കല്‍പറ്റ: വയനാട്ടിൽ സർവ്വകക്ഷി യോഗം വിളിച്ച് മുഖ്യമന്ത്രി പിണറായി വിജയൻ. യോഗത്തിനുശേഷം നടത്തിയ വാര്‍ത്താസമ്മേളനത്തില്‍ സംസാരിക്കവെ, ദുരിതാശ്വാസ ക്യാമ്പിലുള്ളവരുടെ പുനരധിവാസം നല്ല രീതിയില്‍ ഉറപ്പാക്കുമെന്നും. തല്‍ക്കാലം ക്യാമ്പുകള്‍ കുറച്ചു നാളുകള്‍ കൂടി തുടരുമെന്നും മുഖ്യമന്ത്രി വ്യക്തമാക്കി.. ക്യാമ്പില്‍ കഴിയുന്ന കുട്ടികളുടെ വിദ്യാഭ്യാസം ഉറപ്പാക്കും. സര്‍ട്ടിഫിക്കറ്റുകള്‍ നഷ്ടപ്പെട്ടവര്‍ക്ക് പുനഃസൃഷ്ടിച്ച് നല്‍കും. ദുരന്തബാധിതര്‍ക്ക് കൗണ്‍സിലിങ് നല്‍കും. ആദിവാസി കുടുംബങ്ങളെ മാറ്റിപ്പാര്‍പ്പിക്കാനുള്ള ശ്രമം തുടരുമെന്നും മുഖ്യമന്ത്രി പറഞ്ഞു.

മുണ്ടക്കൈയിലെ രക്ഷാദൗത്യം മികച്ച രീതിയില്‍ പുരോഗമിക്കുന്നുവെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. ജീവനോടെ ആരും ബാക്കിയില്ലെന്ന് സൈന്യം അറിയിച്ചു. എല്ലാവരെയും രക്ഷപ്പെടുത്തിയതായും സൈന്യം അറിയിച്ചിട്ടുണ്ട്. എങ്കിലും, ചാലിയാറിലും ചൂരല്‍മലയിലും അടക്കം തിരച്ചില്‍ തുടരുമെന്നും മികച്ച സേവനമാണ് സൈന്യം കാഴ്ചവച്ചതെന്നും മുഖ്യമന്ത്രി പറഞ്ഞു. മന്ത്രിമാര്‍ ജില്ലയില്‍ തുടര്‍ന്ന് ദൗത്യം ഏകോപിപ്പിക്കുമെന്നും വാര്‍ത്താസമ്മേളനത്തില്‍ മുഖ്യമന്ത്രി വ്യക്തമാക്കി.
വയനാട്ടിലെത്തിയ മുഖ്യമന്ത്രിയുടെ അധ്യക്ഷതയില്‍ കലക്ടറേറ്റിലാണ് സര്‍വകക്ഷിയോഗം ചേര്‍ന്നത്. വയനാട്ടില്‍ ക്യാമ്പ് ചെയ്യുന്ന മന്ത്രിമാര്‍, ജില്ലയിലെ എംഎല്‍എമാര്‍, ജില്ലാപഞ്ചായത്ത് പ്രസിഡന്റ്, രാഷ്ട്രീയ പാര്‍ട്ടി നേതാക്കള്‍ എന്നിവര്‍ യോഗത്തില്‍ പങ്കെടുത്തു.