(Photo Courtesy : Globe Eye News / X)
വാഷിങ്ടണ്‍: യു.എസിന്റെ 47-ാം പ്രസിഡന്റായി ഡൊണാള്‍ഡ് ട്രംപ് സത്യപ്രതിജ്ഞ ചെയ്ത് അധികാരമേറ്റു. തലസ്ഥാനമായ വാഷിങ്ടണ്‍ ഡി.സിയിലെ യു.എസ്. ക്യാപിറ്റോള്‍ മന്ദിരത്തിലെ റോട്ടന്‍ഡ ഹാളില്‍ നടന്ന ചടങ്ങില്‍ ചീഫ് ജസ്റ്റിസ് ജോണ്‍ റോബര്‍ട്സ് സത്യവാചകം ചൊല്ലിക്കൊടുത്തു. 1861-ല്‍ എബ്രഹാം ലിങ്കണ്‍ സത്യപ്രതിജ്ഞയ്ക്ക് ഉപയോഗിച്ച ബൈബിളും 1955-ല്‍ തന്റെ അമ്മ നല്‍കിയ ബൈബിളും തൊട്ടായിരുന്നു ട്രംപിന്റെ സത്യപ്രതിജ്ഞ. വൈസ് പ്രസിഡന്റ് ജെ.ഡി. വാന്‍സും സത്യപ്രതിജ്ഞ ചെയ്തു.
ഡൊണാൾഡ് ട്രംപിൻ്റെ സ്ഥാനാരോഹണ വേളയിൽ ലോകത്തിലെ ഏറ്റവും വലിയ മൂന്ന് ധനികരായ ഇലോൺ മസ്‌ക്, ജെഫ് ബെസോസ്, മാർക്ക് സക്കർബർഗ് എന്നിവർ (Photo Courtesy : X)
സ്ഥാനമൊഴിയുന്ന പ്രസിഡന്റ് ജോ ബൈഡന്‍, സ്ഥാനമൊഴിയുന്ന വൈസ് പ്രസിഡന്റ് കമല ഹാരിസ്, ഇന്ത്യന്‍ വിദേശകാര്യ മന്ത്രി എസ്.ജയശങ്കര്‍, മുന്‍ യു.എസ് പ്രസിഡന്റുമാരായ ബില്‍ ക്ലിന്റണ്‍, ജോര്‍ജ് ബുഷ്, ബരാക്ക് ഒബാമ, ഹിലരി ക്ലിന്റണ്‍, ടെസ്ല സി.ഇ.ഒ ഇലോണ്‍ മസ്‌ക്, ആമസോണ്‍ സി.ഇ.ഒ ജെഫ് ബെസോസ്, മെറ്റ സി.ഇ.ഒ മാര്‍ക്ക് സക്കര്‍ബര്‍ഗ്, ആപ്പിള്‍ സി.ഇ.ഒ ടിം കുക്ക്, ഓപ്പണ്‍ എ.ഐ സി.ഇ.ഒ സാം ആള്‍ട്ട്മാന്‍, ആല്‍ഫാബെറ്റ് സി.ഇ.ഒ സുന്ദര്‍ പിച്ചൈ, ഹംഗറിയുടെ പ്രധാനമന്ത്രി വിക്തോർ ഓര്‍ബന്‍, അര്‍ജന്റീന പ്രസിഡന്റ് ഹാവിയേര്‍ മിലേയ്, ചൈനീസ് വൈസ് പ്രസിഡന്റ് ഹാന്‍ ഷെങ്, ഇറ്റാലിയന്‍ പ്രസിഡന്റ് ജോര്‍ജിയ മെലോണി, എല്‍സാല്‍വദോര്‍ പ്രസിഡന്റ് നയീബ് ബുക്കേലെ, റിലയന്‍സ് ചെയര്‍മാന്‍ മുകേഷ് അംബാനി, ഭാര്യ നിത അംബാനി തുടങ്ങി ലോകനേതാക്കന്‍മാരും സമ്പന്നരും ഉള്‍പ്പടെ നിരവധി പ്രമുഖര്‍ സത്യപ്രതിജ്ഞ ചടങ്ങിൽ പങ്കെടുത്തു.
