക്ഷം നേടിയ കെ.രാധാകൃഷ്ണന് ലോക്‌സഭാ തിരഞ്ഞെടുപ്പില്‍ ചേലക്കരയില്‍ അയ്യായിരത്തോളം വോട്ടിന്റെ ഭൂരിപക്ഷമേയുള്ളൂ. ആ നിലയ്ക്ക് ഇടതു കോട്ടയാണെങ്കില്‍ കൂടി രമ്യാ ഹരിദാസ് മല്‍സരിക്കാനിറങ്ങിയാല്‍ ചേലക്കരയില്‍ മല്‍സരം കടുക്കുമെന്നാണ് കണക്കു കൂട്ടല്‍. പി.കെ.ബിജുവിനെ മൂന്നാം തവണയും സ്ഥാനാര്‍ത്ഥിയാക്കിയതിനെതിരെ പാര്‍ട്ടിക്കുള്ളില്‍ മുറുമുറുപ്പുയര്‍ന്ന സാഹചര്യത്തില്‍ മണ്ഡലത്തിന് പുറത്തോ ജില്ലയ്ക്ക് പുറത്തോ നിന്ന് സ്ഥാനാര്‍ത്ഥി വരാനിടയില്ല. 2016 -21 ല്‍ എം.എല്‍.എയും നിലവില്‍ പട്ടികജാതി പട്ടിക വര്‍ഗ്ഗ വികസന കോര്‍പ്പറേഷന്‍ ചെയര്‍മാനുമായ യു.ആര്‍.പ്രദീപ്, പാര്‍ട്ടി കുന്നംകുളം എര്യാ സെക്രട്ടറിയും എസ്.സി-എസ.ടി കമ്മിഷന്‍ അംഗവുമായ ടി.കെ.വാസു എന്നിവരുടെ പേരുകള്‍ക്കൊപ്പം അപ്രതീക്ഷിത സ്ഥാനാര്‍ത്ഥിയെയും പാര്‍ട്ടി പരിഗണിക്കുന്നുണ്ട്. കലാകാരി കൂടിയായ രമ്യാ ഹരിദാസ് മല്‍സരിക്കുകയാണെങ്കില്‍ കലാഭവന്‍ മണിയുടെ സഹോദരനും മോഹിനിയാട്ടം നര്‍ത്തകനുമായ ആര്‍.എല്‍.വി. രാമകൃഷ്ണനെ മല്‍സരിപ്പിക്കണമെന്ന അഭിപ്രായവും ഉയര്‍ന്നിട്ടുണ്ട്. ഉപതിരഞ്ഞെടുപ്പില്‍ സിറ്റിംഗ് സീറ്റ് നഷ്ടപ്പെട്ടാല്‍ ഭരണവിരുദ്ധവികാരം എന്ന പ്രചാരണം ശക്തിപ്പെടുമെന്നതിനാല്‍ സീറ്റ് കളഞ്ഞുകുളിക്കരുത് എന്ന് ചിന്തയാണ് പാര്‍ട്ടിക്കുള്ളില്‍.

കോണ്‍ഗ്രസില്‍ നിന്ന് അകന്ന് നില്‍ക്കുന്ന മുന്‍ ആലത്തൂര്‍ എം.എല്‍.എ എ.വി.ഗോപിനാഥിനെ പാലക്കാട് മല്‍സിപ്പിക്കണമെന്നാണ് പാര്‍ട്ടി പാലക്കാട് ജില്ലാ കമ്മിയില്‍ ചിലര്‍ക്കുള്ള അഭിപ്രായം. യൂത്ത് കോണ്‍ഗ്രസ് സംസ്ഥാന പ്രസിഡന്റ് രാഹുല്‍ മാങ്കൂട്ടത്തില്‍ മല്‍സരിക്കാനെത്തുകയാണെങ്കില്‍ നാട്ടുകാരനും മുന്‍ ഡി.സി.സി പ്രസിഡന്റുമായ എ.വി.ഗോപിനാഥിന്റെ സ്ഥാനാര്‍ത്ഥിത്വം പ്രയോജനം ചെയ്യുമെന്നാണ് കണക്കുകൂട്ടല്‍ . മാത്രമല്ല, കഴിഞ്ഞ രണ്ടു നിയമസഭാ തിരഞ്ഞടുപ്പുകളിലും പാലക്കാട്ട് സി.പി.എം സ്ഥാനാര്‍ത്ഥി എന്‍.ഡി.എയ്ക്കും പിന്നില്‍ മൂന്നാം സ്ഥാനത്താണ്. 2006 ല്‍ കെ.കെ.ദിവാകരനാണ് പാലക്കാടിനെ ഒടുവില്‍ പ്രതിനിധീകരിച്ച സി.പി.എം. എം.എല്‍.എ . കെ.കെ.ദിവാകരന്‍ പരാജയപ്പെടുത്തിയത് എ.വി.ഗോപിനാഥിനെയും. പിന്നിട് എന്‍.എന്‍.കൃഷ്ണദാസ്, സി,.പി.പ്രമോദ് എന്നിവര്‍ മല്‍സരിച്ചപ്പോള്‍ മൂന്നാം സ്ഥാനത്തേക്ക് പിന്തള്ളപ്പെടുകയായിരുന്നു. എ.വി.ഗോപിനാഥ് ഇടതുസ്ഥാനാര്‍്ത്ഥിയായി വരുന്നത് കോണ്‍ഗ്രസ് വോട്ടുകളില്‍ ഒരു ഭാഗം നേടാന്‍ സഹായകരമാകും എന്നും കരുതപ്പെടുന്നു.

