കൊച്ചി : ഹേമ കമ്മീഷൻ റിപ്പോർട്ടിനെ തുടർന്ന് ഉയർന്നുവന്ന ലൈംഗികാരോപണങ്ങളിൽ താരസംഘടനയായ അമ്മ’യിൽ കൂട്ടരാജി. പ്രസിഡന്‍റ് മോഹൻലാലും 17 അംഗ എക്സിക്യൂട്ടീവും രാജിവച്ച് ഒഴിഞ്ഞു. സംഘടനയെ നവീകരിക്കാനും ശക്തിപ്പെടുത്താനും പുതിയ ഭാരവാഹികൾക്ക് കഴിയട്ടെയെന്ന ആശംസയോടെയാണ് മോഹൻലാല്‍ വാക്കുകൾ അവസാനിപ്പിക്കുന്നത്. അമ്മയിലെ കൂടുതൽ അംഗങ്ങൾക്കെെതിരെ ആരോപണങ്ങൾ ഉയരുന്ന സാഹചര്യത്തിൽ സ്ഥാനമൊഴിയാൻ മോഹൻലാൽ നേരത്തെ തന്നെ സന്നദ്ധത അറിയിച്ചിരുന്നു എന്നാണ് റിപ്പോർട്ട്.
എങ്കിലും അമ്മയിലെ കൂട്ടരാജി അപ്രതീക്ഷിതവും നാടകീയവുമായിരുന്നു. പ്രതിസന്ധിയുടെ ആഴങ്ങളിലേക്ക് പതിച്ച സംഘടനയെ ഇനി നയിക്കാനില്ലെന്ന് ആദ്യം അറിയിച്ചത് പ്രസിഡന്‍റ് മോഹൻലാൽ. ഓൺലൈനായി ചേർന്ന എക്സിക്യൂട്ടീവ് യോഗത്തിൽ മോഹൻലാലിനെ പിന്‍തിരിപ്പിക്കാൻ പലരും ശ്രമിച്ചു. പക്ഷെ അദ്ദേഹം വഴങ്ങിയില്ല. എന്നാൽ ഞങ്ങളും ഒപ്പം രാജിവയ്ക്കാമെന്ന് മറ്റ് ഭാരവാഹികളും അറിയിച്ചു. അങ്ങനെയാണ് എക്സിക്യൂട്ടീവ് പിരിച്ചുവിടാനും രണ്ട് മാസത്തിനകം പുതിയ ഭാരവാഹികളെ തെരഞ്ഞെടുക്കാനും തീരുമാനിച്ചത്. അതുവരെ നിലവിലെ ഭരണ സംവിധാനം അഡ്ഹോക്ക് കമ്മിറ്റിയായി തുടരും. അംഗങ്ങൾക്കുള്ള കൈനീട്ടം. ഇൻഷുറൻ പദ്ധതികൾക്ക് മുടക്കം ഉണ്ടാകില്ല. വിമർശനങ്ങള്‍ക്കും തിരുത്തലുകൾക്കും നന്ദി പറഞ്ഞ് കൊണ്ടാണ് അമ്മയുടെ വാർത്താകുറിപ്പ് അവസാനിക്കുന്നത്
പ്രസിഡന്റ് മോഹൻലാലിനു പുറമെ വൈസ് പ്രസിഡന്റുമാരായ ജയൻ ചേർത്തല, ജഗദീഷ്, ജോയിന്റ് സെക്രട്ടറി ബാബുരാജ്, ട്രഷറർ ഉണ്ണി മുകുന്ദൻ തുടങ്ങിയവരും എക്സിക്യൂട്ടീവിലെ മറ്റ് അംഗങ്ങളുമാണ് രാജിവച്ചത്. കലാഭവൻ ഷാജോൺ, സുരാജ് വെഞ്ഞാറമൂട്, ജോയി മാത്യു, സുരേഷ് കൃഷ്ണ, ടിനി ടോം, അനന്യ, വിനു മോഹനൻ, ടൊവീനോ തോമസ്, സരയൂ, അൻസിബ, ജോമോൾ എന്നിവരാണു രാജിവച്ച എക്സിക്യൂട്ടീവ് അംഗങ്ങൾ.
