കിഫ്ബി റോഡില്‍ നിന്നു ടോള്‍ പിരിക്കുമെന്നു മുഖ്യമന്ത്രി; ‘കേന്ദ്ര സർക്കാരിന്റെ നിലപാടുകളാണു ബദല്‍ മാര്‍ഗ്ഗങ്ങള്‍ സ്വീകരിക്കാന്‍ നിർബ്ബന്ധിതമാക്കുന്നത് ‘

Date:

തിരുവനന്തപുരം : കിഫ്ബി റോഡുകളില്‍ നിന്ന് ടോള്‍ പിരിക്കുമെന്നു വ്യക്തമാക്കി മുഖ്യമന്ത്രി പിണറായി വിജയൻ. കേന്ദ്ര സർക്കാരിന്റെ നിലപാടുകളാണു യൂസര്‍ ഫീസ് പോലുള്ള ബദല്‍ മാര്‍ഗ്ഗങ്ങള്‍ സ്വീകരിക്കാന്‍ കാരണം. യൂസർ ഫീസ് ഉപയോഗിച്ച് കിഫ്ബിക്ക് വായ്പകള്‍ തിരിച്ചടയ്ക്കാന്‍ കഴിയും. കേന്ദ്രസര്‍ക്കാരില് നിന്നുള്ള ഗ്രാൻ്റ്
കാലക്രമേണ ഒഴിവാക്കാൻ സാധിക്കുമെന്നും മുഖ്യമന്ത്രി നിയമസഭയില്‍ പറഞ്ഞു.

കിഫ്ബി പദ്ധതികളില്‍ നിന്നു വരുമാനം ഉണ്ടാക്കാനായാല്‍ കേന്ദ്ര വാദങ്ങളെ മറികടക്കാം. കിഫ്ബി പദ്ധതികള്‍ വരുമാനദായകമല്ലെന്നും സമാനസ്വഭാവമുള്ള എന്‍എച്ച്എ പോലുള്ള സ്ഥാപനങ്ങള്‍ വരുമാനം നേടുന്നവയാണെന്നും അതുവഴി തിരിച്ചടവ് സാദ്ധ്യമാകുന്നുവെന്നുമാണ് കേന്ദ്രം സുപ്രീംകോടതിയില്‍ വ്യക്തമാക്കിയത്. ഇതു വസ്തുതാവിരുദ്ധമാണ്. ടോള്‍ വഴി വരുമാനം കണ്ടെത്തുന്ന എന്‍എച്ച്എയും ആകെ തിരിച്ചടവിന്റെ വളരെ ചെറിയ ശതമാനം മാത്രമാണ് ടോള്‍ വഴി നേടുന്നത്. ബാക്കി ഓപ്പണ്‍ മാര്‍ക്കറ്റ് കടമെടുപ്പും കേന്ദ്രസര്‍ക്കാര്‍ ഗ്രാന്റുമാണ്. കേന്ദ്രസര്‍ക്കാരിൻ്റെ വിവേചനപരമായ സമീപനമാണ് കിഫ്ബി പദ്ധതികളെ എങ്ങനെ വരുമാനപ്രദമാക്കാം എന്നതിനെക്കുറിച്ച് സംസ്ഥാന സര്‍ക്കാർ
ആലോചിക്കാന്‍ കാരണം.

