കണ്ണൂർ : എഡിഎം നവീൻ ബാബുവിൻ്റെ ആത്മഹത്യയെ തുടർന്നുണ്ടായ വിവാദങ്ങളിൽ രാജിവെച്ച പിപി ദിവ്യക്ക് പകരം കെ.കെ. രത്നകുമാരി കണ്ണൂർ ജില്ല പഞ്ചായത്ത് പ്രസിഡൻ്റാവും. സി.പി.എം. കണ്ണൂർ ജില്ലാസെക്രട്ടേറിയറ്റ് പത്രക്കുറിപ്പിൽ അറിയിച്ചതാണ് ഇക്കാര്യം.
വ്യാഴാഴ്ച രാത്രിയാണ് പ്രസിഡന്റ് സ്ഥാനത്തുനിന്ന് ദിവ്യ രാജിവെച്ചത്. രാജിക്കത്ത് സാമൂഹിക മാധ്യമത്തിൽ ദിവ്യ പോസ്റ്റ് ചെയ്തു. വിവാദത്തെ തുടർന്ന് ജില്ലാ കമ്മിറ്റി അംഗമായ ദിവ്യയെ തരംതാഴ്ത്തിയേക്കും.
എ.ഡി.എം. നവീൻ ബാബുവിന്റെ ആത്മഹത്യയുമായി ബന്ധപ്പെട്ടാണ് സി.പി.എം. കണ്ണൂർ ജില്ലാസെക്രട്ടേറിയറ്റ് പിപി ദിവ്യക്കെതിരെ ഇത്തരമൊരു നടപടിക്ക് മുതിർന്നത്.
വൈകീട്ട് ജില്ലാ സെക്രട്ടേറിയറ്റ് യോഗത്തിലാണ് ദിവ്യയെ നീക്കാൻ തീരുമാനമായത്. അഴിമതിക്കെതിരായ സദുദ്ദേശ്യ വിമർശനമാണ് ജില്ലാപഞ്ചായത്ത് പ്രസിഡന്റ് നടത്തിയതെങ്കിലും യാത്രയയപ്പ് യോഗത്തിലെ ചില പരാമർശങ്ങൾ ഒഴിവാക്കേണ്ടതായിരുന്നു എന്ന നിലപാട് പാർട്ടി പത്രക്കുറിപ്പിൽ ആവർത്തിച്ചു. കേസെടുത്ത് അന്വേഷണം നടക്കുന്നതിനാൽ ദിവ്യ ഒഴിവാകണമെന്ന് ജില്ലാ സെക്രട്ടേറിയറ്റ് വിലയിരുത്തിയെന്നും അത് ദിവ്യ അംഗീകരിച്ചുവെന്നും പത്രക്കുറിപ്പിൽ അറിയിച്ചു.
യാത്രയയപ്പ് യോഗത്തിൽ ക്ഷണമില്ലാതിരുന്നിട്ടും ദിവ്യ പങ്കെടുത്തതിനെ രൂക്ഷഭാഷയിലാണ് ജില്ലാ സെക്രട്ടേറിയറ്റ് യോഗത്തിൽ അംഗങ്ങൾ വിമർശിച്ചത്. അപക്വമായ നടപടിയാണ് ദിവ്യയുടേത്. പെട്രോൾപമ്പിന് എതിർപ്പില്ലാരേഖ നൽകുന്നതിൽ കൈക്കൂലി വാങ്ങിയിട്ടുണ്ടെങ്കിൽ ബന്ധപ്പെട്ട അധികാരികൾക്കാണ് പരാതി നൽകേണ്ടതെന്ന് അംഗങ്ങൾ പറഞ്ഞു.