യൂറോപ്പ്: ഒരു ആണവയുദ്ധത്തിന്റെ നിഴലിലാണിപ്പോൾ യൂറോപ്പ്.
റഷ്യ തങ്ങളുടെ ആണവനയം തിരുത്തിയതാണ് യൂറോപ്പിൽ അത്തരമൊരു ആശങ്കക്ക് വഴി മരുന്നിട്ടത്. ചൊവ്വാഴ്ചയാണ് തങ്ങളുടെ അണു ആയുധങ്ങൾ ഉപയോഗിക്കാനുള്ള നയങ്ങൾക്ക് തിരുത്തൽ വരുത്തി പുടിൻ ഉത്തരവിറക്കിയത്. ഇതിനോടൊപ്പം യുക്രൈൻ അമേരിക്കൻ നിർമിത മിസൈലുകൾ റഷ്യയ്ക്ക് നേരെ പ്രയോഗിച്ചത് കൂടി കണക്കിലെടുക്കുമ്പോൾ ആശങ്ക അസ്ഥാനത്തല്ലെന്നതും ഭയപ്പെടുത്തുന്ന കാര്യമാണ്.
പല യൂറോപ്യൻ രാജ്യങ്ങളും തങ്ങളുടെ പൗരൻമാർക്ക് എങ്ങനെ ആണവയുദ്ധത്തെ നേരിടാം എന്നത് കുറിച്ച് ലഘുലേഖകളും കൈമാറിയിട്ടുണ്ടെന്നാണ് റിപ്പോർട്ട്. ആണവയുദ്ധത്തിന്റെ മുന്നറിയിപ്പ് വന്നാൽ ഉടൻ സുരക്ഷിതമായ ഇടത്ത് അഭയം തേടാനാണ് സ്വീഡൻ തങ്ങളുടെ പൗരന്മാരോട് നിർദ്ദേശിക്കുന്നത്. വീടുകളിലേക്ക് ഇത് സംബന്ധിച്ച ലഘുലേഖകൾ അയച്ചു കഴിഞ്ഞിട്ടുണ്ട് സ്വീഡൻ. രണ്ടാം ലോകമഹായുദ്ധത്തിന് ശേഷം അഞ്ച് തവണയാണ് സ്വീഡൻ ഇത്തരം ലഘുലേഖ രാജ്യത്തിലെ എല്ല വീടുകളിലേക്കും അയക്കുന്നത്.
ഒരു സമ്പൂർണ സായുധ യുദ്ധത്തിനായി തയ്യാറെടുത്തിരിക്കാൻ നോർവെയും പൗരന്മാരോട് അറിയിപ്പ് നൽകിയിട്ടുണ്ട്. രാജ്യത്തെ എല്ലാ പൗരൻമാർക്കും ഇ-മെയിൽ അയച്ചാണ് ഡെൻമാർക്ക് യുദ്ധത്തിക്കുറിച്ച് ജാഗരൂകരാവാൻ മുന്നറിയിപ്പ് നൽകിയത്. യുദ്ധം പ്രഖ്യാപിച്ചാൽ മൂന്ന് ദിവസത്തേക്കുള്ള ഭക്ഷണവും വെള്ളവും മരുന്നും കരുതാൻ മെയിലിൽ നിർദ്ദേശമുണ്ട്.
ഏത് സാഹചര്യങ്ങളെയും നേരിടാൻ സജ്ജരായിരിക്കുകയാണ് തങ്ങളെന്ന് ഔദ്യോഗിക ഓൺലൈൻ ബ്രോഷറിൽ ഫിൻലൻഡ് വ്യക്തമാക്കുന്നു.
