തീരദേശ പരിപാലന നിയമം : കേരളത്തിന് ഇളവുകൾ ; ആശ്വാസമായത് സംസ്ഥാനത്തെ 66 പഞ്ചായത്തുകൾക്ക്

Date:

ന്യൂഡൽഹി: തീരദേശ പരിപാലന നിയമത്തിൽ കേരളത്തിന് ഇളവ് നൽകി കേന്ദ്രം. സംസ്ഥാനം ഉന്നയിച്ച ആവശ്യങ്ങളിലാണ് അനുകൂല നിലപാട്. 66 പഞ്ചായത്തുകളെ സിആർഇസെഡ് 2 പട്ടികയിലേക്ക് മാറ്റി. ജനസംഖ്യ കൂടിയ മറ്റ് പഞ്ചായത്തുകളിൽ സിആർഇസെഡ് 3 എക്ക് കീഴിൽ നിർമ്മാണ പ്രവർത്തനങ്ങൾക്കുള്ള ദൂരപരിധി 200 ൽ നിന്ന് 50 മീറ്ററായി കുറയ്ക്കുമെന്നും കേന്ദ്രം വാർത്താക്കുറിപ്പിൽ വ്യക്തമാക്കി.

2019 ലെ കേന്ദ്ര തീരദേശ നിയന്ത്രണ മേഖലാ വിജ്ഞാപനത്തിന്റെ അടിസ്ഥാനത്തിൽ കേരളം തയ്യാറാക്കിയ തീരദേശ പരിപാലന പ്ലാനിലെ നിർദ്ദേശങ്ങളാണ് ഭാഗികമായി അംഗീകരിച്ചത്. സി.ആർ.ഇസഡ് 2 ൽ നിയന്ത്രണങ്ങൾ താരതമ്യേന കുറവാണ്. അമ്പലപ്പുഴ വടക്ക്, അമ്പലപ്പുഴ തെക്ക്, ചിറയിൻകീഴ്, കരുംകുളം, കോട്ടുകാൽ, വെങ്ങാനൂർ എന്നീ ഗ്രാമപഞ്ചായത്തുകളിൽ അറ്റോമിക് മിനറൽ ശേഖരം ഉള്ളതിനാൽ സി.ആർ.ഇസഡ് 3 ലെ വ്യവസ്ഥകൾ ബാധകമായിരിക്കുമെന്ന് കേന്ദ്രം വ്യക്തമാക്കിയിട്ടുണ്ട്.

സി.ആർ.ഇസഡ് 2 ൽ പെടുന്ന മേഖലയിൽ മുനിസിപ്പൽ ചട്ടങ്ങൾ പ്രകാരം നിലനിൽക്കുന്ന FAR / FSI ലഭ്യമാകും. 2011 ലെ ജനസംഖ്യ സാന്ദ്രത കണക്കിലെടുത്ത് ഒരു ചതുരശ്ര കിലോമീറ്ററിൽ 2161 പേരോ അതിൽ കൂടുതലോ ഉള്ള വികസിത പ്രദേശങ്ങളെ മറ്റ് വികസന മാനദണ്ഡങ്ങൾ കൂടെ പരിഗണിച്ച് സി.ആർ ഇസഡ് 2 എ എന്ന വിഭാഗത്തിലും അതിൽ കുറഞ്ഞ ജനസംഖ്യയുള്ള പ്രദേശങ്ങളെ സി.ആർഇസഡ് 3 ബി വിഭാഗത്തിലും ഉൾപ്പെടുത്തി.

സി.ആർ.ഇസഡ് 2 എ പ്രകാരം കടലിൻ്റെ വേലിയേറ്റ രേഖയിൽ നിന്ന് 50 മീറ്റർ വരെ വികസന രഹിത മേഖലയായി കുറച്ചു. മുൻപ് ഇത് 200 മീറ്റർ വരെ ആയിരുന്നു. എന്നാൽ സി.ആർ ഇസഡ് 3 ബി യിൽ കടലിൻറെ വേലിയേറ്റ രേഖയിൽ നിന്ന് 200 മീറ്റർ വരെ വികസന രഹിത മേഖലയായി തുടരും. സി.ആർ.ഇസെഡ് 3 വിഭാഗത്തിൽ ഉൾനാടൻ ജലാശയങ്ങളുടെ വേലിയേറ്റ രേഖയിൽ നിന്നുള്ള ദൂരപരിധി 100 മീറ്ററിൽ നിന്ന് 50 മീറ്റർ വരെയായി കുറയും. മറ്റ് ചെറിയ ജലാശയങ്ങളുടെ കാര്യത്തിൽ 50 മീറ്റർ വരെയോ ജലാശയത്തിന്റെ വീതിക്കനുസരിച്ചോ വികസനരഹിത മേഖലയാക്കി കണക്കാക്കും. തുറമുഖത്തിന്റെ ഭാഗമായി പ്രഖ്യാപിച്ച പ്രദേശങ്ങളിൽ വികസനരഹിത മേഖല ബാധകമല്ല.

