ന്യൂഡൽഹി : പാർലമെൻ്റിലെ സമര കോലാഹലങ്ങൾക്കും രാഷ്ട്രീയ ചർച്ചകൾക്കും തൽക്കാലം വിട പറഞ്ഞ് പ്രതിപക്ഷ നേതാവ് രാഹുൽ ഗാന്ധിയും പ്രിയങ്ക ഗാന്ധിയും കുടുംബ സമേതം ഒരു ‘ഔട്ടിംഗി’നിറങ്ങി. ഡൽഹിയിലെ കൊണാട്ട് പ്ലേസിലെ പ്രശസ്തമായ ക്വാളിറ്റി റെസ്റ്റോറൻ്റാണ് ഇതിനായി ഗാന്ധി കുടുംബം തിരഞ്ഞെടുത്തത്.രാഹുലിനും പ്രിയങ്കക്കുമൊപ്പം സോണിയ ഗാന്ധി, പ്രിയങ്കയുടെ ഭർത്താവ് റോബർട്ട് വാദ്ര, മകൾ മിരായ വാദ്ര, റോബർട്ട് വാദ്രയുടെ അമ്മ എന്നിവരും ചേർന്നൊരു സ്നേഹ വിരുന്നു കൂടിയായി ക്വാളിറ്റി റെസ്റ്റോറൻ്റിലെ ഉച്ചഭക്ഷണം. പൈതൃക റെസ്റ്റോറൻ്റിലെ പ്രസിദ്ധമായ ഛോലെ ഭാതൂര ഉൾപ്പെടെയുള്ള വിഭവങ്ങൾ ഗാന്ധി കുടുംബം ആസ്വദിച്ച് കഴിച്ചു.
‘ഔട്ടിംഗി’ൻ്റെ വിവരവും ചിത്രങ്ങളും രാഹുൽ ഗാന്ധി തന്നെയാണ് ഇൻസ്റ്റാഗ്രാം അക്കൗണ്ടിൽ പങ്കുവച്ചത്. “ഐക്കണിക്ക് ക്വാളിറ്റി റെസ്റ്റോറൻ്റിൽ കുടുംബ സമേതം ഒരു ഉച്ചഭക്ഷണം, നിങ്ങളും പോയി ചോലെ ഭാതൂരെ കഴിക്കൂ”, രാഹുൽ ഗാന്ധി സോഷ്യൽ മീഡിയയിൽ കുറിച്ചു.

ഡൽഹിയിലെ ഏറ്റവും പഴക്കമേറിയതും പ്രശസ്തവുമായ റെസ്റ്റോറൻ്റുകളിൽ ഒന്നാണ് ക്വാലിറ്റി റെസ്റ്റോറൻ്റ്. പുതിയ കാഘട്ടത്തിനനുസരിച്ച് പൂർണ്ണമായും നവീകരിച്ചുവെങ്കിലും കൾട്ട് ക്ലാസിക്കുകൾ നിലനിർത്തുന്ന ഇവിടത്തെ മെനു ഇപ്പോഴും മാറ്റമില്ലാതെ തുടരുന്നു. ഭക്ഷണപ്രേമികൾക്ക് മഹത്തായ ‘പൈതൃക’ സ്ഥലമാണ് ഇന്നും ക്വാളിറ്റി റസ്റ്റോറൻ്റ്. ഇവിടുത്തെ ഛോലെ ഭാതൂര ഇപ്പോഴും പഴയതുപോലെ തന്നെ രുചികരവും പ്രിയങ്കരവുമാണെന്ന് പഴമക്കാർ പറയുന്നു.
ക്വാളിറ്റി റെസ്റ്റോറൻ്റിലേക്ക് കാലെടുത്തുവയ്ക്കുമ്പോൾ തന്നെ പഴയ ലോക സംഗീതവും പ്രൗഢമായ ഇൻ്റീരിയറുകളും ബ്രിട്ടീഷ് രാജ് കാലഘട്ടത്തിലെ ചാൻഡിലിയറുകളും ആരെയും ആകർഷിക്കും.

ഒരു നൂറ്റാണ്ട് പിന്നിടുന്ന ഈ റെസ്റ്റോറൻ്റ് കഴിഞ്ഞ വർഷം അടച്ചുപൂട്ടിയപ്പോൾ തലസ്ഥാന നഗരിയിലെ ഭക്ഷണപ്രേമികൾ അസ്വസ്ഥരായിരുന്നു. ഒരു പോപ്പിൻ ഫ്രഷ് കൺസെപ്റ്റ് റെസ്റ്റോറൻ്റിനും നികത്താൻ കഴിയാത്തവിധം ജീർണിച്ച അകത്തളങ്ങളും ‘ഡൽഹി’ മെനുവും പൊതുജനങ്ങളുടെ ഹൃദയത്തിൽ അത്രയേറെ ഇടം നേടിയിരുന്നു എന്നതാണ് യാഥാർത്ഥ്യം.
വീണ്ടും തുറന്നപ്പോൾ, വയറും ഹൃദയവും നിറക്കുന്ന കാര്യത്തിൽ ‘ക്വാളിറ്റി’ ഒട്ടും പുറകോട്ടു പോയിട്ടില്ലെന്ന് ജനം സാക്ഷ്യപ്പെടുത്തുന്നു. പുനരുദ്ധാരണം നിരാശപ്പെടുത്തിയില്ല എന്ന് തന്നെ പറയാം – അത് എക്കാലവും നിറഞ്ഞുനിൽക്കുന്ന ഗൃഹാതുരത്വത്തിൻ്റെ ആഴത്തിലുള്ള ബോധത്തെ ഒന്നു കൂടി ഊട്ടിയുറപ്പിക്കുന്നു.