ന്യൂഡല്‍ഹി: മുന്‍ ക്രിക്കറ്റ് താരം ദേവജിത് സൈക്കിയയെ ബി.സി.സി.ഐ യുടെ ഇടക്കാല സെക്രട്ടറിയായി നിയമിച്ചു. ബി.സി.സി.ഐ പ്രസിഡന്റ് റോജര്‍ ബിന്നിയാണ് നിയമനം നടത്തിയത്. ബി.സി.സി.ഐ സെക്രട്ടറിയായിരുന്ന ജയ് ഷാ ഐ.സി.സി അദ്ധ്യക്ഷനായതോടെയാണ് ദേവജിത് സൈക്കിയ സെക്രട്ടറി സ്ഥാനത്തേക്കെത്തിയത്. മുൻ ഫസ്റ്റ് ക്ലാസ് ക്രിക്കറ്റ് താരമാണ് ദേവജിത്. ഡിസംബര്‍ ഒന്നിനാണ് ജയ് ഷാ ഐ.സി.സി അദ്ധ്യക്ഷനായി ചുമതലയേറ്റെടുത്തത്.
ഷാ രണ്ടുതവണയായി ആറുവര്‍ഷത്തോളം ഇന്ത്യന്‍ ക്രിക്കറ്റ് കണ്‍ട്രോള്‍ ബോര്‍ഡ് (ബി.സി.സി.ഐ) സെക്രട്ടറിയായി പ്രവര്‍ത്തിച്ചു. ഇന്ത്യന്‍ ക്രിക്കറ്റ് നിയമമനുസരിച്ച്, ഇടവേളയില്ലാതെ ഈ സ്ഥാനത്ത് രണ്ടുതവണയിലേറെ പ്രവര്‍ത്തിക്കാനാകില്ല. രണ്ടാം ടേമിന്റെ കാലാവധി കഴിയാനിരിക്കേയാണ് ജയ് ഷാ ഐസിസിയുടെ തലപ്പത്തേക്ക് എത്തുന്നത്.