കൊച്ചി : സംവിധായകൻ ഷാഫി (56) അന്തരിച്ചു. തലച്ചോറിൽ രക്തസ്രാവം ഉണ്ടായതിനെത്തുടർന്ന് ഒരാഴ്ച മുൻപ് ആസ്റ്റർ മെഡ്‌സിറ്റിയിൽ പ്രവേശിപ്പിച്ച ഷാഫി ഏഴു ദിവസമായി അതീവ ഗുരുതരാവസ്ഥയിലായിരുന്നു. ഇന്നലെ രാത്രി 11.30ന് ആയിരുന്നു വിയോഗം.
മൃതദേഹം ഇന്നു രാവിലെ ഇടപ്പള്ളി ബിടിഎസ് റോഡിലുള്ള സ്വവസതിയിലും തുടർന്ന് 9 മുതൽ 12 വരെ മണപ്പാട്ടിപ്പറമ്പ് കൊച്ചിൻ സഹകരണ ബാങ്ക് ഹാളിലും പൊതുദർശനത്തിനു വയ്ക്കും. സംസ്കാരം ഇന്ന് നാലിന് കലൂർ മുസ്‌ലിം ജമാഅത്ത് പള്ളിയിൽ നടക്കും.
എളമക്കര മൂത്തോട്ടത്ത് എം.പി. ഹംസയുടെയും നബീസയുടെയും മകനായി അന്തരിച്ച പ്രശസ്ത സംവിധായകനും അമ്മാവനുമായ സിദ്ദീഖിന്റെയും സഹോദരൻ റാഫിയുടെയും പ്രചോദനം ഉൾക്കൊണ്ടാണ് ഷാഫി സിനിമയിലേക്ക് കടന്നുവരുന്നത്. സംവിധാനം ചെയ്ത 18 സിനിമകളിൽ മിക്കതും വമ്പൻ ഹിറ്റുകളായിരുന്നു.
രാജസേനന്റെയും റാഫി-മെക്കാര്‍ട്ടിന്‍ സംവിധായകരുടേയും സഹായിയാണ് സിനിമാരംഗത്തേക്കുള്ള പ്രവേശനം. 2001-ല്‍ പുറത്തിറങ്ങിയ വണ്‍മാന്‍ഷോ എന്ന ചിത്രത്തിലൂടെ ഷാഫി സ്വതന്ത്ര സംവിധായകനായത്. തുടര്‍ന്ന് ഒട്ടേറെ സൂപ്പര്‍ഹിറ്റ് ചിത്രങ്ങളാണ് ഷാഫിയുടെ സംവിധാനമികവിൽ പിറന്നു വീണത്.
ചോക്ലേറ്റ്, കല്യാണരാമന്‍, പുലിവാല്‍ കല്യാണം, തൊമ്മനും മക്കളും, മേരിക്കുണ്ടൊരു കുഞ്ഞാട്, മായാവി, ചട്ടമ്പിനാട്, മേക്കപ്പ്മാന്‍, ടു കണ്‍ട്രീസ്, ഷെര്‍ലക്ക് ടോംസ് തുടങ്ങി 18 ചിത്രങ്ങള്‍ സംവിധാനം ചെയ്തു. മജ എന്ന ഒരേയൊരു തമിഴ്ചിത്രവും ഷാഫി സംവിധാനം നിർവ്വഹിച്ചിട്ടുണ്ട്. തൊമ്മനും മക്കളും എന്ന ചിത്രത്തിന്റെ റീമേക്ക് ആണ് ഈ ചിത്രം.
എളമക്കര മൂത്തോട്ടത്ത് എം.പി. ഹംസയുടെയും നബീസയുടെയും മകനായി ജനിച്ച ഷാഫിയുടെ യഥാർഥ പേര് എം.എച്ച്. റഷീദ് എന്നാണ്.
ഭാര്യ ഷാമില. മക്കൾ: അലീമ ഷെറിൻ, സൽമ ഷെറിൻ.