മദ്രസകൾക്ക് പറയുന്ന വിലക്ക് മറ്റ് മതങ്ങൾക്ക് ബാധകമാണോ? – ബാലാവകാശ കമ്മീഷനെതിരെ കടുത്ത ഭാഷയിൽ സുപ്രീം കോടതി; ‘ജീവിക്കുക, ജീവിക്കാൻ അനുവദിക്കുക’ എന്നതാണ് മതേതരത്വം ‘

Date:

ന്യൂഡൽഹി : മദ്രസകൾക്കെതിരായ ബാലാവകാശ കമ്മീഷൻ ഉത്തരവിനെ കടുത്ത ഭാഷയിൽ വിമർശിച്ച് സുപ്രീം കോടതി. ‘ജീവിക്കുക, ജീവിക്കാൻ അനുവദിക്കുക’ എന്നതാണ് മതേതരത്വമെന്ന് ചീഫ് ജസ്റ്റിസ് ഡി.വൈ ചന്ദ്രചൂഡ് വ്യക്തമാക്കി. കുട്ടികള്‍ക്ക് മതപഠനം പാടില്ലെന്നാണോ നിലപാടെന്ന് ബാലാവകാശ കമ്മീഷനോട് കോടതി ചോദിച്ചു. മദ്രസകളുടെ കാര്യത്തില്‍ മാത്രം എന്തിന് ആശങ്കയെന്നും മറ്റ് മതവിഭാഗങ്ങള്‍ക്ക് വിലക്ക് ബാധകമാണോ എന്നും കോടതി ആരാഞ്ഞു. കുട്ടികളെ സന്യാസി മഠങ്ങളിലേയ്ക്ക് അയക്കുന്നതില്‍ നിര്‍ദ്ദേശങ്ങളുണ്ടോയെന്നും കോടതി ചോദിച്ചു.

മദ്രസ മാറാന്‍ വിദ്യാര്‍ത്ഥികളെ നിര്‍ബന്ധിക്കാനാവില്ലെന്ന് യുപി സര്‍ക്കാരിനോട് സുപ്രീം കോടതി പറഞ്ഞു. ഉത്തര്‍പ്രദേശ് മദ്രസ വിദ്യാഭ്യാസ നിയമം റദ്ദാക്കിയ വിധിക്കെതിരെയുള്ള ഹര്‍ജി പരിഗണിക്കുകയായിരുന്നു കോടതി. മതപഠനം ഭരണഘടന വിലക്കുന്നില്ലെന്ന് വ്യക്തമാക്കിയ സുപ്രീം കോടതി അലഹബാദ് ഹൈക്കോടതി വിധിക്കെതിരായ ഹര്‍ജികള്‍ വിധി പറയാന്‍ മാറ്റി.

മദ്രസകൾക്കെതിരായ ബാലാവകാശ കമ്മീഷൻ നിർദ്ദേശവും കമ്മീഷൻ്റെ കത്തിൻ്റെ അടിസ്ഥാനത്തിലുള്ള തുടർ നടപടികളും സുപ്രീം കോടതി കഴിഞ്ഞ ദിവസം സ്റ്റേ ചെയ്യുകയും വിഷയത്തിൽ കേന്ദ്ര-സംസ്ഥാന സർക്കാരുകൾക്ക് നോട്ടീസ് അയക്കുകയും ചെയ്തിരുന്നു. യുപി സർക്കാരിന്റെ നടപടി ചോദ്യം ചെയ്ത് ജംഇയ്യത്തൽ ഉലമ ഹിന്ദാണ് സുപ്രീം കോടതിയെ സമീപിച്ചത്. രാജ്യത്തെ മദ്രസ ബോർഡുകൾ നി‍ര്‍ത്തലാക്കണമെന്നും വിദ്യാഭ്യാസ അവകാശ നിയമം ലംഘിക്കുന്ന മദ്രസകൾ അടച്ചു പൂട്ടണമെന്നുമായിരുന്നു ദേശീയ ബാലാവകാശ കമ്മീഷന്റെ ശുപാർശ. മദ്രസകളിൽ ഭരണഘടന ലംഘനം നടക്കുന്നു എന്ന് ചൂണ്ടിക്കാട്ടുന്ന റിപ്പോർട്ട് കമ്മീഷൻ സംസ്ഥാന ചീഫ് സെക്രട്ടറിമാർക്ക് അയച്ചിരുന്നു. മദ്രസകൾക്ക് സഹായം നൽകുന്നില്ലെന്ന കേരളത്തിന്റെ വാദം ബാലാവകാശ കമ്മീഷൻ തള്ളുകയും ചെയ്തിരുന്നു. നേരിട്ടല്ലാതെ ധനസഹായം സർക്കാർ നൽകുന്നുണ്ടെന്നായിരുന്നു കമ്മീഷൻ ചെയർപേഴ്സൺ പ്രിയങ്ക് കനുംഗോയുടെ ആരോപണം.

