തിരുവനന്തപുരം∙ സംസ്ഥാനത്ത് വൈദ്യുതി നിയന്ത്രണം ഏർപ്പെടുത്താൻ സാദ്ധ്യത. വൈകിട്ട് 7 മണി മുതല്‍ രാത്രി 11 വരെ നിയന്ത്രണം ഉണ്ടാകാന്‍ സാധ്യതയുണ്ടെന്നാണ് കെഎസ്ഇബി അറിയിച്ചിരിക്കുന്നത്. സംസ്ഥാനത്ത് വൈദ്യുതി ആവശ്യകതയില്‍ വന്ന വലിയ വര്‍ദ്ധനവും ജാര്‍ഖണ്ഡിലെ മൈത്തോണ്‍ വൈദ്യുത നിലയത്തിലെ ഒരു ജനറേറ്റര്‍ തകരാറിലായതിനെത്തുടര്‍ന്ന് ലഭിക്കേണ്ട വൈദ്യുതിയില്‍ വന്ന അവിചാരിതമായ കുറവും കാരണം പീക്ക് സമയത്ത് (വൈകിട്ട് 7 മണി മുതല്‍ രാത്രി 11 വരെ) വൈദ്യുതി ലഭ്യതയില്‍ 500 മെഗാവാട്ട് മുതല്‍ 650 മെഗാവാട്ട് വരെ കുറവ് പ്രതീക്ഷിക്കുന്നതായി കെഎസ്ഇബി അറിയിച്ചു.
പവര്‍ എക്‌സ്‌ചേഞ്ച് മാര്‍ക്കറ്റിലെ വൈദ്യുതി ലഭ്യതയുടെ പരിമിതി കണക്കിലെടുത്ത് കുറവ് നിറവേറ്റുന്നതിനായി വൈദ്യുതി നിയന്ത്രണം ആവശ്യമായി വന്നേക്കാം. വൈകിട്ട് 7 മണി മുതല്‍ രാത്രി 11 വരെ വൈദ്യുതി ഉപയോഗം പരമാവധി കുറയ്ക്കണമെന്നും കെഎസ്ഇബി ആവശ്യപ്പെട്ടു.