കൊച്ചി: കള്ളപ്പണക്കേസുകൾ ഒതുക്കാൻ പണം വാങ്ങിയ ഏജന്റുമാരിൽ ഒരാളെ കൊച്ചി എൻഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ് (ഇഡി) ഓഫീസിനുള്ളിൽ കണ്ടുവെന്ന് പരാതിക്കാർ. ഇഡി ഉദ്യോഗസ്ഥർക്കെന്നപേരിൽ രണ്ടുലക്ഷം രൂപ കൈക്കൂലി വാങ്ങവെ വിജിലൻസ് അറസ്റ്റ് ചെയ്ത രാജസ്ഥാൻ സ്വദേശി മുരളി മുകേഷിനെയാണ് ഇഡി ഓഫീസിനുള്ളിൽ കണ്ടതെന്ന് ഇവർ വെളിപ്പെടുത്തി.
ഇഡി ഓഫീസിലെ സിസിടിവിയിൽ ഈ ദൃശ്യങ്ങളുണ്ടാകുമെന്നും പരിശോധിക്കണമെന്നും പരാതിക്കാരനായ കൊട്ടാരക്കര സ്വദേശി അനീഷ്ബാബു പറയുന്നു. കേസ് ഒത്തുതീർപ്പാക്കി രേഖ തരുന്നത് ഡൽഹിയിൽനിന്ന് ഇഡി ഡയറക്ടറാണെന്ന് ഏജന്റുമാർ ഉറപ്പു നൽകിയെന്നും അനീഷ് ബാബു പറഞ്ഞു.
തെളിവുകളുടെ അടിസ്ഥാനത്തിൽ അന്വേഷണം ശക്തമാക്കുകയാണ് വിജിലന്‍സ്. അറസ്റ്റിലായ മൂന്നു പ്രതികളെയും ഒന്നിച്ചിരുത്തിയുളള ചോദ്യം ചെയ്യല്‍ അന്വേഷണ സംഘം തുടരുന്നു. കേസിലെ ഒന്നാം പ്രതിയായ ഇഡി ഉദ്യോഗസ്ഥന്‍ ശേഖര്‍ കുമാറിനെതിരെ കൂടുതല്‍ തെളിവുകള്‍ സമാഹരിക്കാനാണ് വിജിലന്‍സ് ശ്രമം. കൈക്കൂലി പണത്തിന്‍റെ കൈമാറ്റത്തില്‍ ഹവാല ഇടപാടുകളടക്കം നടന്നിട്ടുണ്ടെന്നാണ് വിജിലന്‍സിന്‍റെ നിഗമനം. കേസില്‍ അറസ്റ്റിലായ പ്രതികളുടെ ഫോണുകള്‍ ഉടന്‍ ശാസ്ത്രീയ പരിശോധനയ്ക്ക് അയയ്ക്കും.
അതേസമയം, ഉദ്യോഗസ്ഥനെതിരേയുള്ള അഴിമതി ആരോപണത്തിൽ സംസ്ഥാന വിജിലൻസിനോട് തെളിവും കേസിന്റെ വിശദാംശങ്ങളും ചോദിച്ച് എൻഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ് (ഇഡി) രംഗത്തെത്തി. ഉദ്യോഗസ്ഥരുടെയെല്ലാം ഫോൺകോൾ രേഖകൾ പരിശോധിക്കാനും നടപടി തുടങ്ങി. ഡൽഹി ഇഡി ഡയറക്ടറുടെ നിർദ്ദേശപ്രകാരമാണ് കൊച്ചി ഇഡിയുടെ നടപടി എന്നാണ് അറിവ്. ഇ-മെയിൽ മുഖാന്തരമാണ് വിജിലൻസുമായുള്ള ആശയവിനിമയം നടക്കുന്നത് എന്നാണ് സൂചന.