1991 ന് മുമ്പ് നിർമ്മിച്ചിട്ടുള്ള ബണ്ടുകൾ/ സൂയിസ് ഗേറ്റുകൾ നിലവിലുണ്ടെങ്കിൽ വേലിയേറ്റ രേഖ പ്രസ്തുത ബണ്ടുകൾ/സൂയിസ് ഗേറ്റുകളിൽ നിജപ്പെടുത്തിയാണ് തീരദേശ പരിപാലന പ്ലാനിന് അംഗീകാരം നൽകിയിരിക്കുന്നത്. 2019 സി.ആർ ഇസഡ് വിജ്ഞാപന പ്രകാരം 1000 ചതുരശ്ര മീറ്ററിൽ കൂടുതൽ വിസ്തീർണ്ണമുള്ള സർക്കാരിൻറെ ഉടമസ്ഥതയിലുള്ള കണ്ടൽക്കാടുകൾക്ക് ചുറ്റും മാത്രമാണ് 50 മീറ്റർ ബഫർ ഡീമാർക്കേറ്റ് ചെയ്യുന്നത്. 2019 ലെ തീരദേശ പരിപാലന പ്ലാനിൽ സ്വകാര്യ വ്യക്തികളുടെ ഉടമസ്ഥതയിലുള്ള കണ്ടൽക്കാടുകൾക്ക് ചുറ്റുമുള്ള ബഫർ ഏരിയ നീക്കം ചെയ്തിട്ടാണ് തീരദേശ പരിപാലന പ്ലാനിന് അംഗീകാരം നൽകിയിരിക്കുന്നത്.

Share post:

Popular

More like this
Related

ബോംബ്ഭീഷണി: ന്യൂയോർക്ക് – ഡൽഹി വിമാനം റോമിലേക്ക് വഴിതിരിച്ചുവിട്ടു

ന്യൂയോർക്ക് :  ന്യൂയോർക്കിൽ നിന്ന് ന്യൂഡൽഹിയിലേക്കുള്ള അമേരിക്കൻ എയർലൈൻസിന്റെ വിമാനം റോമിലേക്ക്...

വിരാട് കോലി 100 നോട്ട് ഔട്ട്! ചാമ്പ്യൻസ് ട്രോഫിയിൽ പാക്കിസ്ഥാനെ തകര്‍ത്ത് ഇന്ത്യ സെമിയിലേക്ക്

ദുഃബൈ: ചാമ്പ്യൻസ് ട്രോഫി ക്രിക്കറ്റില്‍ വിരാട് കോലി തൻ്റെ 51-ാം സെഞ്ചുറി പൂർത്തിയാക്കി...

ബന്ദികളുടെ കാര്യത്തിൽ ഉറപ്പ് വേണം ; 602 പലസ്തീൻ തടവുകാരുടെ മോചനം നീട്ടിവെച്ച് ഇസ്രയേൽ

ജറുസലേം: ആദ്യഘട്ട ബന്ദി കൈമാറ്റത്തിന്റെ ഭാഗമായുള്ള 602 പലസ്തീൻ തടവുകാരുടെ മോചനം...

കോൺഗ്രസിന് താക്കീതുമായി ശശി തരൂർ ; പാർട്ടിക്ക് വേണ്ടെങ്കില്‍ തനിക്ക് മുന്നില്‍ മറ്റുവഴികളുണ്ടെന്ന് മുന്നറിയിപ്പ്

തിരുവനന്തപുരം: കോണ്‍ഗ്രസിന് താക്കീതുമായി ശശി തരൂര്‍ എംപി. കോണ്‍ഗ്രസിന് വേണ്ടെങ്കില്‍ തനിക്ക്...