കോഴിക്കോട് : കർണാടക ഷിരൂരിൽ മണ്ണിടിച്ചിലിൽ കാണാതായ അർജുന്റെ വീട് മുഖ്യമന്ത്രി പിണറായി വിജയൻ സന്ദർശിച്ചു. തിരച്ചിലിന് വേണ്ട സഹായം മുഖ്യമന്ത്രി വാഗ്ദാനം ചെയ്തതായി അർജുൻ്റെ കുടുംബം അറിയിച്ചു. ഞായറാഴ്ച ഉച്ചയോടെയാണ് മുഖ്യമന്ത്രി അർജുന്റെ വീട്ടിലെത്തിയത്. കുടുംബാംഗങ്ങളോട് സംസാരിച്ച മുഖ്യമന്ത്രി ആവശ്യമായ നടപടി സ്വീകരിക്കുമെന്ന് ഉറപ്പ് നൽകി. തിരച്ചിൽ നടത്താൻ ഈശ്വർ മൾപ്പെ തയ്യാറായെങ്കിലും അധികൃതർ സമ്മതിച്ചില്ലെന്ന് കുടുംബം അറിയിച്ചു
അർജുനായുള്ള തിരച്ചിൽ അനശ്ചിതത്വത്തിലാണ്. മുങ്ങൽ വിദഗ്ധൻ ഈശ്വർ മാൽപയ്ക്ക് പുഴയിലിറങ്ങാൻ അനുമതി ലഭിച്ചില്ല. പുഴയിൽ അടിയൊഴുക്ക് ശക്തമാണെന്ന് പറഞ്ഞാണ് അനുമതി നിഷേധിച്ചത്. ദൗത്യം ഇന്ന് തുടരുമെന്ന് കർണാടക സർക്കാർ അറിയിച്ചിരുന്നു. മഴയുണ്ടെങ്കിലും തിരച്ചിലിന് താൻ തയ്യാറാണെന്ന് ഈശ്വർ മാൽപെ മാധ്യമങ്ങളോട് പറഞ്ഞു. 2 മണിവരെ പുഴയിലിറങ്ങി തിരച്ചിൽ നടത്താൻ ബുദ്ധിമുട്ടില്ലെന്നും അദ്ദേഹം പറഞ്ഞു. എന്നാൽ അനുമതി ഇല്ലാതെ ഇറങ്ങുവാനാകില്ല എന്നും മാൽപെയും സംഘവും അറിയിച്ചു.