ജിരിബാം : മണിപ്പൂർ സംഘർഷത്തിൽ ഒരാൾ കൊല്ലപ്പെട്ടു. ജിരിബാം ജില്ലയിൽ ജനക്കൂട്ടത്തെ പിരിച്ചുവിടാൻ സുരക്ഷാ സേന നടത്തിയ വെടിവെപ്പിലാണ് കെ അത്തൗബ എന്ന 20 വയസ്സുകാരൻ കൊല്ലപ്പെട്ടത്. മറ്റൊരാൾക്ക് പരിക്കുണ്ട്. . ബാബുപാറയിൽ രാത്രി 11 മണിയോടെയാണ് സംഭവം. പരിക്കേറ്റയാളെ സമീപത്തെ ആശുപത്രിയിലേക്ക് മാറ്റി, . , ഇയാളുടെ ആരോഗ്യനില സംബന്ധിച്ച മറ്റ് വിവരങ്ങൾ ഇതുവരെ പുറത്തുവിട്ടിട്ടില്ല.
പ്രദേശത്തെ ബിജെപിയുടെയും കോൺഗ്രസിൻ്റെയും പ്രാദേശിക ഓഫീസുകളിൽ നിന്ന് ഫർണിച്ചറുകളും മറ്റ് വസ്തുവകകളും ജനക്കൂട്ടം കൊള്ളയടിക്കുകയും തീയിടുകയും ചെയ്തു. ജിരിബാം പോലീസ് സ്റ്റേഷൻ്റെ 500 മീറ്റർ പരിധിയിലാണ് അക്രമം.

അതേസമയം മണിപ്പൂരിലെ സ്ഥിതിഗതികൾ ചർച്ച ചെയ്യാൻ കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാ ഇന്ന് ഉദ്യോഗസ്ഥരുമായി വിശദമായ യോഗം ചേരും . ആഭ്യന്തര മന്ത്രാലയത്തിൻ്റെ വടക്കുകിഴക്കൻ വിഭാഗത്തിലെ മുതിർന്ന ഉദ്യോഗസ്ഥർ, കേന്ദ്ര ആഭ്യന്തര സെക്രട്ടറി, ഇൻ്റലിജൻസ് ബ്യൂറോ ഡയറക്ടർ, കേന്ദ്ര സായുധ പോലീസ് സേന (സിഎപിഎഫ്), അസം റൈഫിൾസ് എന്നിവയിലെ ഉദ്യോഗസ്ഥർ യോഗത്തിൽ പങ്കെടുക്കും.
ആറ് പേർ കൊല്ലപ്പെട്ടതിൻ്റെ പശ്ചാത്തലത്തിൽ പൊട്ടിപ്പുറപ്പെട്ട അക്രമങ്ങൾക്കിടയിൽ ഇംഫാൽ വെസ്റ്റിലും ഈസ്റ്റിലും കർഫ്യൂ ഏർപ്പെടുത്തുകയും 7 ജില്ലകളിലെ ഇൻ്റർനെറ്റ് സേവനങ്ങൾ താൽക്കാലികമായി നിർത്തിവയ്ക്കുകയും ചെയ്തിരുന്നു.
ആൾക്കൂട്ട ആക്രമണവുമായി ബന്ധപ്പെട്ട് 23 പേരെ അറസ്റ്റ് ചെയ്തതായി മണിപ്പൂർ പോലീസ് ഞായറാഴ്ച പറഞ്ഞു. ഇവരിൽ നിന്ന് ഒരു.32 പിസ്റ്റൾ, ഏഴ് റൗണ്ട് എസ്ബിബിഎൽ (സിംഗിൾ ബാരൽ ബ്രീച്ച് ലോഡിംഗ്), എട്ട് മൊബൈൽ ഫോണുകൾ എന്നിവ പോലീസ് പിടിച്ചെടുത്തതായി വാർത്താ ഏജൻസിയായ എഎൻഐ റിപ്പോർട്ട് ചെയ്തു
സംസ്ഥാനത്ത് നിലനിൽക്കുന്ന പ്രതിസന്ധിക്ക് പരിഹാരം കാണാൻ കഴിയുന്നില്ലെന്ന് ആരോപിച്ച് നാഷണൽ പീപ്പിൾസ് പാർട്ടി (എൻപിപി) ബിജെപി നേതൃത്വത്തിലുള്ള മണിപ്പൂർ സർക്കാരിനുള്ള പിന്തുണ പിൻവലിച്ചു. സംസ്ഥാനത്തെ ക്രമസമാധാന നില വഷളായതിൽ ആശങ്ക പ്രകടിപ്പിച്ച് എൻപിപി ദേശീയ അധ്യക്ഷനും മേഘാലയ മുഖ്യമന്ത്രിയുമായ കോൺറാഡ് കെ സാങ്മ ബിജെപി അധ്യക്ഷൻ ജെപി നദ്ദയ്ക്ക് കത്തയച്ചു. സ്ഥിതിഗതികൾ കൂടുതൽ വഷളായെന്നും ഇത് നിരപരാധികളായ സാധാരണക്കാരുടെ മരണത്തിലേക്ക് നയിച്ചെന്നും കത്തിൽ ചൂണ്ടിക്കാട്ടുന്നു.
“ശ്രീ ബിരേൻ സിംഗിൻ്റെ നേതൃത്വത്തിൽ മണിപ്പൂർ സംസ്ഥാന സർക്കാർ പ്രതിസന്ധി പരിഹരിക്കുന്നതിലും സാധാരണ നില പുനഃസ്ഥാപിക്കുന്നതിലും പൂർണമായും പരാജയപ്പെട്ടുവെന്ന് ഞങ്ങൾക്ക് ശക്തമായി തോന്നുന്നു. നിലവിലെ സാഹചര്യം കണക്കിലെടുത്ത്, മണിപ്പൂർ സംസ്ഥാനത്ത് ബിരേൻ സിങ്ങിൻ്റെ നേതൃത്വത്തിലുള്ള സർക്കാരിനുള്ള പിന്തുണ ഉടൻ പിൻവലിക്കാൻ നാഷണൽ പീപ്പിൾസ് പാർട്ടി തീരുമാനിച്ചു,” കത്തിൽ പറയുന്നു.