തിരുവനന്തപുരം: എഡിജിപി എം ആര്‍ അജിത് കുമാര്‍ ആര്‍എസ്എസ് നേതാക്കളെ കണ്ടതില്‍ തെറ്റില്ലെന്നും ആര്‍എസ്എസ് രാജ്യത്തെ പ്രധാന സംഘടനയാണെന്നുമുള്ള അഭിപ്രായം നിമിഷ നേരം കൊണ്ട് തിരുത്തി സ്പീക്കര്‍ എ എന്‍ ഷംസീർ. ഷംസീറിൻ്റെ ഈ അഭിപ്രായ പ്രകടനം എഡിജിപി എം ആർ അജിത് കുമാർ പ്രശ്നത്തിൽ പാർട്ടി രണ്ട് തട്ടിലാണുള്ളത് എന്നതിന് ആക്കം കൂട്ടുന്നതായി എന്ന തിരിച്ചറിവാണ് മലക്കം മറിച്ചിലിന് ഫലമേകിയത്.
മന്ത്രിമാരുടെയും എംഎല്‍എമാരുടെയും ഫോണ്‍ ചോര്‍ത്തിയെന്ന അന്‍വറിൻ്റെ ആരോപണത്തില്‍ അടിസ്ഥാനമുണ്ടെന്ന് തോന്നുന്നില്ലെന്നും സുഹൃത്താണ് തന്നെ കൂട്ടിക്കൊണ്ടുപോയതെന്ന് എഡിജിപി തന്നെ പറഞ്ഞിട്ടുണ്ടെന്നും പി വി അൻവറിനെ തള്ളി കഴിഞ്ഞ ദിവസം ഷംസീര്‍ മാധ്യമങ്ങളോട് പറഞ്ഞിരുന്നു..
‘എഡിജിപി ആര്‍എസ്എസ് നേതാവിനെ കണ്ടകാര്യത്തില്‍ അഭിപ്രായം പറയേണ്ടത് സര്‍ക്കാരാണ്. വ്യക്തികള്‍ ആര്‍എസ്എസ് നേതാവിനെ കാണുന്നതില്‍ തെറ്റില്ല. അദ്ദേഹം തന്നെ പറഞ്ഞത് സുഹൃത്താണ് കൂട്ടിക്കൊണ്ടുപോയതെന്നാണ്. അതൊന്നും വലിയ ഗൗരവത്തോടെ കാണേണ്ടതില്ല. ആര്‍എസ്എസ് ഇന്ത്യയിലെ പ്രധാന സംഘടനയാണ്. കണ്ടതില്‍ അപാകതയുള്ളതായി തോന്നുന്നില്ല.’ – ഷംസീറിൻ്റെ വിശദീകരണം ഇങ്ങനെയായിരുന്നു.
”ഫോണ്‍ ചോര്‍ത്തല്‍ സംവിധാനത്തിന് സംസ്ഥാന സര്‍ക്കാര്‍ മുതിരില്ല. പ്രത്യേകിച്ച് എംഎല്‍എമാരുടെയും മന്ത്രിമാരുടെയുമൊക്കെ. ഊഹാപോഹങ്ങള്‍ വച്ച് പ്രതികരിക്കാന്‍ സാധിക്കില്ല. എപ്പോഴാണ് നിങ്ങള്‍ക്ക് അന്‍വറിനോട് മൊഹബത്ത് തോന്നിയത്? ബിസിനസുകാരനായ അന്‍വറിനെ ഈ രീതിയിലാക്കുന്നതില്‍ നിങ്ങള്‍ വലിയ പങ്കുവഹിച്ചില്ലേ? ഇപ്പോ നിങ്ങള്‍ക്ക് അന്‍വറിനോട് വലിയ മൊഹബത്ത് തോന്നുന്നുകയാണ്. വലിയ രീതിയില്‍ പ്രോത്സാഹിപ്പിക്കുകയാണ്. ഫോണ്‍ ചോര്‍ത്തുന്നുവെന്ന ആരോപണം വെറും ആരോപണമാണ്. അത് ഞാന്‍ വിശ്വസിക്കുന്നില്ല” എന്നിങ്ങനെയും സ്പീക്കർ കൂട്ടിച്ചേർത്തിരുന്നു..
പരാമർശം വിവാദമായതോടെ സ്പീക്കർ തലകീഴ് മറിഞ്ഞു. അഭിപ്രായം തിരുത്തി. ആർഎസ്എസിന് തന്നോടുള്ള സമീപനം അറിയുന്നതല്ലേ എന്നായിരുന്നു പിന്നെ വന്ന പ്രതികരണം.
.