ന്യൂഡല്‍ഹി: ഇന്ത്യയിലെത്തിയ ഖത്തര്‍ അമീർ ഷെയ്ഖ് തമീം ബിൻ ഹമദ് അൽ-താനിയെ പ്രോട്ടോക്കോള്‍ മാറ്റിവെച്ച് വിമാനത്താവളത്തിലെത്തി സ്വീകരിച്ച് പ്രധാനമന്ത്രി നരേന്ദ്രമോദി. തന്റെ രണ്ടാമത് ഇന്ത്യാ സന്ദര്‍ശനത്തിനായി തിങ്കളാഴ്ച വൈകീട്ടോടെയാണ് ഖത്തര്‍ അമിര്‍ രാജ്യതലസ്ഥാനത്തെത്തിയത്. ഡല്‍ഹി വിമാനത്താവളത്തില്‍ ഖത്തര്‍ അമിറിന്റെ ഔദ്യോഗിക വിമാനത്തിന് സമീപമെത്തിയാണ് മോദി അദ്ദേഹത്തെ വരവേറ്റത്. പ്രോട്ടോക്കോള്‍ പ്രകാരം സ്വീകരണത്തിനായി പ്രധാനമന്ത്രി വിമാനത്താവളത്തില്‍ പോകാറില്ല. ഷെയ്ഖ് തമിം ബിന്‍ ഹമദ് അല്‍-താനിയെ ആലിംഗനം ചെയ്താണ് മോദി ഇന്ത്യയിലേക്ക് സ്വാഗതം ചെയ്തത്.

പ്രധാനമന്ത്രിയുടെ ക്ഷണം സ്വീകരിച്ച് രണ്ട് ദിവസത്തെ സന്ദര്‍ശനത്തിനായാണ് ഖത്തര്‍ അമിര്‍ ഇന്ത്യയിലെത്തിയത്. ഇതിന് മുമ്പ് 2015 മാര്‍ച്ചിലാണ് അദ്ദേഹം ഇന്ത്യ സന്ദര്‍ശിച്ചത്. മോദിയുമായി ചര്‍ച്ച നടത്തുന്ന ഖത്തര്‍ അമിര്‍ രാഷ്ട്രപതി ദ്രൗപതി മുര്‍മുവിനേയും നേരിൽ കാണും.
പ്രധാനമന്ത്രി നരേന്ദ്ര മോദിയുമായി അദ്ദേഹം ഉഭയകക്ഷി ബന്ധത്തിന്റെ വിവിധ വശങ്ങൾ ചർച്ച ചെയ്യുമെന്ന് വിദേശകാര്യ മന്ത്രാലയം അറിയിച്ചു.
അദ്ദേഹത്തിന്റെ സന്ദർശനം “നമ്മുടെ വളർന്നുവരുന്ന ബഹുമുഖ പങ്കാളിത്തത്തിന് കൂടുതൽ ആക്കം കൂട്ടും” എന്ന് വിദേശകാര്യ മന്ത്രാലയം പറയുന്നു. മന്ത്രിമാർ, മുതിർന്ന ഉദ്യോഗസ്ഥർ, ഒരു ബിസിനസ് പ്രതിനിധി സംഘം എന്നിവരുൾപ്പെടെയുള്ള ഉന്നതതല പ്രതിനിധി സംഘം സന്ദർശനവേളയിൽ ഷെയ്ഖ് തമിം ബിന്‍ ഹമദ് അല്‍-താനിയെ അനുഗമിക്കുന്നുണ്ട്.