കോണ്‍ഗ്രസ് സിറ്റിംഗ് സീറ്റുകളാണെങ്കില്‍ കൂടി തൃക്കാക്കര, പുതുപ്പള്ളി ഉപതിരഞ്ഞെടുപ്പുകളില്‍ യു.ഡി.എഫ് വിജയിച്ചത് മുന്നണിക്ക് ആത്മവിശ്വാസം പകര്‍ന്നിരുന്നു. സിറ്റിംഗ് സീറ്റായ ചേലക്കര നിലനിര്‍ത്തുന്നതിലൂടെയും പാലക്കാട് പിടിച്ചെടുക്കുന്നതിലൂടെയും ഭരണവിരുദ്ധ വികാരം എന്ന പ്രതീതി മറികടക്കുകയാണ് സി.പി.എമ്മിന് മുന്നിലുള്ള ലക്ഷ്യം. പ്രത്യേകിച്ച്, രാഹുല്‍ ഗാന്ധി വയനാട് ഒഴിയുകയാണെങ്കില്‍ ഒപ്പം നടക്കാനിടയുള്ള വയനാട് ലോകസ്ഭാ ഉപതിരഞ്ഞെടുപ്പില്‍ കോണ്‍ഗ്രസ് വിജയിക്കുമെന്നത് ഉറപ്പായിരിക്കെ.

Share post:

Popular

More like this
Related

ക്ഷേമ പെൻഷനിൽ കൈയ്യിട്ട് സര്‍ക്കാര്‍ ജീവനക്കാർ; പെൻഷൻ കൈപ്പറ്റിയതായി കണ്ടെത്തിയ 1458 പേരിൽ ഗസറ്റഡ് ഉദ്യോഗസ്ഥരും!

തിരുവനന്തപുരം : സംസ്ഥാനത്ത് സാമൂഹ്യസുരക്ഷാ പെൻഷൻ തട്ടിപ്പ് നടത്തി സർക്കാർ ജീവനക്കാർ....

സംസ്ഥാനത്ത് വയോജന കമ്മീഷന്‍ രൂപവത്കരിക്കുന്നു –  മന്ത്രി ഡോ. ആർ. ബിന്ദു

തിരുവനന്തപുരം: അവഗണനയും ചൂഷണവും നേരിടുന്ന വയോജനങ്ങളുടെ ഉത്കണ്ഠകൾ പരിഗണിച്ച് അവ പരിഹരിക്കാൻ...

നവീൻ ബാബുവിന്‍റെ മരണം: കേസ് ഡയറി ഹാജരാക്കാൻ ഹൈക്കോടതി നിർദ്ദേശം; സർക്കാരിനോടും സിബിഐയോടും നിലപാട് തേടി

കൊച്ചി: എ‍ഡിഎം നവീൻ ബാബുവിന്‍റെ ആത്മഹത്യയുമായി ബന്ധപ്പെട്ട അന്വേഷണത്തിന്‍റെ കേസ് ഡയറി ഹാജരാക്കാൻ...

ജെയ് ഭട്ടാചാര്യ ഇനി യുഎസ് നാഷനൽ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ഹെൽത്ത് ഡയറക്ടർ; നാമനിർദ്ദേശം ചെയ്ത് ട്രംപ്

വാഷിങ്ടൻ∙ നാഷനൽ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ഹെൽത്ത് ഡയറക്ടറായി ജെയ് ഭട്ടാചാര്യയെ നാമനിർദ്ദേശം...