[ Photo Courtesy : Rajmaji/X ]
ബെംഗളൂരു: കാറിന് മുകളിലേക്ക് കണ്ടെയ്‌നര്‍ ലോറി മറിഞ്ഞ് രണ്ട് കുട്ടികളടക്കം ആറുപേര്‍ മരിച്ചു. ബെംഗളൂരു റൂറലിലെ നീലമംഗലയ്ക്ക് സമീപം ദേശീയപാത 48- ലാണ് അപകടം. വോൾവോ കാറിൽ സഞ്ചരിച്ചിരുന്ന ആറ് പേരാണ് മരണപ്പെട്ടത്. വിജയപുരയിലേക്ക് അവധിക്കാലം ആഘോഷിക്കാന്‍ പോയതായിരുന്നു ഇവർ.
ശനിയാഴ്ച രാവിലെ 11 മണിയോടെയാണ് അപകടം സംഭവിച്ചത്. ബെംഗളൂരുവില്‍ നിന്ന് തുമകുരുവിലേക്ക് പോകുകയായിരുന്ന കണ്ടെയ്‌നര്‍ ലോറി മറ്റൊരു ട്രക്കുമായി കൂട്ടിയിടിച്ചതാണ് അപകടത്തിന് കാരണമായത്. ഇടിയുടെ ആഘാതത്തിൽ രണ്ട് വാഹനങ്ങളും മറിഞ്ഞപ്പോൾ കണ്ടെയ്‌നര്‍ ലോറി ഒരേ ദിശയിൽ സഞ്ചരിക്കുകയായിരുന്ന കാറിന് മുകളിലേക്കാണ് മറിഞ്ഞു വീണത്.
കാറിലുണ്ടായിരുന്ന ആറുപേരും സംഭവ സ്ഥലത്ത് വെച്ചുതന്നെ മരിച്ചതായാണ് പോലീസ് പറയുന്നത്. ക്രെയിനും മറ്റും ഉപയോഗിച്ചാണ് കണ്ടെയ്‌നര്‍ ലോറി കാറിന് മുകളില്‍ നിന്ന് മാറ്റിയത്. മൃതദേഹങ്ങള്‍ നീലമംഗല സര്‍ക്കാര്‍ ആശുപത്രി മോര്‍ച്ചറിയിലേക്ക് മാറ്റി.