സംഗറെഡ്ഡി : തെലങ്കാന സംഗറെഡ്ഡി ജില്ലയിലെ ഒരു ഫാർമസ്യൂട്ടിക്കൽ പ്ലാന്റിൽ തിങ്കളാഴ്ചയുണ്ടായ സ്ഫോടനത്തിൽ മരിച്ചവരുടെ എണ്ണം 34 ആയി. തകർന്ന സ്ഥലത്ത് നിന്ന് രക്ഷാപ്രവർത്തകർ അവശിഷ്ടങ്ങൾ നീക്കം ചെയ്യുന്നത് തുടരുകയാണ്. പശമൈലാറമിലെ സിഗാച്ചി ഇൻഡസ്ട്രീസ് ഫാർമ പ്ലാന്റിലുണ്ടായ സ്ഫോടനത്തിൽ മരിച്ചവരുടെ എണ്ണം ചൊവ്വാഴ്ച ജില്ലാ പോലീസ് സൂപ്രണ്ട് പരിതോഷ് പങ്കജ് സ്ഥിരീകരിച്ചു.
“അവശിഷ്ടങ്ങൾക്കടിയിൽ നിന്ന് മുപ്പത്തിയൊന്ന് മൃതദേഹങ്ങൾ പുറത്തെടുത്തു, ആശുപത്രിയിൽ ചികിത്സയിലിരിക്കെ മൂന്ന് പേർ മരിച്ചു. രക്ഷാപ്രവർത്തനത്തിന്റെ അവസാന ഘട്ടം ഇപ്പോഴും തുടരുകയാണ്,” അദ്ദേഹം വാർത്താ ഏജൻസിയായ പിടിഐയോട് പറഞ്ഞു.
ഒരു റിയാക്ടറിനുള്ളിൽ ഉണ്ടായ രാസപ്രവർത്തനം മൂലമാണ് സ്ഫോടനമെന്ന് സംശയിക്കുന്നു. ജൂൺ 30 തിങ്കളാഴ്ച രാവിലെ 8:15 നും 9:35 നും ഇടയിലാണ് സ്ഫോടനമുണ്ടായത്. തീപ്പിടുത്തത്തോടു കൂടി ഉണ്ടായ സ്ഫോടനത്തിൽ കെട്ടിടം നിലംപൊത്തി. തൊഴിലാളികൾ നിരവധി അടി താഴേക്ക് വീണ് കെട്ടിടാവശിഷ്ടങ്ങൾക്കിടയിൽ കുടുങ്ങി.
ദേശീയ ദുരന്ത നിവാരണ സേന (എൻഡിആർഎഫ്), സംസ്ഥാന ദുരന്ത നിവാരണ സേന (എസ്‌ഡിഎഫ്), പ്രാദേശിക അഗ്നിശമന സേനാംഗങ്ങൾ, പോലീസ് എന്നിവരെ രക്ഷാപ്രവർത്തനത്തിനും അഗ്നിശമന പ്രവർത്തനങ്ങൾക്കുമായി വിന്യസിച്ചു. രണ്ട് അഗ്നിശമന റോബോട്ടുകളേയു രയാദൗത്യത്തിനായി ഉപയോഗിച്ചു.
തെലങ്കാന മുഖ്യമന്ത്രി എ രേവന്ത് റെഡ്ഡി ഇന്ന് വൈകുന്നേരം സ്ഥലം സന്ദർശിക്കും.
സിഗാച്ചി ഇൻഡസ്ട്രീസ് ലിമിറ്റഡിന്റെ സംഗറെഡ്ഡി പ്ലാന്റിലെ പ്രവർത്തനങ്ങൾ 90 ദിവസത്തേക്ക് താൽക്കാലികമായി നിർത്തിവെച്ചു. നിർമ്മാണ അടിസ്ഥാന സൗകര്യങ്ങൾക്ക് വ്യാപകമായ നാശനഷ്ടമുണ്ടായിട്ടുണ്ട്. ആക്ടീവ് ഫാർമസ്യൂട്ടിക്കൽ ചേരുവകൾ (എപിഐകൾ), ഇന്റർമീഡിയറ്റുകൾ, എക്‌സിപിയന്റുകൾ എന്നിവ നിർമ്മിക്കുകയും പ്രവർത്തനങ്ങളും മാനേജ്‌മെന്റ് സേവനങ്ങളും നൽകുകയും ചെയ്യുന്ന സ്ഥാപനമാണിത്.
സ്ഫോടനത്തിന്റെ കാരണം അന്വേഷിക്കുന്നതിനും സുരക്ഷാ നടപടികൾ ശുപാർശ ചെയ്യുന്നതിനുമായി സംസ്ഥാന സർക്കാർ അഞ്ചംഗ സമിതി രൂപീകരിച്ചു. പ്രധാനമന്ത്രി നരേന്ദ്ര മോദിയും അനുശോചനം രേഖപ്പെടുത്തി, ഇരകളുടെ കുടുംബങ്ങൾക്ക് അടിയന്തര സഹായം പ്രഖ്യാപിച്ചു.
മുമ്പ് മാരകമായ വ്യാവസായിക അപകടങ്ങൾക്ക് സാക്ഷ്യം വഹിച്ചിട്ടുള്ള സംഗറെഡ്ഡി-പാശമൈലാരം ഇടനാഴിയിലെ വ്യാവസായിക സുരക്ഷാ മാനദണ്ഡങ്ങളെക്കുറിച്ചുള്ള ആശങ്കകൾ ഈ ദുരന്തം ഒരിക്കൽ കൂടി ഓർമ്മപ്പെടുത്തുന്നു.