ന്യൂഡൽഹി : വിപ്പ് നൽകിയിട്ടും വഖഫ് ഭേദഗതി ബിൽ ചർച്ചയിൽ പ്രിയങ്ക ഗാന്ധി പാർലമെന്‍റില്‍ എത്താതിരുന്നതിനെ വിമർശിച്ച് എ എ റഹീം എം പി. വഖഫ് വോട്ടെടുപ്പിൽ വിപ്പ് ബാധകം അല്ലാത്ത ഒരാൾ കോൺഗ്രസിൽ ഉണ്ട്. സഭയിൽ പ്രിയങ്ക ഗാന്ധിയുടെ അസാന്നിദ്ധ്യത്തെ കുറിച്ച് കോൺഗ്രസിന് ന്യായീകരിക്കാൻ കഴിയില്ല. വിപ്പ് ലംഘിച്ച പ്രിയങ്കയ്ക്കെതിരെ എന്ത് നടപടിയെടുക്കും. ബിജെപിയുമായുള്ള എന്ത് സൗഹൃദത്തിന്റെ പേരിലാണ് പ്രിയങ്ക ഗാന്ധി വരാതിരുന്നത് എന്ന് കോൺഗ്രസും വ്യക്തമാക്കണമെന്നും എ എ റഹീം ആവശ്യപ്പെട്ടു.
അതേസമയം അടുത്തബന്ധുവിന്റെ ചികിത്സയോട് ബന്ധപ്പെട്ട് പ്രിയങ്ക വിദേശത്താണെന്നാണ് ഔദ്യോഗിക വിവരം. ലോക്‌സഭ സ്പീക്കറെയും കോണ്‍ഗ്രസ് പാര്‍ലമെന്ററി പാര്‍ട്ടിയെയും യാത്രാ വിവരം അറിയിച്ചിരുന്നു. വഖഫ് ബില്ലിന്റെ ചർച്ച തുടങ്ങുമ്പോൾ സഹോദരനും പ്രതിപക്ഷ നേതാവുമായ രാഹുൽ ഗാന്ധിയും ലോക്സഭയിലെത്തിയിരുന്നില്ല.
എന്നാൽ, പിന്നീട് അദ്ദേഹം ലോക്സഭയിലെത്തിയെങ്കിലും ബില്ലിൽ ഇടപെട്ട് സംസാരിച്ചില്ല. 14 മണിക്കൂറോളം നീണ്ട ചർച്ചക്കൊടുവിലാണ് വഖഫ് ബിൽ കേന്ദ്രസർക്കാർ പാസാക്കിയത്. 288 പേരാണ് ലോക്സഭയില്‍ ബില്ലിനെ അനുകൂലിച്ചത്. 232 പേര്‍ എതിര്‍ത്തു. പ്രതിപക്ഷത്തിന്‍റെ ആവശ്യപ്രകാരമാണ് വോട്ടെടുപ്പ് നടത്തിയത്.