ന്യൂഡൽഹി: മദ്യ നയ അഴിമതി കേസിൽ സി.ബി.ഐ അറസ്റ്റിനെയും റിമാൻഡിനെയും ചോദ്യം ചെയ്ത് ആം ആദ്മി പാർട്ടി (എ.എ.പി) തലവനും മുഖ്യമന്ത്രിയുമായ അരവിന്ദ് കെജ്രിവാൾ സമർപ്പിച്ച ഹരജി ഡൽഹി ഹൈക്കോടതി തള്ളി.
ന്യായമായ കാരണങ്ങളില്ലാതെയോ നിയമവിരുദ്ധമായോ ആണ് അറസ്റ്റെന്ന് പറയാനാകില്ലെന്ന് ജസ്റ്റിസ് നീന ബൻസാൽ കൃഷ്ണയുടെ ബെഞ്ച് പറഞ്ഞു. ജാമ്യാപേക്ഷ തീർപ്പാക്കിയ ഹൈക്കോടതി ജാമ്യത്തിനായി വിചാരണക്കോടതിയെ സമീപിക്കാമെന്നും പറഞ്ഞു.
മാർച്ച് 21നാണ് മദ്യനയ അഴിമതിയുമായി ബന്ധപ്പെട്ട കള്ളപ്പണം വെളുപ്പിക്കൽ കേസിൽ കെജ്രിവാളിനെ ഇ.ഡി അറസ്റ്റ് ചെയ്തത്. ഇതേ കേസിൽ ജൂൺ 26ന് സി.ബി.ഐയും അറസ്റ്റ് ചെയ്തു. മദ്യനയ രൂപീകരണത്തിന് ചുക്കാൻ പിടിച്ചത് ഡൽഹി മുഖ്യമന്ത്രിയാണെന്നും സൗത്ത് ഗ്രൂപ്പ് തയാറാക്കിയ റിപ്പോർട്ട് പിന്നീട് മദ്യനയം ആവുകയായിരുന്നുവെന്നുമാണ് സി.ബി.ഐ യുടെ വാദം.