അവീവ് : ഒടുവിൽ ആശങ്ക അകന്നു, ആശ്വാസം പുലർന്നു. ഗാസ സമാധാനത്തിൻ്റെ പുലർവെട്ടത്തിലേക്ക്.
ഗാസയിലെ വെടിനിർത്തൽ വൈകിയ സാഹചര്യത്തിൽ, ഞായറാഴ്ച മോചിപ്പിക്കാൻ പദ്ധതിയിട്ടിരുന്ന മൂന്ന് ഇസ്രായേലി ബന്ദികളുടെ പേരുകൾ ഹമാസ് പുറത്തുവിട്ടതോടെയാണ് വെടിനിർത്തൽ കരാർ നിലവിൽ വന്നത്.
പലസ്തീനിൽ നിന്ന് ഹമാസ് മോചിപ്പിക്കുന്ന 33 ബന്ദികളുടെ പട്ടിക ലഭിക്കുന്നതുവരെ ഗാസയിൽ യുദ്ധം തുടരുമെന്നും ഗാസ വെടിനിർത്തൽ കരാറുമായി മുന്നോട്ട് പോകില്ലെന്നും ഇസ്രായേൽ പ്രധാനമന്ത്രി ബെഞ്ചമിൻ നെതന്യാഹു നേരത്തെ വ്യക്തമാക്കിയിരുന്നു. ഇത് വെടിനിർത്തൽ രണ്ട് മണിക്കൂറിലധികം വൈകിപ്പിച്ചു.
ഞായറാഴ്ച വെടിനിർത്തൽ കരാറിന്റെ ഭാഗമായി റോമി ഗോണൻ, എമിലി ഡമാരി, ഡോറോൺ സ്റ്റെയിൻബ്രെച്ചർ എന്നീ മൂന്ന് വനിതാ ബന്ദികളെ മോചിപ്പിക്കുമെന്ന് ഹമാസ് അറിയിച്ചു. ഇതോടെ ഇസ്രായേലും ഗാസയിലെ ഭരണാധികാരമുള്ള ഹമാസും തമ്മിൽ 15 മാസമായി തുടരുന്ന യുദ്ധത്തിനാണ് വിരാമമാകുന്നത്. ഗാസ മുനമ്പിൽ വ്യാപകമായ നാശം വിതച്ച സംഘർഷം പതിനായിരക്കണക്കിന് ഫലസ്തീനികളുടെ ജീവനാണ് അപഹരിച്ചത്. വെടിനിർത്തൽ കരാറിൻ്റെ ഈ ഘട്ടം 42 ദിവസം നീണ്ടുനിൽക്കും, രണ്ടാം ഘട്ടത്തെക്കുറിച്ചുള്ള ചർച്ചകൾ രണ്ടാഴ്ചയ്ക്കുള്ളിൽ ആരംഭിക്കുമെന്ന് പ്രതീക്ഷിക്കുന്നു.
അതേസമയം, ഇസ്രായേൽ വ്യോമാക്രമണം ശനിയാഴ്ചയും തുടർന്നു, കഴിഞ്ഞ 24 മണിക്കൂറിനുള്ളിൽ 23 മൃതദേഹങ്ങൾ ആശുപത്രികളിലെത്തിച്ചതായി ഗാസ ആരോഗ്യ മന്ത്രാലയം അറിയിച്ചു.
2023 ഒക്‌ടോബർ 7-നാണ് ഹമാസിൻ്റെ നേതൃത്വത്തിൽ ആക്രമണത്തിന് തുടക്കമായത്. 1200-ഓളം ഇസ്രായേലികൾ കൊല്ലപ്പെടുകയും 250-ഓളം പേരെ ബന്ദികളാക്കുകയും ചെയ്തു. 46,000 ഫലസ്തീനികളെ കൊന്നൊടുക്കിയ ആക്രമണത്തിലൂടെയാണ് ഇസ്രായേൽ പ്രതികരിച്ചത്.
ഗാസയിലെ ഏറ്റവും വലിയ ആശുപത്രിയായ അൽ ഷിഫയടക്കം ആക്രമിക്കപ്പെട്ടു. നവംബർ 21ന് ഏഴ് ദിവസത്തെ താൽക്കാലിക വെടിനിർത്തൽ ഉണ്ടായി. ബന്ദികളെ പരസ്പരം കൈമാറി. പക്ഷേ അതൊരു അർദ്ധവിരാമം മാത്രമായിരുന്നു. ഡിസംബർ ഒന്ന് മുതൽ ആക്രമണം പൂർവ്വാധികം ശക്തമായി. തെക്കൻ ഗാസയിൽ കരയുദ്ധവും ഇസ്രായേൽ തുടങ്ങി. ജനുവരി ഒന്നിന് വടക്കൻ ഗാസയിൽ നിന്ന് പിന്മാറ്റം പ്രഖ്യാപിച്ചെങ്കിലും ആക്രമണം പിന്നെയും തുടർന്നു. അന്താരാഷ്ട്ര നീതിന്യായ കോടതി ഇടപെട്ടെങ്കിലും കാര്യമുണ്ടായില്ല.
