തിരുവനന്തപുരം : മുണ്ടക്കൈ – ചൂരൽമല ദുരന്തബാധിതർക്ക് കൈത്താങ്ങായി ഡിവൈഎഫ്ഐ നിർമ്മിച്ച് നൽകുന്ന 100 വീടുകളുടെ ധാരണാപത്രവും തുകയും മുഖ്യമന്ത്രി പിണറായി വിജയൻ തിങ്കളാഴ്ച തിരുവനന്തപുരം സെൻട്രൽ സറ്റേഡിയത്തിൽ നടന്ന ചടങ്ങിൽ ഏറ്റുവാങ്ങി. ഡിവൈഎഫ്ഐ നടത്തിയത് മാതൃകാപരമായ ഇടപെടലാണെന്നും ഓരോ ഘട്ടത്തിലും ക്രിയാത്മകമായി ഇടപെടാൻ യുവജന സംഘടനകൾ ശ്രദ്ധിച്ചുവെന്നും മുഖ്യമന്ത്രി ചടങ്ങിൽ പറഞ്ഞു.

25 വീടുകളാണ് ആദ്യം ഡിവൈഎഫ്ഐ വാഗ്ദാനം ചെയ്തതിരുന്നത്. ഇപ്പോൾ 100 വീടുകൾ നൽകുകയാണ്. ഒരു വീടിന് 20 ലക്ഷം എന്നതാണ് കണക്ക്. ആക്രിയുടെ വില എന്താണെന്ന് ഇപ്പോഴാണ് അറിഞ്ഞത്. 27-ാം തിയതി നിർമ്മാണ പ്രവർത്തനങ്ങൾ ആരംഭിക്കുമെന്നും സമയബന്ധിതമായി ടൗൺഷിപ്പ് പൂർത്തിയാക്കുമെന്നും മുഖ്യമന്ത്രി ഉറപ്പ് നൽകി.
”തുടർച്ചയായി ദുരന്തങ്ങൾ ഏറ്റുവാങ്ങേണ്ടി വരുന്ന ഒരു നാട് അവഗണന നേരിടുന്നു. ക്രൂരമായ അവഗണനയ്ക്കാണ് കേരളം ഇരയായത്. ഒരുമയും ഐക്യവും കാണിക്കുന്ന ജനങ്ങളുള്ള നാടാണ് കേരളം. സഹായിക്കേണ്ടവർ സഹായിച്ചില്ല. എന്നാൽ നമുക്ക് അതിജീവിക്കാൻ കഴിഞ്ഞു.” മുഖ്യമന്ത്രി പറഞ്ഞു. മന്ത്രിമാരായ കെ രാജൻ, പി എ മുഹമ്മദ് റിയാസ്, ഒ ആർ കേളു, ഡിവൈഎഫ്ഐ അഖിലേന്ത്യാ പ്രസിഡൻറ് എ.എ റഹീം എംപി എന്നിവർ പരിപാടിയിൽ പങ്കെടുത്തു.