2016 ലെ കിഫ്ബി ഭേദഗതി പ്രകാരം പെട്രോളിയം ഇന്ധനങ്ങള്‍ക്കു മേലുള്ള ഒരു ശതമാനം സെസ്സും 10 ശതമാനം വീതം വാര്‍ഷിക വർദ്ധന വരുത്തി അഞ്ചാം വര്‍ഷം മുതല്‍ ഏര്‍പ്പെടുത്തുന്ന 50 ശതമാനം മോട്ടര്‍ വാഹന നികുതിയുമാണു കിഫ്ബിയുടെ വരുമാന സ്രോതസ്സ്. ഈ സ്രോതസ്സിനെ സെക്യൂരിറ്റൈസ് ചെയ്ത്, സെബിയും ആര്‍ബിഐയും അംഗീകരിച്ചിട്ടുള്ള നൂതന ധനസമാഹരണ സംവിധാനങ്ങള്‍ ഉപയോഗപ്പെടുത്തി വായ്പയെടുത്ത് കേരളത്തിന്റെ അടിസ്ഥാന സൗകര്യ മേഖലയില്‍ കൂടുതല്‍ നിക്ഷേപം കൊണ്ടുവരികയാണ് കിഫ്ബിയുടെ ലക്ഷ്യം. ഇത്തരത്തിലുള്ള ധനസമാഹരണം 2022 വരെ സംസ്ഥാനത്തിന്റെ വായ്പാ പരിധിയില്‍ ഉള്‍പ്പെടുന്നതായിരുന്നില്ല.

ഈ സാഹചര്യത്തിലാണ് മുന്‍ ധനമന്ത്രി കിഫ്ബി റോഡുകളില്‍ നിന്നും പാലങ്ങളില്‍നിന്നും ടോള്‍ പിരിക്കേണ്ടിവരില്ല എന്ന് അഭിപ്രായപ്പെട്ടത്. കേരള എഫ്ആര്‍എ ആക്ടിനു വിരുദ്ധമായി കേന്ദ്ര സര്‍ക്കാര്‍ അവലംബിച്ച നയവ്യതിയാനത്തിൻ്റെ ഫലമായിട്ടാണ് സംസ്ഥാനത്തിന്റെ ലെജിറ്റിമേറ്റ് എക്‌സ്‌പെക്‌റ്റേഷന് വിരുദ്ധമായി 2022 ല്‍ കിഫ്ബിയെയും സമാന സ്ഥാപനങ്ങളെയും സംസ്ഥാനത്തിന്റെ കടമെടുപ്പ് പരിധിയില്‍ ഉള്‍പ്പെടുത്തിയത്. ഇതുമൂലം 2022 സാമ്പത്തിക വര്‍ഷം സംസ്ഥാനത്തിന് 15,895.50 കോടി രൂപയുടെ അധിക വായ്പയെടുക്കലിനുള്ള അവകാശം നഷ്ടപ്പെട്ടു. മൊത്തത്തിൽ, 2016 മുതല്‍ 2023 വരെയുള്ള സാമ്പത്തിക വര്‍ഷങ്ങളില്‍ സംസ്ഥാനത്തിന് 1,07,513.09 കോടി രൂപയുടെ ചെലവ് നഷ്ടമോ വിഭവകമ്മിയോ ഉണ്ടായി.

Share post:

Popular

More like this
Related

മാതാപിതാക്കൾ ഐസിയുവിൽ ഉപേക്ഷിച്ച കുഞ്ഞിൻ്റെ ചികിത്സയ്ക്കായി മെഡിക്കൽ ബോർഡ് ; ചികിത്സാ ചെലവ് ബാലനിധി ഏറ്റെടുക്കും

തിരുവനന്തപുരം : മാതാപിതാക്കൾ ഐസിയുവിൽ ഉപേക്ഷിച്ച കുട്ടിയുടെ ചികിത്സാ മേൽനോട്ടത്തിന് മെഡിക്കൽ...

‘ഇൻവെസ്റ്റ് കേരള’ നിക്ഷേപക സംഗമം : 5000 കോടി വീതം നിക്ഷേപം പ്രഖ്യാപിച്ച് ലോജിസ്റ്റിക് രംഗത്തെ പ്രമുഖരായ ദുബൈ ഷറഫ് ഗ്രൂപ്പും ലുലു ഗ്രൂപ്പും

കൊച്ചി : രണ്ട് ദിവസമായികൊച്ചിയിൽനടന്നുവരുന്ന 'ഇൻവെസ്റ്റ് കേരള'നിക്ഷേപക സംഗമത്തിൽ 5000 കോടിയുടെ...