ബാലാവകാശ കമ്മീഷൻ തയ്യാറാക്കിയ 71 പേജുവരുന്ന റിപ്പോർട്ടിൽ മദ്രസകളിലെ വിദ്യാഭ്യാസത്തിനെതിരെ വലിയ വിമർശനമാണ് ഉന്നയിച്ചിരുന്നത്. ഇസ്ലാമിക ആധിപത്യമാണ് മദ്രസകളിൽ പഠിപ്പിക്കുന്നതെന്നും മദ്രസ വിദ്യാഭ്യാസം മതേതര മൂല്യങ്ങൾക്ക് എതിരാണെന്നും റിപ്പോർട്ടിൽ പറയുന്നു. ബീഹാറിലെ മദ്രസകളിൽ പഠിപ്പിക്കുന്നത് പാക്കിസ്ഥാനിലെ പുസ്തകങ്ങളാണെന്ന ​ഗുരുതരമായ ആരോപണവും റിപ്പോർട്ടിലുണ്ടായിരുന്നു. മദ്രസകളിലെ പുസ്തകങ്ങളിൽ അംഗീകരിക്കാൻ കഴിയാത്ത ഉള്ളടക്കം ഉണ്ടെന്നും പരിശീലനം കിട്ടാത്ത അദ്ധ്യാപകരാണ് മദ്രസകളിലുള്ളതെന്നും കമ്മീഷന്റെ റിപ്പോർട്ടിലുണ്ട്.

യൂണിഫോം, പുസ്തകങ്ങൾ, ഉച്ചഭക്ഷണം തുടങ്ങിയ അവകാശങ്ങൾ മദ്രസകൾ ലംഘിക്കുന്നുവെന്ന് ബാലാവകാശ കമ്മീഷന്റെ റിപ്പോർട്ടിൽ പറയുന്നു. ഹിന്ദുക്കളെയും മറ്റ് മുസ്ലിം ഇതര കുട്ടികളെയും മദ്രസകളിൽ നിന്ന് ഉടൻ മാറ്റണം. മുസ്ലിം കുട്ടികൾക്ക് മറ്റു സ്കൂളുകളിൽ നിന്ന് ഔപചാരിക വിദ്യാഭ്യാസം കിട്ടുന്നു എന്ന് ഉറപ്പാക്കണം. ചട്ടം പാലിക്കാത്ത എല്ലാ മദ്രസകളുടെയും അംഗീകാരം റദ്ദാക്കണം, മദ്രസ ബോർഡുകൾക്കുള്ള ധനസഹായം നിറുത്തണം തുടങ്ങിയ നിർദ്ദേശങ്ങളും കമ്മീഷൻ മുന്നോട്ടുവെച്ചിരുന്നു.

Share post:

Popular

More like this
Related

ഹണി റോസിനെതിരെ അധിക്ഷേപ പരാമർശം: രാഹുൽ ഈശ്വറിനെതിരെ കേസെടുത്ത് യുവജന കമ്മീഷൻ

മലപ്പുറം : നടി ഹണി റോസിനെതിരെയുള്ള അധിക്ഷേപ പരാമര്‍ശങ്ങളില്‍ രാഹുല്‍ ഈശ്വറിനെതിരെ...

ക്യാപ്‌സൂളിനുള്ളിൽ  മൊട്ടു സൂചി ; വിതുര താലൂക്ക് ആശുപത്രിയിൽ ചികിത്സ തേടിയ രോഗിക്കാണ് ദുരനുഭവം

തിരുവനന്തപുരം: വിതുര താലൂക്ക് ആശുപത്രിയിലെ ഫാർമസിയിൽ നിന്നും വിതരണം ചെയ്ത ഗുളികയിൽ...

ചേന്ദമം​ഗലത്ത് ഒരു വീട്ടിലെ മൂന്ന് പേരെ അടിച്ചുകൊന്നു; അയൽവാസി പോലീസ് കസ്റ്റഡിയിൽ

കൊച്ചി : എറണാകുളം ചേന്ദമം​ഗലത്ത് ഒരു വീട്ടിലെ 3 പേരെ ഇരുമ്പ്...

‘ഒരു വോട്ടിന് ഒരു ജോഡി ഷൂസും 1001 രൂപയും’: ബിജെപി സ്ഥാനാർത്ഥിക്കെതിരെ കേസ്

ന്യൂഡൽഹി : ബിജെപി സ്ഥാനാർഥി പർവേഷ് വർമയ്‌ക്കെതിരെ തിരഞ്ഞെടുപ്പ് ചട്ടലംഘനത്തിന് കേസെടുത്തു....