തിരുവനന്തപുരം : എഡിജിപി എം.ആര്‍. അജിത്കുമാറിനെതിരെ കേസെടുക്കാമെന്ന് സര്‍ക്കാരിന് ഡിജിപിയുടെ ശുപാര്‍ശ. എഡിജിപി പി. വിജയനെതിരെ വ്യാജമൊഴി നല്‍കിയെന്ന ആരോപണത്തിലാണ് നടപടി. വിജയന് സ്വര്‍ണക്കടത്തില്‍ പങ്കുണ്ടെന്നായിരുന്നു അജിത്കുമാറിന്റെ മൊഴി. എംആർ അജിത് കുമാർ തനിക്കെതിരെ ഉന്നയിച്ചത് അടിസ്ഥാനരഹിതമായ ആരോപണമാണെന്നും നിയമനടപടി വേണമെന്നും ആവശ്യപ്പെട്ട് പി. വിജയൻ നല്‍കിയ പരാതിയിലാണ് ഡിജിപിയുടെ ശുപാർശ
കരിപ്പൂരിലെ സ്വര്‍ണ്ണക്കടത്തില്‍ വിജയന് ബന്ധമുണ്ടെന്ന് മലപ്പുറം എസ്പിയായിരുന്ന സുജിത് ദാസ് പറഞ്ഞിരുന്നതായാണ് അജിത്കുമാര്‍ മൊഴി നല്‍കിയിരുന്നത്. എന്നാല്‍, ഈ മൊഴി അസത്യമാണെന്നും അതിനാല്‍ ഇക്കാര്യങ്ങളെക്കുറിച്ച് സമഗ്രാന്വേഷണം വേണമെന്നും ആവശ്യപ്പെട്ട് വിജയന്‍ പോലീസ് മേധാവിക്ക് കത്തുനല്‍കുകയായിരുന്നു. അദ്ദേഹം ഈ കത്ത് സര്‍ക്കാരിന് കൈമാറുകയും ചെയ്തു. മൊഴി സുജിത് ദാസ് നേരത്തേ നിഷേധിച്ചിരുന്നു.
തനിക്ക് ബന്ധമുള്ള തിരുവനന്തപുരത്തെ വ്യവസായി മുജീബുമായി വിജയനും ബന്ധമുണ്ടെന്ന് അജിത്കുമാർ മൊഴിയില്‍ വ്യക്തമാക്കിയിരുന്നു. കോവിഡ്കാലത്ത് വിജയന്‍ നേതൃത്വം നല്‍കിയ ഭക്ഷണവിതരണ പരിപാടിയില്‍ മുജീബും ബന്ധപ്പെട്ടിരുന്നു. മാമി തിരോധാനത്തില്‍ അന്വേഷണം ആവശ്യപ്പെട്ട ആഷിക്ക് എന്ന വ്യക്തിയുമായി മലപ്പുറത്തെ ‘നന്മ’ എന്ന സംഘടനവഴി വിജയനു ബന്ധമുണ്ടായിരുന്നെന്നും അജിത്കുമാറിന്റെ മൊഴിയിലുണ്ട്. തന്നെ കുറ്റവാളിയാക്കാനുള്ള ശ്രമമാണ് അജിത്കുമാര്‍ നല്‍കിയ മൊഴിയെന്നു കാട്ടിയാണ് വിജയന്‍ പരാതി നല്‍കിയത്.