ഇലക്ടറല്‍ കോളേജിന് പുറമേ കൂടുതൽ പോപ്പുലര്‍ വോട്ടുകളും സെനറ്റും നേടിയാണ് ഇത്തവണ അധികാരത്തിലെത്തുന്നത്. സെനറ്റിലും ജനപ്രതിനിധി സഭയിലും റിപ്പബ്ലിക്കൻ പാർട്ടിയുടെ സമഗ്രാധിപത്യം. 2016-ന് ശേഷം 2024 ലും പ്രസിഡന്റ് സ്ഥാനത്തേക്ക് എത്തുന്നതോടെ തുടര്‍ച്ചയായി അല്ലാതെ രണ്ടു തവണ പ്രസിഡന്റാകുന്ന രണ്ടാമനായി ട്രംപ് മാറി. 1885 മുതല്‍ 1889 വരെയും 1893 മുതല്‍ 1897 വരേയും അധികാരത്തിലിരുന്ന ഗ്രോവന്‍ ക്ലീവ്‌ലാന്‍ഡായിരുന്നു മുൻപ് ഈ റെക്കോർഡിന് ഉടമ.
2016-ൽ ഡെമോക്രാറ്റിക് സ്ഥാനാർഥി ഹിലരി ക്ലിന്റനെ പരാജയപ്പെടുത്തിയാണ് റിപ്പബ്ലിക്കനായ ട്രംപ് അമേരിക്കയുടെ 45-ാമത് പ്രസിഡൻ്റാകുന്നത്. അമേരിക്കയുടെ ചരിത്രത്തിൽ 70 വയസ്സുള്ളപ്പോൾ സത്യപ്രതിജ്ഞ ചെയ്ത് അധികാരമേറ്റ ഏറ്റവും പ്രായം കൂടിയ പ്രസിഡന്റുമാരിൽ ഒരാളാണ് അദ്ദേഹം.
‘മേക്ക് അമേരിക്ക ഗ്രേറ്റ്’ കാമ്പെയ്നിന്റെ ഭാഗമായി സാമ്പത്തിക പരിഷ്കരണം, നികുതി ലളിതമാക്കൽ, കോർപ്പറേറ്റ് നികുതി നിരക്ക് കുറയ്ക്കൽ എന്നിവയും വാഗ്ദാനം ചെയ്തു. അതിർത്തി സുരക്ഷയുമായി ബന്ധപ്പെട്ട ഒട്ടേറെ പരിഷ്കരണങ്ങൾ നടപ്പിലാക്കിയതിനുപുറമേ ഊർജ വിനിമയത്തിലും നവീകരണം കൊണ്ടുവന്നു.
1868-ൽ ആൻഡ്രൂ ജോൺസണും 1998-ൽ ബിൽ ക്ലിൻ്റനും ശേഷം അമേരിക്കൻ ജനപ്രതിനിധി സഭ ഇംപീച്ച് ചെയ്ത മൂന്നാമത്തെ പ്രസിഡൻ്റാണ് ട്രംപ്. വിശേഷണം അവിടെയും തീർന്നില്ല, കാരണം രണ്ടുതവണ ഇംപീച്ച്മെന്റ് നേരിട്ട ഏക പ്രസിഡൻ്റുകൂടിയാണ് അദ്ദേഹം. 2019-ൽ അധികാര ദുർവിനിയോഗത്തിനും 2021-ൽ യു.എസ്. പാർലമെന്റ് മന്ദിരമായ കാപ്പിറ്റോൾ ആക്രമണത്തിന് പ്രേരണ നൽകിയതിനുമായിരുന്നു നടപടി. യു.എസ്. സെനറ്റ് കുറ്റവിമുക്തനായി പ്രഖ്യാപിച്ചതോടെ ഇംപീച്ച്മെന്റ് അവസാനിച്ചു. 2020-ൽ തുടർഭരണ സാദ്ധ്യത തേടി മത്സരിച്ചെങ്കിലും 232-നെതിരേ 306 ഇലക്ടറൽ കോളേജ് വോട്ടിന് ജോ ബൈഡനോട് പരാജയപ്പെട്ടു.