തൃശ്ശൂർ: ചാലക്കുടിയിലെ ബ്യൂട്ടിപാർലർ ഉടമയായിരുന്ന ഷീല സണ്ണിയ്ക്കെതിരായ വ്യാജ ലഹരി കേസ് അന്വേഷണം മകനിലേക്കും നീളുന്നു. സംഭവത്തിൽ ഷീലയുടെ മകൻ സംഗീതിന്റെ പങ്കും പോലീസ് അന്വേഷിക്കുന്നു. ചോദ്യം ചെയ്യാൻ എത്തണമെന്ന് രണ്ട് തവണ ആവശ്യപ്പെട്ടിട്ടും സംഗീത് ഹാജരായില്ല എന്നതു തന്നെ മകനിലേക്കുള്ള് അന്വേഷണം ഊർജ്ജിതമാക്കാനാണ് പോലീസ് തീരുമാനം.
ഷീലാ സണ്ണിയുടെ മരുമകളുടെ സഹോദരി ലിവിയയെ ഇന്നലെ അന്വേഷണ സംഘം പ്രതി ചേർത്തു. വ്യാജ എൽ എസ് ടി സ്റ്റാമ്പ് ഷീല സണ്ണിയുടെ സ്കൂട്ടറിൽ വെച്ചത് ലിവിയ ജോസ് ആണെന്ന് കഴിഞ്ഞ ദിവസം അറസ്റ്റിലായ നാരയണദാസ് വെളിപ്പെടുത്തിയതിൻ്റെ അടിസ്ഥാനത്തിലാണ് പ്രതിചേർത്തത്. എന്നാൽ വിദേശത്തേക്ക് കടന്നതിനാൽ
ലിവിയയെ ചോദ്യം ചെയ്യാൻ പോലീസിനായിട്ടില്ല. ലിവിയയെ തിരിച്ചെത്തിക്കാൻ പോലീസ് നീക്കം തുടങ്ങിയിട്ടുണ്ട്.
2023 ഫെബ്രുവരി 27നാണ് ലഹരിമരുന്ന് കൈവശം വച്ചതിന് ഷീലാ സണ്ണിയെ എക്സൈസ് സംഘം പിടികൂടിയത്. ഇന്റർനെറ്റ് കോളിലൂടെ ലഭിച്ച വിവരത്തിന്റെ അടിസ്ഥാനത്തിലായിരുന്നു അറസ്റ്റ്. എന്നാൽ, വ്യാജ എൽഎസ്ഡി സ്റ്റാംപുകളാണ് പിടികൂടിയതെന്ന് പിന്നീട് സ്ഥിരീകരിക്കപ്പെട്ടു. ചെയ്യാത്ത കുറ്റത്തിന്റെ പേരിൽ 72 ദിവസമാണ് ഷീലാ ജയിലിൽ കഴിഞ്ഞത്. സംഭവത്തിൽ, എക്സൈസിന് വ്യാജ വിവരം നൽകിയത് മരുമകളുടെ സഹോദരിയുടെ സുഹൃത്തായ തൃപ്പൂണിത്തുറ ഏരൂർ സ്വദേശി നാരായണദാസാണെന്നായിരുന്നു കണ്ടെത്തല്‍. എക്സൈസ് ക്രൈംബ്രാഞ്ച് നാരായണദാസിനെ കേസിൽ പ്രതി ചേർത്തിരുന്നു. അതിനിടെയാണ് കേസ് പോലീസിന് കൈമാറാനുള്ള ഹൈക്കോടതി നിര്‍ദ്ദേശം ഉണ്ടാകുന്നത്. കൊടുങ്ങല്ലൂര്‍ ഡിവൈഎസ്പി നേതൃത്വത്തിലുള്ള സംഘമാണ് ഇപ്പോൾ കേസ് അന്വേഷിക്കുന്നത്.