തിരുവനന്തപുരം: മലയാളി താരം സഞ്ജു സാംസണെ ചാമ്പ്യൻസ് ട്രോഫിക്കുള്ള ഇന്ത്യൻ ടീമില്‍ ഉള്‍പ്പെടുത്താത്തതില്‍ കേരള ക്രിക്കറ്റ് അസോസിയേഷനെ രൂക്ഷമായി വിമർശിച്ച് ശശി തരൂർ എംപി. കേരള ക്രിക്കറ്റ് അസോസിയേഷന്‍(കെസിഎ) ഭാരവാഹികളുടെ ഈഗോ സഞ്ജുവിന്‍റെ കരിയർ തകർക്കുക്കുയാണെന്ന് ശശി തരൂര്‍ കുറ്റപ്പെടുത്തി.
വിജയ് ഹസാരെ ട്രോഫിക്ക് മുന്നോടിയായി നടന്ന പരിശീലന ക്യാംപില്‍ പങ്കെടുക്കാന്‍ കഴിയില്ലെന്ന് സഞ്ജു കേരള ക്രിക്കറ്റ് അസോസിയേഷനെ മൂൻകൂട്ടി അറിയിച്ചിരുന്നു. വിജയ് ഹസാരെ ട്രോഫിയിൽ കളിക്കാന്‍ സന്നദ്ധത അറിയിച്ച് പിന്നീട് കെസിഎക്ക് കത്ത് നൽകുകയും ചെയ്തു. എന്നിട്ടും കെസിഎ വിജയ് ഹസാരെക്കുള്ള കേരള ടീമില്‍ സഞ്ജുവിനെ ഉൾപ്പെടുത്തിയില്ല. അതാണിപ്പോള്‍ ചാമ്പ്യൻസ് ട്രോഫിക്കുള്ള ഇന്ത്യൻ ടീമില്‍ നിന്ന് സഞ്ജുവിന്‍റെ പുറത്താകലിന് കാരണമായത്.
വിജയ് ഹസാരെയിലെ ഏറ്റവും ഉയര്‍ന്ന വ്യക്തിഗത സ്കോറും(212*), ദക്ഷിണാഫ്രിക്കക്കെതിരെ അവസാനം കളിച്ച ഏകദിനത്തില്‍ സെഞ്ചുറിയും ഏകദിനത്തില്‍ 56.66 ബാറ്റിംഗ് ശരാശരിയുമുള്ള ഒരു ബാറ്ററാണ് സഞ്ജു. അതാണിപ്പോള്‍ കെസിഎ ഭാരവാഹികളുടെ ഈഗോ കാരണം നശിപ്പിക്കുന്നത്. സഞ്ജുവിനെ തഴഞ്ഞതിലൂടെ വിജയ് ഹസാരെ ട്രോഫിയിൽ കേരളത്തിന്‍റെ സാധ്യത കൂടിയാണ് കെസിഎ തകർത്തതെന്നും ശശി തരൂര്‍ ‘എക്സി’ൽ പങ്കുവെച്ച പോസ്റ്റില്‍ കുറിച്ചു.
ചാമ്പ്യൻസ് ട്രോഫിക്കുള്ള ഇന്ത്യൻ ടീമില്‍ വിക്കറ്റ് കീപ്പര്‍മാരായി കെ എല്‍ രാഹുലും റിഷഭ് പന്തുമാണ് ഇടം നേടിയത്.
രോഹിത് ശർമ നയിക്കുന്ന ടീമിലെ മറ്റംഗങ്ങൾ ശുഭ്മാൻ ഗിൽ (വൈസ് ക്യാപ്റ്റൻ), വിരാട് കോലി, ശ്രേയസ് അയ്യർ, ഹാർദിക് പാണ്ഡ്യ, അക്സർ പട്ടേൽ, വാഷിംഗ്ടൺ സുന്ദർ, കുൽദീപ് യാദവ്, ജസ്പ്രീത് ബുമ്ര, മുഹമ്മദ് ഷമി, അർഷ്ദീപ് സിംഗ്, യശസ്വി ജയ്‌സ്വാൾ, രവീന്ദ്ര ജഡേജ എന്നിവരാണ്.