ന്യൂഡല്‍ഹി: ഹരിയാണ നിയമസഭാ തിരഞ്ഞെടുപ്പില്‍ ഇവിഎം അട്ടിമറി നടന്നുവെന്ന ആരോപണത്തില്‍ ഉറച്ച് കോണ്‍ഗ്രസ്. ”99 ശതമാനം ബാറ്ററി ചാര്‍ജ് പ്രദര്‍ശിപ്പിച്ച വോട്ടിംഗ് മെഷീനുകളിൽ കോണ്‍ഗ്രസ് സ്ഥാനാര്‍ഥികള്‍ പരാജയപ്പെട്ടത് വിചിത്രമായ യാദൃശ്ചികതയാണ്. 60-70 ശതമാനം ബാറ്ററി ചാര്‍ജുള്ള മെഷീനുകളില്‍ കോണ്‍ഗ്രസ് സ്ഥാനാര്‍ഥികള്‍ വിജയിക്കുകയും ചെയ്തു.” – കോൺഗ്രസ് വക്താവ് പവന്‍ ഖേര പറഞ്ഞു.
99 ശതമാനം ചാര്‍ജുണ്ടായിരുന്ന ഇവിഎമ്മുകളിലാണ് കോണ്‍ഗ്രസിന്റെ പ്രധാന സംശയം. വോട്ടെണ്ണല്‍ ദിനത്തില്‍ തന്നെ ഇത് സംബന്ധിച്ച ആരോപണം അവർ ഉയര്‍ത്തിയിരുന്നു. അട്ടിമറി സംശയിക്കുന്ന 20 മണ്ഡലങ്ങളുടെ ലിസ്റ്റ് തയ്യാറാക്കി തിരഞ്ഞെടുപ്പ് കമ്മിഷന് കൈമാറി കഴിഞ്ഞു ഇതിനകം കോൺഗ്രസ്. ഈ മണ്ഡലങ്ങളിലെ സ്ഥാനാര്‍ഥികളുടെ എഴുതി തയ്യാറാക്കിയ പരാതിയും തിരഞ്ഞെടുപ്പ് കമ്മിഷന് നല്‍കിയിട്ടുണ്ട്
ഹരിയാണ നിയമസഭാ വോട്ടെണ്ണലിൻ്റെ ആദ്യ മണിക്കൂറുകളിൽ കേവല ഭൂരിപക്ഷത്തിന് മുകളിൽ സീറ്റുകളിൽ കോൺഗ്രസ് മുന്നിട്ടു നിന്ന ശേഷമാണ് പെട്ടെന്ന് ഫലം മാറി മറഞ്ഞത്. ഫലപ്രഖ്യാപനത്തിന് പിന്നാലെ തന്നെ കോണ്‍ഗ്രസ് പ്രതിനിധി സംഘം തിരഞ്ഞെടുപ്പ് കമ്മിഷനെ കണ്ടിരുന്നു. 90 അംഗ നിയമസഭയില്‍ ബിജെപി 48 സീറ്റുകളിൽ വിജയിച്ചപ്പോൾ കോണ്‍ഗ്രസിന് 37 സീറ്റുകൾ കൊണ്ട് തൃപ്തിപ്പെടേണ്ടിവന്നു.