റഷ്യക്കുള്ളിൽ യുഎസിന്റെ ദീർഘദൂര മിസൈലുകൾ ഉപയോഗിക്കാൻ യുക്രൈന് ദിവസങ്ങൾക്ക് മുൻപാണ് അമേരിക്ക അനുമതി നൽകിയത്. റഷ്യയുടെ മുന്നറിയിപ്പ് അവഗണിച്ചാണ് ജോ ബൈഡൻ യുക്രൈന് അനുമതി നൽകിയത്. ഇതിന് പിന്നാലെയായിരുന്നു റഷ്യ തങ്ങളുടെ ആണവനയം തിരുത്തിയത്. കഴിഞ്ഞദിവസം റഷ്യയ്ക്ക് നേരെ ആറ് അമേരിക്കൻ നിർമ്മിത ദീർഘദൂര മിസൈലുകളാണ് (എടിഎസിഎംഎസ്) യുക്രൈൻ പ്രയോഗിച്ചത്. മിസൈലുകൾ റഷ്യ നിർവീര്യമാക്കി. അമേരിക്ക യുദ്ധത്തിലേക്ക് പ്രവേശിച്ചാൽ മൂന്നാം ലോകമഹായുദ്ധമെന്ന് റഷ്യൻ മുന്നറിയിപ്പിനിടെയാണ് അമേരിക്കയുടെ മിസൈൽ പ്രയോഗാനുവാദം. ബ്രയാൻസ്‌ക് മേഖലയിലായിരുന്നു യുക്രൈൻ ആക്രമണം നടത്തിയത്. ഉപയോഗിച്ചത് അമേരിക്കൻ മിസൈലുകളാണോ എന്ന് യുക്രൈൻ വെളിപ്പെടുത്തിയിട്ടില്ലെങ്കിലും ഇവ അമേരിക്കൻ മിസൈലുകൾ തന്നെയാണെന്നാണ് റഷ്യയുടെ വാദം.
ആണവശേഷിയില്ലാത്ത ഏതെങ്കിലും രാജ്യവുമായി ചേർന്ന് ആണവശേഷിയുടെ രാജ്യം നടത്തുന്ന ആക്രമണം റഷ്യക്കെതിരായ സംയുക്ത നീക്കമായി കാണും. റഷ്യക്കോ സഖ്യകക്ഷിയായ ബെലാറസ് അടക്കമുള്ള രാഷ്ട്രങ്ങൾക്കോ എതിരായ തുടർച്ചയായ ആക്രമണങ്ങൾ ആണവായുധം ഉപയോഗിക്കാൻ നിർബന്ധിതമാക്കുമെന്നും പുടിൻ മുന്നറിയിപ്പ് നൽകി.
ലോകത്തെ ഏറ്റവും വലിയ ആണവ ശക്തികളിലൊന്നാണ് റഷ്യ. ആണവായുധങ്ങളിൽ 88 ശതമാനവും നിയന്ത്രിക്കുന്നത് യുഎസും റഷ്യയുമാണ്. യുക്രൈൻ യുദ്ധം തുടങ്ങുന്നതിന് മുമ്പ് റഷ്യയുടെ ആണവനയം പുടിൻ പരിഷ്‌കരിച്ചിരുന്നു. രാജ്യത്തിന് നേരെ ആണവ ആക്രമണം ഉണ്ടാവുകയോ മറ്റേതെങ്കിലും ആക്രമണം രാജ്യത്തിന്റെ നിലനിൽപ്പിന് ഭീഷണിയാവുന്ന സാഹചര്യമുണ്ടാവുകയോ ചെയ്താൽ ആണവായുധം പ്രയോഗിക്കാമെന്നാണ് റഷ്യയുടെ നിലപാട്.
2011 ഫെബ്രുവരി അഞ്ചിന് റഷ്യയും യുഎസും തമ്മിൽ ആണവകരാർ ഒപ്പുവെച്ചിരുന്നു. 2026 ഫെബ്രുവരി നാല് വരെയാണ് ഇതിന്റെ കാലാവധി. ഇത് കഴിഞ്ഞാൽ പുതിയ കരാർ ഒപ്പുവെക്കുന്നതിന് മുമ്പ് യൂറോപ്യൻ രാജ്യങ്ങളുടെ ആണവശേഷി സംബന്ധിച്ച കണക്കുകൾ വേണമെന്ന് റഷ്യ ആവശ്യപ്പെട്ടിരുന്നു. ഇത് സംബന്ധിച്ച് പ്രതികരിക്കാൻ യുഎസ് ഇതുവരെ തയ്യാറായിട്ടില്ല.
ത