ഇംഫാൽ : മണിപ്പുരിൽ ബിജെപി നേതൃത്വം നൽകുന്ന സഖ്യ സർക്കാരിനുള്ള പിന്തുണ പിൻവലിച്ച് നാഷനൽ പീപ്പിൾസ് പാർട്ടി (എൻപിപി). സംഘർഷം നിയന്ത്രിക്കുന്നതിൽ സർക്കാർ പരാജയപ്പെട്ടു എന്ന് ആരോപിച്ചാണ് എൻപിപിയുടെ 7 എംഎൽഎമാർ പിന്തുണ പിൻവലിച്ചത്. അംഗബലത്തിൽ സർക്കാരിലെ രണ്ടാമത്തെ വലിയ കക്ഷിയാണ് എൻപിപി.
സംസ്ഥാനത്ത് നിലവിലുള്ള ക്രമസമാധാന നിലയെക്കുറിച്ച് അഗാധമായ ഉത്കണ്ഠ പ്രകടിപ്പിച്ചുകൊണ്ടാണ് കോൺറാഡ് സാങ്മയുടെ നേതൃത്വത്തിലുള്ള നാഷനൽ പീപ്പിൾസ് പാർട്ടി സർക്കാരിനുള്ള പിന്തുണ പിൻവലിച്ചിരിക്കുന്നത്. മണിപ്പുർ സർക്കാർ സംസ്ഥാനത്തെ വംശീയ കലാപം നിയന്ത്രിക്കുന്നതിലും സാധാരണ നില പുനഃസ്ഥാപിക്കുന്നതിലും പൂർണ്ണമായും പരാജയപ്പെട്ടുവെന്ന് ബിജെപി ദേശീയ അദ്ധ്യക്ഷൻ ജെപി നദ്ദയ്ക്ക് അയച്ച ഔദ്യോഗിക കത്തിൽ എൻപിപി കുറ്റപ്പെടുത്തി.
എൻപിപി പിന്തുണ ഇല്ലെങ്കിലും മണിപ്പൂരിൽ ബിജെപി സർക്കാരിന് കോട്ടമൊന്നും തട്ടാൻ സാദ്ധ്യതയില്ല . 60 അംഗ നിയമസഭയിൽ ബിജെപിക്ക് നിലവിൽ 37 സീറ്റുകൾ സ്വന്തമായി ഉണ്ട്. 31 സീറ്റാണ് ഭൂരിപക്ഷത്തിനു വേണ്ടത്. ജനതാദൾ യുണൈറ്റഡിന്റെ 1 എംഎൽഎ, നാഗാ പീപ്പിൾസ് ഫ്രണ്ടിലെ (എൻപിഎഫ്) അഞ്ച് എംഎൽഎമാർ, മൂന്ന് സ്വതന്ത്ര എംഎൽഎമാർ എന്നിവരുടെ പിന്തുണ ഇപ്പോഴും ബിജെപിക്കുണ്ട്.