തൃശൂർ : ആന എഴുന്നള്ളിപ്പ് നിയന്ത്രണം റദ്ദാക്കണമെന്ന് ആവശ്യപ്പെട്ട് ദേവസ്വങ്ങൾ സുപ്രീംകോടതിയെ സമീപിച്ചു. തൃശൂർ പാറമേക്കാവ്, തിരുവമ്പാടി ദേവസ്വങ്ങളാണ് സുപ്രീംകോടതിയെ സമീപിച്ചത്. ഹൈക്കോടതി ഡിവിഷൻ ബെഞ്ച് ഉത്തരവ് റദ്ദാക്കണമെന്നാണ് ദേവസ്വങ്ങളുടെ ആവശ്യം. ഡിവിഷൻ ബഞ്ചിന്റെ ഉത്തരവ് പ്രകാരം പൂരം എഴുന്നള്ളിപ്പുകൾ നടത്താൻ കഴിയില്ലെന്നാണ് ദേവസ്വങ്ങളുടെ വാദം. ഈ സാഹചര്യം വ്യക്തമാക്കിയാണ് സുപ്രീംകോടതിയിൽ ഹർജി നൽകിയിട്ടുള്ളത്.
അതേസമയം, മൃഗസ്നേഹികളുടെ സംഘടന തടസ്സ ഹർജിയും ഫയൽ ചെയ്തു. ഹർജിയിൽ തങ്ങളുടെ വാദം കേൾക്കാതെ തീരുമാനമെടുക്കരുതെന്ന് ആവശ്യപ്പെട്ട് മൂന്ന് തടസ്സ ഹർജികളാണ് കോടതിയിലെത്തിയിട്ടുള്ളത്.
ആനകളെ എഴുന്നള്ളിക്കുന്നതിൽ മാര്‍ഗ്ഗനിര്‍ദ്ദേശങ്ങൾ പാലിച്ചില്ലെന്നതിൻ്റെ പേരിൽ തൃപ്പൂണിത്തുറ പൂർണത്രയീശ ക്ഷേത്രം വൃശ്ചികോത്സവക്കമ്മിറ്റി കേസ് നേരിടുന്ന പശ്ചാത്തലത്തിൽ കൂടിയാണ് ദേവസ്വങ്ങൾ സുപ്രീംകോടതിയെ സമീപിച്ചത്. എഴുന്നെള്ളിക്കുമ്പോൾ ആനകൾ തമ്മിലുള്ള അകലം മൂന്ന് മീറ്റർ ആയിരിരിക്കണമെന്നതാണ് പ്രധാന മാര്‍ഗ്ഗനിര്‍ദ്ദേശം. തുടർച്ചയായി മൂന്ന് മണിക്കൂറിൽ കൂടുതൽ ആനയെ എഴുന്നള്ളത്തിന് നിര്‍ത്തരുത്, പൊതുജനങ്ങളിൽ നിന്ന് നിശ്ചിത ദൂരം പാലിക്കുക, തീവെട്ടി ആനയിൽ നിശ്ചിത ദൂരം പാലിച്ചു മാത്രം ഉപയോഗിക്കുക തുടങ്ങി നിരവധി മാര്‍ഗ്ഗനിര്‍ദ്ദേശങ്ങളാണ് ഹൈക്കോടതി ഉത്തരവിലുള്ളത്.