കൊച്ചി: എംഎൽഎ പി വി അൻവറുമായി നടത്തിയ ഫോൺസംഭാഷണത്തിൽ കുടുങ്ങിയ പത്തനംതിട്ട എസ് പി സുജിത് ദാസിനെതിരെ നടപടി വന്നേക്കും. ക്രമസമാധാന ചുമതലയിൽ നിന്ന് നീക്കാനാണ് ആലോചന. മുഖ്യമന്ത്രി പിണറായി വിജയനുമായി കൂടിക്കാഴ്ച നടത്തിയ ശേഷം ക്രമസമാധാന ചുമതലയുള്ള എഡിജിപി എം ആർ അജിത് കുമാർ ഉന്നത ഉദ്യോഗസ്ഥരുമായി ചർച്ച നടത്തി. സംസ്ഥാന പൊലീസ് മേധാവി ഷേഖ് ദർവേഷ് സാഹിബിന്റെ നേതൃത്വത്തിൽ ആയിരുന്നു ചർച്ച.
സുജിത് ദാസിനെ സസ്പെൻഡ് ചെയ്യണമെന്ന ആലോചനയും സർക്കാർ തലത്തിൽ ഉണ്ട്. മുഖ്യമന്ത്രിയുടെ പൊളിറ്റിക്കൽ സെക്രട്ടറി പി ശശി, ഉന്നത ഉദ്യോഗസ്ഥരായ എം ആർ അജിത് കുമാർ, എസ് ശശിധരൻ എന്നിവരെയും സംഭാഷണത്തിനിടെ സുജിത് ദാസ് അപകീർത്തിപ്പെടുത്തുന്നുണ്ട്. കേസിൽ നിന്ന് ഒഴിവാകാൻ എംഎൽഎയോട് കെഞ്ചിയ ഉദ്യോഗസ്ഥന്റെ നടപടി ഐപിഎസ് ഉദ്യോഗസ്ഥർക്ക് നാണക്കേടാണെന്നാണ് വിലയിരുത്തൽ. അതേസമയം, പി ശശിയും എംആർ അജിത് കുമാറും ചേർന്ന് പൊലീസിനെ നിയന്ത്രിക്കുന്നതിലുള്ള അതൃപ്തിയാണ് സുജിത്തിന്റെ വാക്കുകളിൽ ഉള്ളതെന്നാണ് ഒരു വിഭാഗം ഐപിഎസ് ഉദ്യോഗസ്ഥരുടെ വാദം.
മലപ്പുറം എസ് പി ക്യാംപ് ഓഫീസിലെ മരം മുറിച്ച് കടത്തിയെന്ന കേസിലെ പരാതി പിൻവലിച്ചാൽ ജീവിത കാലം മുഴുവൻ താൻ കടപ്പെട്ടിരിക്കുമെന്ന് എംഎൽഎ പി വി അൻവറിനോട് മലപ്പുറം മുൻ എസ് പിയായിരുന്ന സുജിത് ദാസ് പറയുന്ന ഫോൺ സന്ദേശമാണ് കഴിഞ്ഞ ദിവസം പുറത്തുവന്നത്. എഡിജിപി എംആർ അജിത് കുമാറിനെതിരെയും ഗുരുതര ആരോപണങ്ങൾ സംഭാഷണത്തിലുണ്ടായിരുന്നു. വിവാദങ്ങൾക്കിടെ സുജിത് ദാസ് അവധിയിൽ പ്രവേശിച്ചിരുന്നു. മൂന്ന് ദിവസത്തേക്കാണ് അവധി അപേക്ഷ നൽകിയത്.