ഏപ്രിൽ ഒന്നിന് ഡമാസ്കസിലെ ഇറാൻ എംബസിയും ഇസ്രയേൽ ആക്രമിച്ചു. . മുന്നൂറോളം മിസൈലുകളും ഡ്രോണുകളും ഇസ്രായേലിലേക്ക് അയച്ചായിരുന്നു ഇറാന്‍റെ മറുപടി. പ്രതീക്ഷിച്ച പോലെ അതിർത്തിയുടെ നിയന്ത്രണം ഏറ്റെടുക്കാൻ, ഇസ്രയേൽ റഫയും ആക്രമിച്ചു. ജൂലൈ മാസത്തിന്‍റെ തുടക്കത്തോടെ ഖാൻ യൂനിസിൽ നിന്നും റഫയിൽ നിന്നും ഇസ്രായേൽ പിന്മാറ്റം തുടങ്ങി. പക്ഷേ ജൂലൈ 27ന് ഗോലൻ കുന്നുകളിൽ ഹിസ്ബുള്ള നടത്തിയ ആക്രമണത്തിൽ 12കുട്ടികൾ കൊല്ലപ്പെട്ടു. നാലാം ദിവസം ഹമാസിന്‍റെ തലച്ചോറായിരുന്ന ഇസ്മയിൽ ഹനിയ കൊല്ലപ്പെട്ടു. ഇറാൻ പ്രസിഡന്റ് മസൂദ് പെഷസ്കിയാന്റെ സത്യപ്രതിജ്ഞാചടങ്ങിൽ പങ്കെടുത്തു മണിക്കൂറുകൾക്കകമുള്ള ആക്രമണം ഇറാനുള്ള മുന്നറിയിപ്പ് കൂടിയായിരുന്നു. സപ്തംബർ 17ന് ആശയവിനിമയത്തിന് ഹിസ്ബുല്ല ഉപയോഗിച്ചിരുന്ന ആയിരക്കണക്കിന് പേജറുകൾ ഒരേ സമയം പൊട്ടിത്തെറിച്ചു. ഹിസ്ബുല്ലയ്ക്ക് ഇസ്രയേലിന്‍റെ മറുപടി.
സെപ്തംബർ 28ന് ബെയ്റൂത്തിൽ നടത്തിയ വ്യോമാക്രമണത്തിൽ ഹിസ്ബുല്ല തലവൻ ഹസൻ നസ്റുല്ല കൊല്ലപ്പെട്ടു. യഹിയ സിൻവാറിന്‍റെ മരണം അതിലും വലിയ തിരിച്ചടിയായി. ഒക്ടോബർ 7 ആക്രമണത്തിന്‍റെ സൂത്രധാരൻ കൂടിയായിരുന്നു സിൻവാർ.
നവംബർ 21 ന് അന്താരാഷ്ട്ര നീതിന്യായക്കോടതി നെതന്യാഹുവിനായി അറസ്റ്റ് വാറണ്ട് പുറപ്പെടുവിച്ചു. നവംബർ 27 ന് ഇസ്രായേലും ഹിസ്ബുല്ലയും വെടിനിർത്തൽ കരാറിലെത്തി. ഡിസംബറിന്‍റെ തുടക്കം സമാധാനശ്രമങ്ങളുടേതായിരുന്നു. അമേരിക്കൻ പ്രസിഡന്‍റ് ജോ ബൈഡൻ ഉൾപ്പെടെയുള്ളവർ ചർച്ചകൾക്ക് ശ്രമിച്ചുകൊണ്ടേയിരുന്നു. ബന്ദികളെ മോചിപ്പിച്ചില്ലെങ്കിൽ കനത്ത വില നൽകേണ്ടി വരുമെന്ന് നിയുക്ത പ്രസിഡന്‍റ് ട്രംപ് ആവർത്തിച്ചു. ഇതിനിടയിലെല്ലാം ആക്രമണം തുടർന്നു കൊണ്ടിരുന്നു. പക്ഷേ ചർച്ചകൾ തുടർന്നു. കൂടുതൽ മധ്യസ്ഥൻമാരുണ്ടായി.ഒടുവിൽ ജനുവരി 15ന്, 15 മാസങ്ങൾക്കിപ്പുറം ഇസ്രയേലും ഹമാസും തമ്മിലുള്ള വെടിനിർത്തൽ കരാറിന് അംഗീകാരം ലഭിച്ചു. ഒടുവിൽ ഒട്ടേറെ ആശങ്കകൾക്കൊടുവിൽ ഇന്ന് കരാർ പ്രാബല്യത്തിലായി.