ഹേമ കമ്മീഷൻ റിപ്പോർട്ടിനു പിന്നാലെ പുറത്തു വന്ന വെളിപ്പെടുത്തലുകളിൽ അമ്മ അംഗങ്ങൾക്കിടയിൽ അസ്വാരസ്യങ്ങൾ ഉയർന്നിരുന്നു. മാധ്യമങ്ങൾക്ക് മുന്നിൽ വ്യത്യസ്ത അഭിപ്രായങ്ങളുമായാണ് പല നടന്മാരും നടികളുമെത്തിയത്. ഇത് സംഘടനയിലെ ചേർച്ച കുറവ് പുറം ലോകത്തേക്കും എത്തിച്ചു. രാജിക്ക് ഒരു കാരണം ഇതാണെങ്കിലും പീഡന പരാതിയിൽ ‘അമ്മ’ ഭാരവാഹികളും അന്വേഷണം നേരിടേണ്ടി വരുമോ എന്ന ആശങ്കയും ഭരണസമിതി പിരിച്ചുവിടുന്നതിലേക്ക് എത്തിച്ചു എന്ന് വേണം കരുതാൻ. ഏതു വിധത്തിൽ പ്രതിസന്ധി മറികടക്കുമെന്ന് അറിയാതെ സംഘടനാ നേതൃത്വം ആകെ അങ്കലാപ്പിലാണ്.
ഹേമാ കമ്മീഷൻ.റിപ്പോർട്ടിനു പിന്നാലെയുണ്ടായ വെളിപ്പെടുത്തൽ തുടർന്നാണ് സിദ്ദീഖിൻ്റെ രാജി. ബംഗാളി നടി ശ്രീലേഖ മിത്രയുടെ തുറന്നു പറച്ചിലുകൾ രഞ്ജിത് ചലച്ചിത്ര അക്കാദമി ചെയർമാൻ സ്ഥാനം ഒഴിയാനും ഇടയാക്കി. ജോയിന്റ് സെക്രട്ടറി ബാബുരാജിനു നേരെയും ആരോപണങ്ങൾ ഉയർന്നതോടെ സംഘടന കടുത്ത പ്രതിസന്ധിയിലായിരുന്നു.
വിഷയത്തിൽ പരസ്യ പ്രതികരണവുമായി നടൻ ജഗദീഷ് അടക്കമുള്ള താരങ്ങൾ എത്തിയതും അമ്മയിൽ സംഭവിച്ച ഭിന്നത മറനീക്കി പുറത്ത് വന്നതിന് ഉദാഹരണമായി. ജയൻ ചേർത്തല അടക്കമുള്ള അംഗങ്ങളും അമ്മയുടെ നേതൃത്വത്തിനെതിരെ രംഗത്തെത്തി. അമ്മയ്ക്ക് വീഴ്ച സംഭവിച്ചുവെന്ന് നടൻ പൃഥ്വിരാജ് കഴിഞ്ഞ ദിവസം തുറന്നടിക്കുകയും ചെയ്തു. ഇന്ന് എക്സിക്യൂട്ടീവ് ചേർന്നു വിഷയം ചർച്ച ചെയ്യാൻ ആലോചിച്ചിരുന്നെങ്കിലും അതിന് പകരം ഭരണസമിതി പിരിച്ചുവിട്ട വാർത്തയാണ് വന്നത്.
മുൻപ് നടിയെ ആക്രമിച്ച കേസിലാണ് അമ്മ ഏറെ ചോദ്യം ചെയ്യപ്പെട്ടത്.അന്ന് അതിനെ പ്രതിരോധിക്കാനെത്തിയവർ ഇന്ന് ലൈംഗീക ആരോപണങ്ങൾക്ക് നടുവിലായി. 506 അംഗങ്ങളുള്ള സംഘടനയെ ഇക്കാലമത്രയും മുന്നിൽ നിന്നും പുറകിൽ നിന്നും നിയന്ത്രിച്ചിരുന്നവരെ ചോദ്യം ചെയ്യുന്ന ഗ്രൂപ്പുകൾ അമ്മയ്ക്കുള്ളിൽ തന്നെ ഉണ്ടായതും ഇപ്പോഴത്തെ തീരുമാനങ്ങളെ സ്വാനീനിച്ചിട്ടുണ്ട്. വീണ്ടും തെരഞ്ഞെടുപ്പ് വരുമ്പോൾ എല്ലാ അർത്ഥത്തിലും അമ്മയിൽ വലിയ മാറ്റങ്ങൾ ഉണ്ടാകട്ടെ.