വിശാഖപട്ടണം : അനകപ്പള്ളെ ജില്ലയിൽ കൊട്ടവുരത്‌ല മണ്ഡലത്തിലെ പടക്ക നിർമ്മാണ യൂണിറ്റിൽ അത്യുഗ്രൻ സ്‌ഫോടനം. രണ്ട് സ്ത്രീകളടക്കം എട്ട് തൊഴിലാളികൾ മരിച്ചു. ഏഴ് പേർക്ക് പരുക്കേറ്റിട്ടുണ്ട്. ഗുരുതര പരുക്കേറ്റവരെ സമീപത്തെ ആശുപത്രികളിൽ പ്രവേശിപ്പിച്ചു. ഞായറാഴ്ച ഉച്ചയോടെയാണ് അപകടം ഉണ്ടായത്. സ്‌ഫോടനത്തിൽ പടക്കനിർമ്മാണ യൂണിറ്റ് പൂർണ്ണമായും തകർന്നു. അപകടത്തിൽ മരിച്ചവരെല്ലാം കാക്കിനട ജില്ലയിലെ സമർലകോട്ട നിവാസികളാണ്.
പോലീസും അഗ്നിരക്ഷാസേന ഉദ്യോഗസ്ഥരും ചേർന്നാണ് തീയണച്ച് പരുക്കേറ്റവരെ പുറത്തെത്തിച്ചത്. എട്ട് പേരുടെ മൃതദേഹങ്ങൾ കണ്ടെടുത്തതായാണ് അധികൃതർ പറയുന്നത്. അവശിഷ്ടങ്ങൾക്കിടയിൽ കൂടുതൽ പേർ കുടുങ്ങിക്കിടക്കുന്നുണ്ടോയെന്ന് പരിശോധിക്കുകയാണ്. സ്ഫോടനത്തിന്റെ കാരണം പോലീസ് അന്വേഷിക്കുന്നുണ്ട്. പടക്കനിർമ്മാണ യൂണിറ്റിന് ലൈസൻസ് ഉണ്ടോയെന്ന കാര്യവും പരിശോധനയിലുണ്ട്.