കണ്ണൂർ: കണ്ണൂർ കളക്ടർ അരുൺ കെ. വിജയനെതിരേ കടുത്ത വിമർശനവുമായി വീണ്ടും സി.പി.ഐ. ആറളം ഫാം ഭൂമി സ്വകാര്യ വ്യക്തികൾക്ക് പാട്ടത്തിന് നൽകാനുള്ള കലക്ടറുടെ തീരുമാനത്തിനെതിരേയാണ് പ്രതിഷേധം ശക്തമാക്കുന്നത്. ഫാം പാട്ടത്തിന് നൽകാനുള്ള തീരുമാനത്തിൽ പ്രതിഷേധിച്ച് കഴിഞ്ഞ ദിവസം സി.പി.ഐ.യുടെ സംഘടനയായ അഖിലേന്ത്യ കിസാൻസഭ ജില്ലാ കമ്മിറ്റി ഫാം ഓഫീസിന് മുന്നിൽ പ്രതിഷേധ സമരം സംഘടിപ്പിച്ചിരുന്നു. സമരത്തിൽ സി.പി.ഐ. ജില്ലാ അസി. സെക്രട്ടറിമാരായ കെ.ടി. ജോസും എ. പ്രദീപനും കലക്ടർക്കെതിരെ പരസ്യ വിമർശനമാണ് ഉന്നയിച്ചത്.
ഫാം ഭൂമി വ്യക്തികൾക്ക് പാട്ടത്തിന് നൽകുന്നത് എൽ.ഡി.എഫ്. നയത്തിന് വിരുദ്ധമാണ്. ഫാമിന്റെ കണ്ണായ ഭൂമിയാണ് പാട്ടക്കരാറിലൂടെ കൈമാറുന്നത്. സംസ്ഥാനസർക്കാരിന്റെ ഭാഗമാണ് കളക്ടർ. ഇങ്ങനെയൊരു തീരുമാനമെടുക്കാൻ കളക്ടർക്ക് ആര് അധികാരം നൽകിയെന്ന് എ. പ്രദീപൻ ചോദിച്ചു. ചുമതലയേറ്റെടുത്തശേഷം കളക്ടർ ഇതുവരെ ഫാമിൽ കാലുകുത്തിയിട്ടില്ലെന്ന് കെ.ടി. ജോസ് പറഞ്ഞു. പട്ടികവർഗവകുപ്പിലെ ഉന്നത ഉദ്യോഗസ്ഥരുടെ നീക്കത്തിന് സർക്കാരിന്റെ മൗനാനുവാദമുണ്ടെന്ന് സംശയിക്കുന്നു.
പട്ടികവർഗ വികസന വകുപ്പ് ഒരു കുടുംബത്തിലെ ഒരാൾക്ക് ഫാമിൽ തൊഴിൽ നൽകണമെന്നാണ് വ്യവസ്ഥ. വ്യക്തികൾക്ക് നൽകിയാൽ ഇതെല്ലാം ലംഘിക്കപ്പെടും. മാനേജ്മെന്റിന്റെ കെടുകാര്യസ്ഥത കാരണം നഷ്ടത്തിലായതിന്റെ പേരിലാണ് ഭൂമി പാട്ടത്തിന് നൽകുന്നതെന്നും ജോസ് പറഞ്ഞു. സംസ്ഥാന സർക്കാരിന്റെ മൗനാനുവാദത്തോടെയാണ് ഫാം ഭൂമി പാട്ടത്തിന് നൽകാൻ തീരുമാനിച്ചതെന്ന് സംശയിക്കേണ്ടിയിരിക്കുന്നുവെന്നും നേതാക്കൾ പരസ്യമായി പറഞ്ഞു. വയനാട് ഉപതിരഞ്ഞെടുപ്പിനുശേഷം പുതിയ സമരപരിപാടി തീരുമാനിക്കും.
കളക്ടർക്കെതിരായ പരാതി പാർട്ടി സംസ്ഥാന നേതൃത്വത്തിനും റവന്യൂമന്ത്രിക്കും കണ്ണൂരിലെ നേതാക്കൾ നൽകിയിട്ടുണ്ട്. കണ്ണൂർ എ.ഡി.എം. ആയിരുന്ന നവീൻ ബാബുവിന്റെ മരണവുമായി ബന്ധപ്പെട്ടും കളക്ടർക്കെതിരേ ജില്ലയിലെ സി.പി.ഐ. നേതാക്കളുടെ പരാതി നിലനിൽക്കെയാണ് പുതിയ സംഭവ വികാസങ്ങൾ ഉടലെടുക്കുന്നത്.