കൊച്ചി: നൂതന സാങ്കേതിക വിദ്യയിൽ പുത്തൻ ചലച്ചിത്രാനുഭവം പകർന്നു നൽകി രണ്ടാം വരവറിയിച്ച ദേവദൂതൻ പ്രേക്ഷകപ്രീതി നേടി തിയേറ്ററിൽ മുന്നേറുകയാണ്. 24 വര്‍ഷങ്ങള്‍ക്ക് ശേഷമാണ് മോഹന്‍ലാൽ – സിബി മലയിൽ കൂട്ടുക്കെട്ടിൽ പിറന്ന ക്ലാസിക് റൊമാന്റിക് ചിത്രം ‘ദേവദൂതൻ’ വീണ്ടും തിയേറ്ററിലേക്കെത്തുന്നത്. മലയാളത്തിൽ ഒരു റീ-റിലീസ് സിനിമക്ക് ലഭിക്കാവുന്നതില്‍ ഏറ്റവും മികച്ച വരവേല്‍പ്പ് തന്നെയാണ് ദേവദൂതൻ നേടിയിരിക്കുന്നത്. രഘനാഥ് പലേരിയുടെ തിരക്കഥയില്‍ 2000ല്‍ പുറത്തിറങ്ങിയ ചിത്രം, സാങ്കേതികമായി മികച്ചതായിരുന്നെങ്കിലും തിയേറ്ററില്‍ വേണ്ടത്ര വിജയം നേടാൻ കഴിഞ്ഞിരുന്നില്ല.
ആദ്യദിനങ്ങളിലെ ഷോകൾ ഹൗസ്ഫുള്ളായതോടെ ചിത്രത്തിന്റെ സ്ക്രീൻ കൗണ്ട് വർദ്ധിപ്പിച്ചിരിക്കുകയാണ് നിർമ്മാതാക്കള്‍. തുടക്കത്തിൽ 56 തിയേറ്ററിൽ റിലീസ് ചെയ്ത ചിത്രം ഇപ്പോൾ 100 തിയേറ്ററുകളിലേക്കാണ് പ്രദർശനം വ്യാപിപ്പിച്ചിരിക്കുന്നത്.
ഒരിക്കല്‍ തിയേറ്റര്‍ തഴഞ്ഞ ചിത്രം വര്‍ഷങ്ങള്‍ക്ക് ശേഷം വിസ്മയം സൃഷ്ടിക്കുന്നതിൽ നിര്‍മ്മാതാക്കളായ കോക്കേഴ് ഫിലിംസും സന്തോഷം പങ്കുവെച്ചു.
കേരളത്തിന് പുറമേ ചെന്നൈ, കോയമ്പത്തൂര്‍, മുംബൈ, ഹൈദരാബാദ്, ഡൽഹി, ബെംഗളൂരു, മംഗളൂരു എന്നിവിടങ്ങളിലും സിനിമ റീ-റിലീസ് ചെയ്തിട്ടുണ്ട്. ഒപ്പം യുഎഇയിലും ജിസിസിയിലും ചിത്രം വെള്ളിയാഴ്ച തന്നെ എത്തി.
സംഗീതസംവിധായകനും ഗായകനുമായ വിശാല്‍ കൃഷ്ണമൂര്‍ത്തിയായാണ് ചിത്രത്തിൽ മോഹന്‍ലാല്‍ എത്തുന്നത്. ജയപ്രദ അവതരിപ്പിച്ച ആഞ്ജലീന ഇഗ്ലേഷ്യസാണ് മറ്റൊരു പ്രധാന കഥാപാത്രം.
വിനീത് കുമാര്‍, മുരളി, ജഗതി ശ്രീകുമാര്‍, ജഗദീഷ് തുടങ്ങിയവരും മറ്റു പ്രധാന കഥാപാത്രങ്ങളായി തീരശ്ശീലയിലെത്തുന്നു. സന്തോഷ് തുണ്ടിയില്‍ ഛായാഗ്രാഹകനായ ചിത്രത്തിന്റെ എഡിറ്റര്‍ എല്‍ ഭൂമിനാഥനാണ്. കെ ജെ യേശുദാസ്, എം. ജയചന്ദ്രന്‍, എംജി ശ്രീകുമാര്‍, കെഎസ് ചിത്ര, സുജാത, എസ് ജാനകി എന്നിവരാണ് ചിത്രത്തിലെ ഗായകര്‍.
ജനപ്രീതിയുള്ള മികച്ച ചിത്രം, മികച്ച കോസ്റ്റ്യൂം, മികച്ച സംഗീത സംവിധാനം എന്നിവ ഉള്‍പ്പടെ മൂന്ന് സംസ്ഥാന അവാര്‍ഡുകള്‍ അന്ന് ഈ ചിത്രം കരസ്ഥമാക്കിയിരുന്നു.
ഹൊററും മിസ്റ്ററിയും പ്രണയവും സംഗീതവുമെല്ലാം ഇഴചേര്‍ത്ത ത്രില്ലറായ ദേവദൂതന്‍ ‘കാലത്തിനും മുൻപേ ഇറങ്ങിപ്പോയ സിനിമ’ എന്ന അഭിപ്രായം അന്നേ ഈ സിനിമയെ പ്രണയിച്ചവരിൽ നിന്നുണ്ടായിരുന്നു. ഇന്നത് വീണ്ടും തിയേറ്ററുകളിൽ പ്രേക്ഷകര്‍ സ്വീകരിക്കുന്നത് കാണുമ്പോൾ ആ അഭിപ്രായം ഒന്നുകൂടി അടിവരയിടുകയാണ്.