ഐപിഎൽ ശനിയാഴ്ച നടന്ന ആവേശകരമായ മത്സരത്തിൽ റോയൽ ചലഞ്ചേഴ്സ് ബംഗളൂരുവിന് ജയം. ചെന്നൈ സൂപ്പർ കിങ്സിനെ 2 റൺസിനാണ് ബംഗളൂരു പരാജയപ്പെടുത്തിയത്. 214 റൺസ് വിജയലക്ഷ്യം പിന്തുടർന്ന ചെന്നൈയുടെ പോരാട്ടം 5 വിക്കറ്റിന് 211ൽ അവസാനിച്ചു. അവസാന ഓവറിൽ വിജയം ഇരുപക്ഷത്തേക്കും തിരിയാമെന്ന ഘട്ടത്തിൽ നിന്നാണ് ഗ്യാലറിയെ ത്രസിപ്പിക്കുകൊണ്ട് ജയം ആർസിബി തട്ടിയെടുത്തത്. ചെന്നൈയ്ക്ക് വേണ്ടി 94 റൺസ് നേടിയ 17കാരൻ ആയുഷ് മഹ്ത്രെയുടെയും 77 റൺസുമായി പുറത്താകാതെ നിന്ന രവീന്ദ്ര ജഡേജയുടെയും ഇന്നിംഗ്സുകളാണ് കളിയെ അവസാന നിമിഷം വരെ ആവേശത്തിൽ നിർത്തിയത്.
ബംഗളൂർ മുന്നോട്ടു വെച്ച റൺമല കടക്കാനിറങ്ങിയ ചെന്നൈക്ക് മികച്ച തുടക്കമാണ് ലഭിച്ചത്. പവർ പ്ലേയ്ക്ക് മുമ്പ് തന്നെ ടീം സ്കോർ 50 കടന്നു. 4-ാം ഓവറിൽ ഭുവനേശ്വർ കുമാറിനെതിരെ ആയുഷ് മഹ്ത്രെ അടിച്ചു കൂട്ടിയത് 26 റൺസാണ്. 5 ബൗണ്ടറികളും ഒരു സിക്സറും സഹിതമാണത്. മഹ്ത്രെ അടിച്ചു തകർക്കുമ്പോഴും ഷെയ്ക്ക് റഷീദിനും സാംകരനും കാര്യമായി സംഭാവന ചെയ്യാനായില്ല. പക്ഷെ, ‘നാലാമനായി ജഡേജ എത്തിയതോടെ സ്ഥിതി മാറി. ടീം സ്കോർ കുതിച്ചുയർന്നു. 29 പന്തുകളിൽ നിന്ന് ജഡേജ അർദ്ധ സെഞ്ച്വറി നേടി. 17-ാം ഓവറിൽ എൻഗിഡിയുടെ
രണ്ടാം പന്തിൽ ആയുഷ് മാഹ്ത്രെ പുറത്തായത് ബംഗളൂരിന് ആശ്വാസമായി കാണണം, അല്ലെങ്കിൽ കളിയുടെ ചിത്രം മറ്റൊന്നാകുമായിരുന്നു.
ആർസിബിക്ക് വേണ്ടി വിരാട് കോലി (62) ജേക്കബ് ബേത്തൽ (55) റൊമാരിയോ ഷെപ്പേർഡ് (51*) എന്നിവർ അർദ്ധസെഞ്ച്വറി. ഖലീൽ അഹമ്മദിന്റെ ഒരു ഓവറിൽ റൊമാരിയോ ഷെപ്പേർഡ് 30 റൺസ് നേടി.അവസാന ഓവറിൽ രണ്ട് ബൗണ്ടറികളും രണ്ട് സിക്സറുകളും കൂടി പറത്തിയ ഷെപ്പേർഡ് 14 പന്തിൽ അർദ്ധ സെഞ്ച്വറി നേടിയതോടെ ആർസിബിയുടെ സ്കോർ 200 കടന്ന് കുതിക്കുകയായിരുന്നു. 4 ബൗണ്ടറികളും 6 സിക്സറുകളുമാണ് ഷെപ്പേർഡിന്റെ ബാറ്റിൽ നിന്ന് പിറന്നത്. 62 റൺസ് നേടിയ വിരാട് കോലിയാണ് ബെംഗളൂരുവിന്റെ ടോപ് സ്കോറർ.