കൊച്ചി : കൈക്കൂലിക്കേസിൽ എറണാകുളം ആർടിഒയും ഏജന്റുമാരും അറസ്റ്റിൽ. ആർടിഒ ജെര്‍സൺ, ഏജന്റുമാരായ സജി, രാമപടിയാർ എന്നിവരെയാണ് വിജിലൻസ് സംഘം അറസ്റ്റു ചെയ്തത്. ജെർസണിന്റെ ഇടപ്പള്ളിയിലെ വീട്ടിൽ നടത്തിയ പരിശോധനയിൽ 49 കുപ്പി വിദേശമദ്യവും വിജിലൻസ് പിടികൂടി.
ചെല്ലാനം–ഫോർട്ട്കൊച്ചി റൂട്ടിൽ സര്‍വ്വീസ് നടത്തുന്ന ബസിന്റെ മാനേജറായ ചെല്ലാനം സ്വദേശിയിൽ നിന്നാണ് ഇവർ കൈക്കൂലി വാങ്ങിയത്. പരാതിക്കാരന്റെ സുഹൃത്തിന്റെ ഉടമസ്ഥതയിലുള്ളതാണ് ബസ്. ഈ ബസിന്റെ റൂട്ട് പെർമിറ്റിന്റെ കാലാവധി അവസാനിച്ചതിനെ തുടർന്നു മറ്റൊരു ബസിനു റൂട്ട് പെർമിറ്റ് നൽകുന്നതിനായി അപേക്ഷ സമർപ്പിച്ചെങ്കിലും അനുമതി നൽകുന്നത് ആർടിഒയും സംഘവും വൈകിപ്പിക്കുകയായിരുന്നു. തുടർന്ന് ഏജന്റായ രാമപടിയാർ പരാതിക്കാരനെ കണ്ടു മറ്റൊരു ഏജന്റായ സജിയുടെ പക്കൽ 5,000 രൂപ കൈക്കൂലി നൽകണമെന്ന് ജെർസണ്‍ നിർദേശിച്ചതായി അറിയിച്ചു. പിന്നാലെ പരാതിക്കാരൻ ഇക്കാര്യം വിജിലൻസിനെ അറിയിച്ചു. ത ഇവരെ നിരീക്ഷിച്ച വിജിലൻസ് സംഘം എറണാകുളം ആർടി ഓഫിസിനു മുന്നിൽ വച്ച് 5,000 രൂപയും മദ്യക്കുപ്പിയും വാങ്ങുമ്പോൾ സജിയേയും രാമപടിയാറേയും അറസ്റ്റ് ചെയ്യുകയായിരുന്നു. ഇവരുടെ കുറ്റസമ്മത മൊഴിയുടെ അടിസ്ഥാനത്തിൽ ജെർസണേയും അറസ്റ്റ് ചെയ്തു. പിന്നീട് ജെർസണിന്റെ വീട്ടിൽ നടത്തിയ പരിശോധനയിലാണ് മദ്യക്കുപ്പികളുടെ വൻശേഖരം കണ്ടെത്തിയത്.
അഴിമതി സംബന്ധിച്ച വിവരങ്ങൾ ലഭിക്കുകയാണെങ്കിൽ വിജിലൻസിന്റെ ടോൾ ഫ്രീ നമ്പറായ 1064 എന്ന നമ്പറിലോ 8592900900 എന്ന നമ്പറിലോ വാട്സ്ആപ് നമ്പറായ 9447789100ലോ വിവരം അറിയിക്കണമെന്ന് വിജിലൻസ് ഡയറക്ടർ യോഗേഷ് ഗുപ്ത അഭ്യർത്ഥിച്ചു.