വഡോദര: കേട്ടവർ കേട്ടവർ ഞെട്ടിത്തരിച്ചു, ഇതെന്തൊരു മറിമായം! എന്നാൽ, സംഭവം സത്യമാണ്. ഇങ്ങ് ഗുജറാത്തിലെ വഡോദരയിലാണ് സംഭവം. അറിഞ്ഞവരും കണ്ടവരും
സാമൂഹിക മാധ്യമങ്ങളിൽ വിദ്യാർഥിനിയുടെ 12-ാം ക്ലാസ് മാർക്ക് ലിസ്റ്റും നീറ്റ് യു.ജി എൻട്രൻസ് പരീക്ഷയിലെ സ്കോറും പങ്കുവെച്ചിട്ടുണ്ട്.
2024ലെ നീറ്റ് യു.ജി പരീക്ഷ ഓർമ്മയിൽ നിന്ന് മാഞ്ഞിട്ടുണ്ടാവില്ലല്ലോ, ചോദ്യ പേപ്പർ ചോർച്ചയടക്കം നിരവധി വിവാദങ്ങൾ ഉയർത്തിയ പരീക്ഷ. അങ്ങിനെ ഉയർത്തിക്കിട്ടിയതായിരിക്കണം ഗുജറാത്തിലെ 12ാം ക്ലാസിൽ പരാജയപ്പെട്ട വിദ്യാർഥിനിക്ക് നീറ്റ് പരീക്ഷയിൽ 705 മാർക്കും !
പെൺകുട്ടിയുടെ രക്ഷിതാക്കൾ ഡോക്ടർമാരാണ്. അപ്പോൾ മകളേയും ഡോക്ടറാക്കാനുള്ള ആഗ്രഹത്തെ കുറ്റം പറയാൻ പറ്റില്ല. കുട്ടിയാണെങ്കിൽ പഠിക്കാൻ വളരെ മോശം. കുട്ടിയുടെ പഠനനിലവാരത്തിൽ രക്ഷിതാക്കൾക്ക് കടുത്ത ആശങ്കയുണ്ടായിരുന്നുവെന്ന് സ്കൂൾ അധികൃതരും പറയുന്നു.
12-ാം ക്ലാസ് പഠനത്തോടൊപ്പം അഹമ്മദാബാദിലെ കോച്ചിങ് സെന്ററിലും ചേർത്തു. എന്നിട്ടും കാര്യങ്ങൾ വിചാരിച്ച രീതിയിൽ നടന്നില്ല. രക്ഷിതാക്കളുടേയോ വിദ്യാർത്ഥിനിയുടേയോ ഭാഗ്യദോഷം, 12ാം ക്ലാസ് പരീക്ഷയിൽ ഫിസിക്സിന് 21ഉം കെമിസ്ട്രിക്ക് 39ഉം ബയോളജിക്ക് 59 ഉം മാർക്കാണ് പെൺകുട്ടിക്ക് ലഭിച്ചത്. പഠനത്തിലെ ‘മികവ് ‘ കൊണ്ട് രണ്ടു മാസത്തിനുള്ളിൽ കോച്ചിങ് ക്ലാസിൽ നിന്നും പെൺകുട്ടി പുറത്താക്കപ്പെട്ടു.
എന്നാലെന്താ, നീറ്റ് പരീക്ഷയിൽ 720 ൽ 705 മാർക്ക് നേടി ‘മിടുക്കി’യായി മറ്റുളളവരെ ഞെട്ടിച്ചു. നീറ്റ് പരീക്ഷയിലെ കുട്ടിയുടെ സ്കോർ ഇങ്ങനെ – ഫിസിക്സിന് 99.8 ശതമാനം, കെമിസ്ട്രിക്ക് 99.1 ശതമാനം, ബയോളജിക്ക് 99.9 ശതമാനവും! നീറ്റ് സ്കോർ അനുസരിച്ച് ഇന്ത്യയിലെ പ്രമുഖ മെഡിക്കൽ കോളജുകളിലേതിലും ഈ വിദ്യാർഥിനിക്ക് സീറ്റ് ഉറപ്പാണ്. പക്ഷെ, 12ാം ക്ലാസ് പരീക്ഷയിൽ 50 ശതമാനം മാർക്ക് പോലും ലഭിക്കാത്തത് വിനയായി.