മഹാരാഷ്ട്ര നിയമസഭാ തിരഞ്ഞെടുപ്പ് പ്രചാരണത്തിനായി അമരാവതിയിൽ എത്തിയ കോൺഗ്രസ് നേതാവ് രാഹുൽ ഗാന്ധിയുടെ ബാഗ് പരിശോധിച്ച് തിരഞ്ഞെടുപ്പ് കമ്മീഷൻ ഉദ്യോഗസ്ഥർ. ഇന്ത്യ മുന്നണി നേതാക്കൾക്കെതിരെ മാത്രം തിരഞ്ഞെടുപ്പ് കമ്മീഷൻ നടപടി സ്വീകരിക്കുന്നുവെന്ന് ആരോപിച്ച് ബിജെപിയും പ്രതിപക്ഷ പാർട്ടികളും തമ്മിൽ രാഷ്ട്രീയ തർക്കം തുടരുന്നതിനിടയിലാണ് സംഭവം.
പരിശോധനയുടെ വീഡിയോയിൽ ഒരു സംഘം ഉദ്യോഗസ്ഥർ രാഹുൽ ഗാന്ധിയുടെ ഹെലികോപ്റ്ററിൽ തിരച്ചിൽ നടത്തുന്നതും രാഹുൽ ഗാന്ധി സമീപത്ത് നിൽക്കുന്നതും കാണാം. പരിശോധന തുടർന്നപ്പോൾ രാഹുൽ ഗാന്ധി ഇറങ്ങിപ്പോയി പാർട്ടി നേതാക്കളുമായി സംസാരിക്കുന്നുണ്ട്. ജാർഖണ്ഡിൽ വെച്ച് രാഹുലിൻ്റെ ഹെലികോപ്റ്റർ
നിലത്തിറക്കിയതിനെതിരെ തിരഞ്ഞെടുപ്പ് കമ്മീഷനിൽ കോൺഗ്രസ് പരാതി നൽകിയതിന് തൊട്ടുപിന്നാലെയാണ് ഈ ബാഗ് പരിശോധന.
രാഹുൽ ഗാന്ധിയുടെ ഹെലികോപ്റ്റർ പറന്നുയരാൻ അനുവദിക്കാത്തത് മൂലം അദ്ദേഹത്തിൻ്റെ പൊതുയോഗങ്ങൾ റദ്ദ് ചെയ്യേണ്ട അവസ്ഥയാണെന്ന് ‘ കോൺഗ്രസ് ജനറൽ സെക്രട്ടറി ജയറാം രമേശ് ആരോപിച്ചു.
പ്രധാനമന്ത്രി നരേന്ദ്ര മോദിക്കും ബി.ജെ.പി നേതാക്കൾക്കും സമാനമായ പരിശോധനകൾ നടത്തുമോയെന്ന ചോദ്യവുമായി ശിവസേന (യുബിടി) നേതാവ് ഉദ്ധവ് താക്കറെ ഒരു വീഡിയോ പങ്കുവെച്ചതിന് പിന്നാലെയാണ് ഉന്നത രാഷ്ട്രീയ നേതാക്കളുടെ ബാഗുകൾ പരിശോധിച്ചത് വിവാദമായത്. പ്രതികരണമായി, ബിജെപി നേതാക്കൾ ഈ നീക്കത്തെ ന്യായീകരിച്ചു. ഇതിനെ സ്വതന്ത്രവും നീതിയുക്തവുമായ തിരഞ്ഞെടുപ്പ് ഉറപ്പാക്കാനുള്ള പതിവ് നടപടിയാണെന്ന് അവർ വിശേഷിപ്പിച്ചു.
അമിത് ഷാ, ദേവേന്ദ്ര ഫഡ്‌നാവിസ്, ഏക്‌നാഥ് ഷിൻഡെ, അജിത് പവാർ തുടങ്ങിയ എൻഡിഎ നേതാക്കളുടെ ബാഗുകൾ തിരഞ്ഞെടുപ്പ് കമ്മീഷൻ പരിശോധിക്കുന്നതിൻ്റെ വീഡിയോ കഴിഞ്ഞ കുറച്ച് ദിവസങ്ങളിൽ ബിജെപി പങ്കിട്ടിരുന്നു.