ന്യൂഡൽഹി: കോച്ചിങ് സെന്ററുകൾ മരണമുറികളായി മാറുകയാണെന്നും വിദ്യാർത്ഥികളുടെ ജീവിതം കൊണ്ട് കളിക്കുകയാണെന്നും സുപ്രീംകോടതി. ഡൽഹി ഐ.എ.എസ് കോച്ചിങ് സെന്ററിലുണ്ടായ മൂന്ന് വിദ്യാർത്ഥികളുടെ ദാരുണമായ മുങ്ങിമരണത്തിൽ കേന്ദ്രത്തിനും ഡൽഹി സർക്കാറിനും നോട്ടീസ് അയച്ചായിരുന്നു കോടതിയുടെ നിരീക്ഷണം. ജസ്റ്റിസ് സൂര്യകാന്ത്, ജസ്റ്റിസ് ഉജ്ജൽ ഭൂയാൻ എന്നിവരടങ്ങിയ ബെഞ്ച്, വിദ്യാർത്ഥികളുടെ മരണം എല്ലാവരുടെയും കണ്ണ് തുറപ്പിക്കുന്നതാണെന്നും വ്യക്തമാക്കി.
ഡൽഹിയിലെ മുഖർജി നഗർ മേഖലയിലെ പരിശീലന സ്ഥാപനങ്ങൾ അഗ്നിസുരക്ഷാ മാനദണ്ഡങ്ങൾ പാലിക്കുന്നുണ്ടോയെന്ന് പരിശോധന നടത്താൻ കഴിഞ്ഞ വർഷം ഡിസംബറിൽ ഡൽഹി ഹൈക്കോടതി അഗ്നിസുരക്ഷാ സേനക്കും മുനിസിപ്പൽ കോർപറേഷനും നിർദേശം നൽകിയത് ചോദ്യം ചെയ്ത് കോച്ചിങ് സെന്ററുകളുടെ അസോസിയേഷൻ നൽകിയ അപ്പീൽ പരിഗണിക്കുകയായിരുന്നു കോടതി. അപ്പീൽ തള്ളിയ കോടതി അസോസിയേഷന് ലക്ഷം രൂപ പിഴ ചുമത്തുകയും ചെയ്തു. കോച്ചിങ് സെൻററുകൾ സുരക്ഷ മാനദണ്ഡങ്ങൾ പാലിക്കുന്നില്ലെങ്കിൽ അവ ഓൺലൈൻ രീതിയിലേക്ക് മാറ്റണമെന്ന് കോടതി നിർദ്ദേശിച്ചു. അന്വേഷണം തൃപ്തികരമല്ലെങ്കിൽ കേന്ദ്ര ഏജൻസികൾക്ക് അന്വേഷണം കൈമാറുമെന്നും കോടതി പറഞ്ഞു.
കോച്ചിങ് സെൻററുകളിൽ സുരക്ഷാ ചട്ടങ്ങൾ പാലിക്കുന്നുണ്ടോയെന്ന് അറിയിക്കാനാവശ്യപ്പെട്ടാണ് കേന്ദ്ര സർക്കാറിനും ഡൽഹി ചീഫ് സെക്രട്ടറിക്കും കോടതി നോട്ടീസ് അയച്ചത്. കഴിഞ്ഞ മാസമാണ് ഡൽഹിയിലെ ഐ.എ.എസ് അക്കാദമി ബേസ്മെന്റിലെ വെള്ളക്കെട്ടിൽ മലയാളി ഉൾപ്പെടെ മൂന്ന് ഉദ്യോഗാർത്ഥികൾ മുങ്ങിമരിച്ചത്.